2016, ജനുവരി 3, ഞായറാഴ്‌ച

പെരുമാൾ മലയിലെ ബോധിസത്വൻ



                സെൻ ധ്യാന രീതി പഠിക്കുവാൻ ആഗ്രഹിച്ചു കഴിയുമ്പോഴാണ് ഇന്ത്യയിലെ പ്രമുഖ സെൻ ഗുരുവായ അമ സാമിയെപ്പറ്റി കേൾക്കുന്നത്. അങ്ങനെയിരി ക്കുമ്പോൾ അദ്ദേഹത്തെ പറ്റി മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒരു ലേഖനം കാണാനിടയായി. ലേഖനം വായിച്ചു കഴിഞ്ഞതോടെ മനസിലെ ആഗ്രഹത്തിന് ചിറകുകൾ വെച്ചു. അങ്ങനെ തമിഴ് നാട്ടിലെ ഹിൽ സ്റ്റേഷൻ ആയ കൊടയ്ക്കനാലിലേക്ക് ഞാൻ യാത്രയായി . കൊടയ്ക്കനാലിനടുത്തു പെരുമാൾ മല എന്ന സുന്ദര ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ  ബോധി സെന്ദൊ എന്ന ആശ്രമം . എന്ടെ എല്ലാ പതിവ് യാത്രകളെയുംപോലെ പൊടുന്നനെ തീരുമാനിച്ച യാത്ര .

              വൈകുന്നേരം കൊല്ലത്ത് നിന്നും പുറപ്പെടുന്ന പുനലൂർ - മധുര പാസ്സെഞ്ചെർ ട്രെയിനിൽ ഞാൻ യാത്രയായി .തിരികെയും ഇതേ ട്രെയിനിൽ ഞാൻ ബർത്ത് ബുക്ക്‌ ചെയ്തിട്ടുണ്ട്. വൈകുന്നേരം ആറു മണിക്ക് ട്രെയിൻ കൊല്ലം സ്റ്റേഷൻ വിട്ടു . രാത്രി ഭക്ഷണം കഴിഞ്ഞു ഒരു ഉറക്കത്തിനു ശേഷം രാവിലെ അഞ്ചരയോടെ മധുര സ്റ്റേനിലെത്തി . സ്റ്റേഷനിൽ തന്നെ പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു ഒരു മണിക്കുരിനുള്ളിൽ തന്നെ ഞാൻ പുറത്തു കടന്നു.  ഇനി കൊടയ്ക്കനാലിനുള്ള ബസ്‌ എവിടെ നിന്ന് കിട്ടുമെന്ന് നോക്കണം . ഏകദേശം 120 കിലോമീറ്ററുണ്ട് മധുരയിൽ നിന്നും കൊടയ്ക്കനാലിലേക്ക് . കഴിഞ്ഞ വർഷം കുടുംബ സമേതം മധുരയിലും കൊടയ്ക്കനാലിലും വന്നിരുന്നു. അന്ന് മധുരയിൽ നിന്നും കുമാർ എന്ന ടൂർ ഗൈഡ് നൊപ്പം കാറിലായിരുന്നു യാത്ര. പക്ഷെ ഇപ്പോഴത്തെ യാത്ര വിനോദമല്ല , തികച്ചും ആത്മീയം .സെൻ ഗുരു അമ സാമിയും ബോധി സെന്ദൊയും ധ്യാനവും മാത്രമായിരുന്നു മനസ്സിൽ.   ഏതാനും മാസങ്ങൾക്ക് മുന്പ് പന്ത്രണ്ടു ദിവസം നീണ്ടു നിന്ന വിപസ്സന ധ്യാനത്തിൽ പങ്കെടുത്തിരുന്നു. അതിൽ നിന്ന് കിട്ടിയ ഊർജവും കരുത്തുമാണ് സെൻ ധ്യാന രീതി കൂടി പരീക്ഷിക്കുവാൻ പ്രേരണയായത് .ധ്യാന വഴികളിലേക്ക് എന്നെ പരിചയപ്പെടുത്തിയ ഏതാനും സുഹൃത്തുക്കലോടുള്ള കൃതഞ്ഞത ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ .

      മധുര റെയിൽവേ സ്റ്റേഷനിൽ നിന്നും നാലഞ്ചു കിലൊമീറ്റെർ മാറി ആറപാലയം ബസ്ടാണ്ടിൽ നിന്നുമാണ് കൊടയ്ക്കനാലിനുള്ള ബസ്‌ കിട്ടുന്നത് .ബസ്റ്റാന്റിലെത്തി ബസ്‌ തിരഞ്ഞു . തലേ ദിവസം പെയ്ത മഴയിൽ സ്റ്റെഷനും പരിസരവും ആകെ കുഴഞ്ഞു കിടന്നിരുന്നു .തമിഴ് നാട്ടിലെ പട്ടണങ്ങളിൽ മഴ പെയ്താലത്തെ അവസ്ഥ ഊഹിക്കാവുന്നതെയുള്ളു .നഗരം പൊടിയും മണ്ണും കൂടി കുഴഞ്ഞു ആകെ വൃത്തി ഹീനമാകും. അങ്ങനെ വല്ല വിധേനയും ഒരു ബസിൽ കയറിപ്പറ്റി .തമിഴ് വശമില്ലാത്തത് ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത് .കൊടയ്ക്കനാലിനുള്ള ടിക്കറ്റ്‌ ചോദിച്ച എനിക്ക് വത്തളഗുണ്ട് എന്ന സ്ഥലത്തേക്കുള്ള ടിക്കറ്റ്‌ ആണ് ലഭിച്ചത് .കൊടയ്ക്കനാലിനുള്ള ബസ് അവിടെ നിന്നും കിട്ടുമെന്ന് പറഞ്ഞു . രാവിലെ എട്ടരയോടെ വത്തലഗുണ്ടുവിൽ എത്തി. തലേ ദിവസത്തെ മഴ മൂലം ഇവിടെയും റോഡെല്ലാം വൃത്തിഹീനമായിരുന്നു. ദിണ്ടുഗൽ ജില്ലയിലെ ഒരു പഞ്ചായത്ത് ആണ് വത്തലഗുണ്ടു. ഒരു മലയോര പട്ടണം . ഇതൊരു കാര്ഷികൊൽപ്പന്നങ്ങളുടെ ഒരു വിപണി കൂടിയാണ്. ഇവിടെ നിന്നും കൊടയ്ക്കനാലിലേക്ക് അറുപതു കിലൊമീറ്റെർ ദൂരമുണ്ട്. പ്രഭാത ഭക്ഷണം ഇവിടെ നിന്നും കഴിച്ചു. വീണ്ടും കൊടയ്ക്കനാലിലേക്ക് അടുത്ത ബസിൽ യാത്ര ആരംഭിച്ചു.

                                          വത്തലഗുണ്ടു

          കൊടയ്ക്കനാലിനു മുൻപ് പത്തു കിലോമീറ്റെർ ഇപ്പുറത്താണ് എനിക്കിറങ്ങേണ്ട പെരുമാൾ മല . പെരുമാൾ മലയിൽ പളനി ജങ്ഷനിൽ ഇറങ്ങി . ഇവിടെ നിന്നും രണ്ടു കിലൊമീറ്റെർ മല കയറി വേണം ബോധി സെന്ദൊയിൽ എത്താൻ . സത്യത്തിൽ രണ്ടു കിലൊമീറ്റെർ നടക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ജെസ്യൂട്ട് സഭയുടെ സെൻറ് ജൊസഫ് അഗ്രി ഫാമിൽക്കൂടി ആണ് റോഡ്‌ . ആദ്യമായി വരുന്നവർ പെരുമാൾ മലയിൽ നിന്നും ഒരു ജീപ്പ് പിടിക്കുന്നതായിരിക്കും ഉത്തമം. ഓറഞ്ചും സബർജെല്ലിയും അവകാടോയും കാപ്പിയും കായ്ച്ചു നില്ക്കുന്ന തോട്ടത്തിലൂടെ ധാരാളം വളവുകൾ പിന്നിട്ടു മല കയറി എത്തിയാൽ ബോധി സെന്ദൊയായി. പ്രകൃതി രമണീയമായ സ്ഥലം. ഞാൻ എത്തുമ്പോഴേക്കും രാവിലെ പത്തു മണിയായി. മൂടൽ മഞ്ഞു പൂർണമായും മാറിയിട്ടില്ല. നല്ല സുഖമുള്ള കാലാവസ്ഥ. രണ്ടു ദിവസമായി തമിഴ് നാട്ടിൽ അവിടവിടെയായി പെയ്യുന്ന മഴ  കൊടയ്ക്കനാളിൽ നല്ല വിധം ലഭിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കോട മഞ്ഞ്‌ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും.നടന്നു നടന്നു ഞാൻ അങ്ങനെ ബോധി സെന്ദൊ ആശ്രമത്തിൽ എത്തി. ആശ്രമ ഗേറ്റ് കഴിഞ്ഞാൽ കല്ല്‌ വിരിച്ച പാതയാണ്. പ്രകൃതി രമണീയമായ സ്ഥലത്തിനു ചേർന്ന നിർമിതി തന്നെ. ഇവിടുത്തെ ഉദ്യാന വിളക്കുകൾ പോലും പ്രകൃതിക്കിനങ്ങും വിധം ജാപ്പനീസ് രീതിയിൽ  കല്ലിൽ നിർമിച്ചതാണ്.




         ആശ്രമ വാതിൽക്കൽ എത്തി. ആരെയും കാണുന്നില്ല. വാതിൽക്കൽ ഒരു മണി കണ്ടു. ചരടിൽ പിടിച്ചു മണി അടിച്ചപ്പോഴേക്കും അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു. ഇവിടുത്തെ ഓഫീസ് അസിസ്റ്റന്റ്‌ ആണ്. അവർ സ്നേഹപൂർവ്വം എന്നെ ആശ്രമത്തിലേക്കു സ്വാഗതം ചെയ്തു. എനിക്ക് മൂന്നു നാലു ദിവസം താമസിക്കുവാനുള്ള മുറി കാണിച്ചു തന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള മുറി. ആശ്രമത്തിന്റെ പ്രധാന കെട്ടിടത്തിൽ നിന്നും മാറിയാണ് എനിക്കുള്ള മുറി. പുറത്തു മഴ ഇപ്പോഴും ചാറുന്നുണ്ട്. ചൂടുവെള്ളത്തിൽ കുളിച്ചു യാത്രാക്ഷീണം മാറ്റി. ചെറുതായൊന്നു മയങ്ങി. എൻറെ റൂമിന് തൊട്ടടുത്ത്‌ തന്നെയാണ് ഫാദർ അമ താമസിക്കുന്നത്. ഇതുവരെയും അദ്ദേഹത്തെ നേരിട്ടു കണ്ടില്ല.


                                                        ഫാദർ അമ സാമി


        ഇനി ഫാദർ അമ സാമിയെപ്പറ്റി അല്പ്പം. അരുൾ മരിയ ആരോക്യ സാമി (Arul  Mariya  Arokia  Samy ) എന്നതാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. 1936 ൽ ബർമയിൽ ജനനം. മാതാപിതാക്കൾ പാവങ്ങളായിരുന്നു. ചെറുപ്പകാലത്തു തന്നെ ബർമീസ്ബുദ്ധിസവുമായും ബുദ്ധ സന്യാസിമാരുമായും ബന്ധം .രണ്ടാം ലോക യുദ്ധത്തിനു ശേഷം ഇന്ത്യയിലേക്ക്‌ മടങ്ങി വന്നു.ഇന്ത്യയിൽ മുത്തശ്ശനോടോപ്പമായിരുന്നു ബാല്യ കാലം.മുത്തശ്ശന്റെ മരണ ശേഷം തികഞ്ഞ അനാഥത്വം.സ്കൂൾ പഠനം കഴിഞ്ഞു ജെസ്യുറ്റ് സന്ന്യാസി സഭയിൽ ചേർന്നു. ഒരു കത്തൊലിക്കനായിരുന്നുവെങ്കിലും ബുദ്ധിസത്തോടും ഭാരതീയ ആത്മീയ ധാരയോടും അഭേദ്യമായ ബന് ധം പുലർത്തി. രമണ മഹർഷിയുടെയും സ്വാമി അഭിഷിക്ത്താനന്ദ യുടെയും ദർശനങ്ങളിൽ ആകൃഷ്ട്ടനായി. അങ്ങനെ ഒരു wandering saint ആയി ജീവിതം.പിന്നീടു സെൻ ബുദ്ധിസത്തോട് അടുപ്പം പുലർത്തി. ഫാ. ഹ്യുഗോ എനോമിയ ലാസ്സേൽ (Fr . Hugo Enomiya Lassalle *) ന്റെ സഹായത്തോടെ സെന്നിന്റെ നാടായ ജപ്പാനിലേക്ക്.അവിടെ സെൻ ഗുരുവായ യമദ കോ യുൻ ഷി (Yamada Ko Yun Shi ) യുടെ ശിക്ഷണത്തിൽ വർഷങ്ങൾ നീണ്ട ധ്യാന സപര്യ.1982 ൽ ഗുരു അദ്ദേഹത്തിനു സെൻ മുറകൾ പഠിപ്പിക്കുന്നതിനുള്ള അനുവാദം നല്കി. ഇപ്പോൾ യുറോപ്പിലും ഇന്ത്യയിലും ലോകത്തിന്റെ നാനാ വശങ്ങളിലുമുള്ള സെൻധ്യാനോപാസകരുടെ ആത്മീയ ഗുരുവായി പെരുമാൾ മലയിലെ ബോധി സെന്ദൊ ആശ്രമത്തിൽ കഴിയുന്നു.സെൻ പ്രചാ രണ ത്തിനായി അദ്ദേഹം സ്ഥാപിച്ചതാണ് ബോധി സംഘ .കൃസ്തീയ പുരോഹിതനായിരിക്കെ തന്നെ ബുദ്ധ മതത്തിന്റെയും ഹിന്ദു മതത്തിന്റെയും ദർശനങ്ങളിലൂടെ തൻറെശിഷ്യരിലേക്ക് യഥാർത്ഥ മനുഷ്യ സ്നേഹം പകർന്നു നല്കുന്നു .
* Father Hugo Enomiya-Lassalle was a German Jesuit priest and one of the foremost teachers to embrace both Roman Catholic Christianity and Zen Buddhism.
     
                                             ഫാ.അമ സാമിയോടൊപ്പം  

    ചെറുതായൊരു മയക്കം കഴിഞ്ഞ് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ഉച്ചയൂണിനായി ഞാൻ പ്രധാന കെട്ടിടത്തിലേക്ക് നടന്നു. അവിടെ പുഞ്ചിരിക്കുന്ന തേജസ്സുള്ള മുഖവുമായി ഒരാൾ പരിചയപ്പെടാനെത്തി. ഫാ.സിറിൾ മാത്യു .കന്യാകുമാരി ജില്ലക്കാരനാണ്.ഫാ.അമ സാമിയുടെ സഹായിയും ധ്യാനം നയിക്കുന്ന ആളുമാണ്.ആരെയും ആകർഷിക്കുന്ന സൌമ്യമായ വ്യക്ത്തിത്ത്വം. അദ്ദേഹത്തെ പരിചയപ്പെട്ടതോടെ ആശ്രമവുമായി ഒരു ചിര പരിചയമുണ്ടെന്ന തോന്നൽ. മനസ് വളരെ ലഘുവായി. വീട്ടില് നിന്നും മൂന്നു നാല് ദിവസം മാറി നിലക്കുന്നതിന്റെ വിഷമം മാറി.

                                         With Fr. Cyril Mathew and Binu


      ഉച്ച ഭക്ഷണത്തിനായി ചെന്നപ്പോഴാണ് ഫാ.അമയെ പരിചയപ്പെടുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഗുരു തുല്യമായ വ്യക്ത്തിത്ത്വത്തിൽ ആകർഷിക്കപ്പെട്ടുപൊയി.വീണ്ടും മുറിയിലെത്തി ഒന്ന് മയങ്ങി. പിന്നെ മൂന്നു മണിയോടെ ആശ്രമത്തിനു ചുറ്റുപാടും ഒന്ന് കറങ്ങി. ചുറ്റും പുഷ്പ ഫല തോട്ടവും പച്ചക്കറി കൃഷിയും. ഒരു ഭാഗത്ത് പൈൻ മരക്കടാണ്. താഴെ വനവും. ആശ്രമത്തിനു പിറകിലുള്ള ജാപ്പനീസ് പൂന്തോട്ടത്തിൽ നിന്നാൽ ദൂരെ പച്ച പിടിച്ച മല നിരകൾ കാണാം. പച്ചക്കറി തോട്ടത്തിൽ ആശ്രമത്തിലേക്കു വേണ്ട പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്യുന്നു.





         ആദ്യ ദിവസം വൈകുന്നേരം കുറച്ചു നേരം ധ്യാനമുണ്ടായിരുന്നു. ഫാ. അമ സാമിയും ധ്യാനത്തിൽ പങ്കെടുത്തു.അത് കഴിഞ്ഞു എട്ടരയോടെ മുറിയിലേക്ക് മടങ്ങി.പുറത്തു നല്ല മഞ്ഞുണ്ട്. വീട്ടിലേക്കു ഫോണ്‍ വിളിച്ചു വിവരങ്ങൾ പറഞ്ഞതിനു ശേഷം കട്ടിയുള്ള രജായി പുതപ്പിനുള്ളിലേക്ക് ഞാൻ ചുരുണ്ടു.

       രാവിലെ നേരത്തെ ഉണർന്നു . കോടമഞ്ഞ്‌ മൂടിയ പ്രകൃതിയെ നേരിട്ടു കാണുവാൻ പുറത്തിറങ്ങി. അടുത്ത വില്ലേജു വരെ നടന്നു. നല്ല കാഴ്ചകൾ. വഴികൾ വിജനമാണ് . കാട്ടുകൊഴിയെയും മലയാന്നാനെയും കാണാം. കുറച്ചു ഫോട്ടോയെടുത്തു. ക്യാമറ കരുതിയത്‌ നന്നായി. രണ്ടു മൂന്നു ദിവസമായി പെയ്യുന്ന മഴ കാരണം മലയിടുക്കിൽ നിന്നും ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം. അതി മനോഹരമായ കാഴ്ചകൾ തന്നെ. സത്യത്തിൽ മഴക്കാലത്ത് വേണം ഇത്തരം ഹിൽ സ്റെഷനുകൾ സന്ദർശിക്കാൻ. പ്രകൃതി ഒരുക്കുന്ന സുന്ദര ദൃശ്യങ്ങൾ പച്ചയായി കാണാം.ഒരു നടത്തത്തിനു ശേഷം മുറിയിൽ മടങ്ങിയെത്തി.ഇളം ചൂട് വെള്ളത്തിൽ നന്നായി കുളിച്ചു.

       വ്യാഴാഴ്ച ആയിരുന്നു. അന്ന് ഒഴിവു ദിവസമാണ്. ധ്യാന പരിപാടികൾ ഒന്നുമില്ല. അന്ന് രാവിലെ ആശ്രമത്തിൽ നിന്നും കൊടയ്ക്കനാലിനു ഒരു കാർ പോകുന്നുണ്ട്. ആവശ്യമുള്ളവർക്ക് കൊടയ്ക്കനാലിനു പോകാം. ഞാനും പോകാമെന്ന് തീരുമാനിച്ചു. ഞങ്ങൾ നാലഞ്ചു പേർ കൊടയ്ക്കനാലിനു പോയി. ഉച്ചയൂണിനു മടങ്ങിയെത്തി. പിന്നെ വിശ്രമം. വൈകുന്നേരം പുതിയ ധ്യാനകർക്ക് ധ്യാനത്തെ പറ്റി ഒരു ചെറു വിവരണം ഉണ്ടെന്ന് അറിയപ്പ് കിട്ടി. സ്വീഡൻ ൽ നിന്നുള്ള ശ്രീ. ജൊസെ (Mr. Rivarola Jose') ആണ് വിവരണം തന്നത്. സാസെനിൽ (Zasen ) ഇരിക്കണ്ട രീതിയും മറ്റും വിശദമായി പറഞ്ഞു തന്നു. (പിറ്റേന്ന് ഇക്കാര്യങ്ങളെല്ലാം തന്നെ ഫാ. സിറിൾ മാത്യു ഒന്നുകൂടി വിവരിച്ചു തന്നു)


                                         With Mr.Rivarola Jose'


        രാവിലെ അഞ്ചര മുതൽ ധ്യാനം ആരംഭിക്കും. ഇരുപത്തി അഞ്ചു മിനിറ്റു ദൈർഘ്യമുള്ള രണ്ടു സാസെൻ, അതിനിടയിൽ അഞ്ചു മിനിറ്റു ദൈർഘ്യമുള്ള കിൻ കിൻ . (സാസെൻ - ഇരിപ്പ് ധ്യാനം, കിൻ കിൻ(Kin-Kin) - നടപ്പ് ധ്യാനം ) ഇങ്ങനെ ഒരു ദിവസത്തിൽ ഇടവിട്ട്‌ മൂന്നോ നാലോ തവണ. ഇടയ്ക്ക് വിശ്രമ സമയവും ഭക്ഷണ സമയവും ഉണ്ട്.  . ഇങ്ങനെയുള്ള സാസെനിടയിൽ മാസ്റ്റെരുമായി ടോകുസാൻ (Dokusaan - Personal interview  with master ) സൂത്ര ചാന്റിംഗ് എന്നിവയും ഉണ്ട്. രാവിലത്തെ ധ്യാനം കഴിഞ്ഞാൽ ഓരോരുത്തർക്കും സാമു / സേവ (selfless service )ഉണ്ട്. എനിക്ക് അടുക്കളയിലെ പാത്രം കഴുകൽ സഹായിക്കുക ആയിരുന്നു പണി. തോട്ടത്തിലും മുറ്റത്തുമായി മറ്റുള്ളവർക്കും.ഇതായിരുന്നു ദിന ചര്യ . സെൻ ഒരു ധ്യാന രീതി മാത്രമല്ല ഒരു ജീവിത ചര്യ കൂടിയാണ്.

     ധ്യാന ഹാളിനുള്ളിൽ ഒരു കുരിശിനു താഴെ ബുദ്ധൻറെ പ്രതിമ. പാശ്ചാത്യ പൌരസ്ത്യ ആത്മീയ ദർശനങ്ങളെ ഇതിൽ കൂടുതൽ മനോഹരമായി എങ്ങനെ സംമേളിപ്പിക്കുവാനാകും ? മനസ്സിനെ എകാഗ്രപ്പെടുത്തി ധ്യാനിക്കാൻ പറ്റിയ ധ്യാന ഹാൾ.

    മൂന്നു ദിവസം പെട്ടെന്ന് കഴിഞ്ഞു പോയി. മൌന ദിവസങ്ങൾ കഴിഞ്ഞു. അവസാന ദിവസം പെട്ടെന്നൊന്നു എല്ലാവരുമായും പരിചയപ്പെട്ടു. ആശ്രമത്തിലെ ഓഫീസ് അസിസ്റ്റന്റ്‌ ശ്രീ. ശശികുമാർ , അദ്ദേഹത്തിൻറെ ഭാര്യ, സ്വാദിഷ്ടമായ വെജിറ്റരിയൻ ഫുഡ്‌ തയ്യാറാക്കി തന്ന ഷെഫ് , ആശ്രമത്തിലെ ഡ്രൈവർ പ്രകാശ്  എന്നിവരുടെ സേവനം വിസ്മരിക്കത്തക്കതല്ല. കൂടാതെ ആലപ്പുഴക്കാരൻ ശ്രീ. ബിനു, ബന്ഗലൂരുവിൽ നിന്നും വന്ന ശ്രീമതി അച്ചാമ്മ ആണ്ട്രൂസ്, തിരുവനന്തപുരത്തു നിന്നും വന്ന യോഗ മാസ്റ്റെർ ശ്രീ. ശിവൻ അദ്ദേഹത്തിൻറെ ഭാര്യ ശ്രീമതി കാരൻ, (ഇംഗ്ലണ്ട് കാരിയായ കാരൻ ഒരു സെൻ മാസ്റ്റർ കൂടിയാണ്)  ജപ്പാനിൽ നിന്നുള്ള  ശ്രീ. നയോകി യോദ (Naoki  Yoda )  യു.എസ് ൽ നിന്നുള്ള  ശ്രീമതി  നുബിയ (Smt .Nubia Rakhshani ) എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതാണ് . ആലപ്പുഴക്കാരൻ ശ്രീ. ബിനു (ജോണ്‍) ഒരു പ്രത്യേകതയുള്ള സുഹൃത്തായി തോന്നി. അദ്ദേഹം ആലപ്പുഴ ടൂറിസം റിസോർട്ട് നടത്തുന്നു. ഒരു ആത്മീയാന്വേഷകൻ. സൌമ്യൻ.


                                                           With Mr. Naoki Yoda


With Ms. Nubia




 പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞു മടക്ക യാത്ര . ഞാനും ബിനുവും ഒരുമിച്ച് വത്തലഗുണ്ട് വരെ . ആശ്രമ വാതിൽക്കൽ ഞങ്ങളെ യാത്രയാക്കാൻ ഫാ. സിറിൽ വന്നിരുന്നു. അദ്ദേഹത്തിൻറെ കരുനാർദ്രമായ യാത്രയയപ്പ് ഞങ്ങളെ ശരിക്കും വികാരഭരിതരാക്കി. നല്ല കുറെ ഓർമകളുമായി വൈകുന്നേരത്തെ ട്രെയിൻ പിടിക്കുവാൻ സ്റെഷനിൽ എത്തി. നാട്ടിൽ എത്തും വരെ പെരുമാൾമലയിലെ ഫാ. അമ സാമിയെന്ന  ബോധിസത്വനെയും ഇവിടേക്കുള്ള അടുത്തയാത്രയെ പറ്റിയുള്ള ചിന്തകളുമായിരുന്നു മനസ്സ് നിറയെ.