2016, മേയ് 12, വ്യാഴാഴ്‌ച

മൂന്നാർ, ചിന്നാർ, മറയൂർ യാത്ര

മൂന്നാർ, ചിന്നാർ, മറയൂർ യാത്ര

    പുലർച്ചെ നാല് മണിയോടെ ട്രെയിനിൽ ആലുവ സ്റ്റെഷനിൽ വന്നിറങ്ങുമ്പോൾ ഞങ്ങളെ കാത്ത് അരവിന്ദും രമേശും അവിടെയുണ്ടായിരുന്നു. ഇനിയുള്ള രണ്ടു ദിവസത്തെ കാനന യാത്രയിൽ അവരും ഞങ്ങളോടോപ്പമുണ്ട്. രണ്ടു പേരെയും എനിക്ക് മുൻപരിചയമില്ലെങ്കിലും അടുത്ത് കണ്ടപ്പോൾ തീർത്തും അപരിചിതത്വം തോന്നിയില്ല. പ്രഭാത കർമങ്ങൾ സ്റെഷനിലെ പരിമിത സൌകര്യത്തിൽ നിർവഹിച്ച് ഓരോ കട്ടൻ ചായ കഴിച്ച ശേഷം ബസ് സ്ടാണ്ടിലേക്ക് നടന്നു. കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ അഞ്ചു പേരാണ് മൂന്നാർ സന്ദർശിക്കാനെത്തിയത്. എന്നോടൊപ്പം ജോസ് സർ, മനോജ്‌ എന്നിവരാണ് തിരുവനന്തപുരത്ത് നിന്നുമെത്തിയത്. 

       നവംബർ മാസമായിരുന്നതിനാൽ പ്രഭാതത്തിന് തണുപ്പ് കൂടുതലായിരുന്നു. ഞങ്ങൾ മൂന്നാർ ബസിൽ യാത്ര ആരംഭിച്ചു. ബസ് നീങ്ങുന്നതിനോപ്പം തണുപ്പ് അധികരിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന ഷാൾ കൊണ്ട് നന്നായി പുതച്ചു. ചെറുതായി ഒന്ന് മയങ്ങി. നല്ല സുഖമുള്ള ഒരു പ്രഭാതം. ബസ് കുറച്ചു സമയത്തെ യാത്രക്ക് ശേഷം അടിമാലിയിൽ എത്തി. ചായ കുടിക്കുവാനായി അല്പ്പസമയം നിർത്തി. ഹൈറേഞ്ചു കയറാൻ തുടങ്ങുകയാണ്. തണുപ്പും കൂടി വരുന്നുണ്ട്. തണുപ്പ് മാറ്റുവാൻ ഞങ്ങളും ഓരോ ചൂട് ചായക്ക്‌ ഓർഡർ ചെയ്തു. വീണ്ടും മലമടക്കിലൂടെ കോടമഞ്ഞിനെ കീറിമുറിച്ച് മൂന്നാർ ലക്ഷ്യമാക്കി ബസ് പാഞ്ഞു. ആലുവയിൽ നിന്നും മൂന്നാറിലേക്ക് നൂറ്റി പതിനഞ്ച് കിലൊമീറ്റെർ ദൂരമുണ്ട്. മൂന്ന് ആറുകളുടെ (പുഴകളുടെ) സ്ഥലമായതിനാലാണ് മൂന്നാർ എന്ന പേര് വന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയാണ് ആ പുഴകൾ. ബ്രിട്ടീഷ്‌  ഭരണ കാലത്ത് തേയില കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യ കാലത്ത് തമിഴ് നാട്ടുകാരും ചുരുക്കം മലയാളികളുമാണ് അവിടെ താമസിച്ചിരുന്നത്. ബ്രിട്ടീഷ്‌ കാരായ ഉദ്യോഗസ്ഥന്മാർക്ക് വേണ്ടി പണി കഴിപ്പിച്ച പല ബംഗ്ലാവുകളും ഇപ്പോഴുമവിടെയുണ്ട്.

 ഒൻപത് മണിയോടെ ഞങ്ങൾ മൂന്നാറിലെത്തി. അവിടെ ഫോറെസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിലായിരുന്നു പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്.   ഫോറെസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒരു കുന്നിന്റെ മുകളിലാണ്. അവിടെ നിന്നും താഴേക്കു നോക്കിയാൽ മൂന്നാർ ടൌണിന്റെ ഒരു ഭാഗം കാണാം. നല്ല മൂടൽമഞ്ഞ് പ്രഭാത സൌന്ദര്യത്തിനു മാറ്റ് കൂട്ടിയിരുന്നു. അതിനിടയിലൂടെ സൂര്യ കിരണങ്ങൾ സ്വർണ രശ്മികളായി ചിതറുന്ന കാഴ്ച അവർണനീയമാണ്.തലേന്ന് രാത്രി മഞ്ഞു പെയ്തതിന്റെ ബാക്കി പത്രമായി ചെടികളും  പൂക്കളും ഹിമകണങ്ങൾ കൊണ്ട് പൊതിഞ്ഞിരുന്നു. ഗസ്റ്റ് ഹൌസിൽ കുളിക്കാൻ ചൂടുവെള്ളവും കുളിരകറ്റാൻ ഫയർ പ്ലയ്സുമുണ്ട്. തണുപ്പ് കൂടിയ ഹിൽസ്ടഷനുകളിൽ വീടുകളിൽ പഴയ കാലത്ത് തണുപ്പ് അകറ്റുവാനായി വിറകു കൂട്ടി കത്തിക്കുവാനായി ഫയർ പ്ലയ്സുകൾ ഒരുക്കിയിരിക്കും. ചൂട് വെള്ളത്തിൽ ഒരു കുളി പാസാക്കി. യാത്രാ ക്ഷീണമെല്ലാം പമ്പ കടന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഇരവികുളം നാഷണൽ പാർക്ക് കാണുവാനായി യാത്രയായി.


      മുന്നാർ ടൌണിൽ നിന്നും ഏകദേശം ഒൻപത് കിലൊമീറ്റെർ ദൂരമുണ്ട് ഇരവികുളം നാഷണൽ പാർക്കിലേക്ക്. വരയാടുകളുടെ (Nilgiri Tahr ) ഒരു സംരക്ഷണ കേന്ദ്രമാണ് ഇരവികുളം നാഷണൽ പാർക്ക്. സ്വകാര്യ വാഹനങ്ങൾക്ക് ഇങ്ങോട്ടേക്കു പ്രവേശനാനുമതിയില്ല . വനം വകുപ്പിൻറെ വാഹനത്തിൽ സഞ്ചാരികളെ ഇവിടേയ്ക്ക് കൊണ്ടുവരും. 1975 ൽ ആണ് പാർക്ക് സ്ഥാപിതമായത്. പിന്നീട് 1978 ൽ ഇത് ഒരു നാഷണൽ പാർക്ക് ആയി ഉയർത്തുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്കാണിത്. ഇരവികുളം നാഷണൽ പാർക്കിനടുത്തു തന്നെയാണ് കുറിഞ്ഞിമല സാഞ്ചുരി. ഇത് യുനെസ്കോ യുടെ വേൾഡ് ഹെരിറ്റെജ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീല കുറിഞ്ഞിയുടെ  സംരക്ഷണ കേന്ദ്രമാണിത്.



 കണ്ണൻ ദേവൻ ഹിൽസിൽ ആണ് മൂന്നാർ. തേയില തോട്ടങ്ങളുടെ നാട്. നിരയായ കുന്നിൻ മുകളിലുള്ള പച്ച പട്ടു വിരിച്ച മാതിരിയുള്ള തേയില തോട്ടങ്ങൾ കാണാൻ നല്ല ഭംഗി തന്നെ. പക്ഷെ അതിനായി എത്രയോ ഏക്കർ വന ഭൂമി നശിപ്പിച്ചു കാണണം. പിന്നെ കണ്ട ദുഖകരമായ കാഴ്ച ഈ തോട്ടങ്ങളിലെ കീടനാശിനി പ്രയോഗമാണ്. മോട്ടോർ ഘടിപ്പിച്ച സ്പ്രയർ ഉപയോഗിച്ചാണ് വിഷപ്രയോഗം. ഈ ചായ ആണെല്ലോ നമ്മൾ ദിവസവും രാവിലെ കുടിക്കുന്നത് എന്നോർത്തുപോയി.
 മാട്ടുപ്പെട്ടി  ഇൻഡോ സ്വിസ്സ് ലൈവ് സ്റ്റൊക് ഫാം




         ഇരവികുളം പാർക്ക് സന്ദർശിച്ചശേഷം ഞങ്ങൾ കുണ്ടള ഡാം, ടോപ്‌ സ്റ്റേഷൻ എന്നിവയും സന്ദർശിച്ചു. മാട്ടുപ്പെട്ടിയിൽ ഒരു ഇൻഡോ സ്വിസ്സ് ലൈവ് സ്റ്റൊക് ഫാം ഉണ്ട്. ഫാം സന്ദർശിക്കാൻ മൃഗ സംരക്ഷണ വകുപ്പിൽ നിന്നുമുള്ള മുൻ‌കൂർ അനുവാദം ആവശ്യമാണ്. ഞങ്ങൾ ഫാം വിശദമായി കണ്ടു.


മറയൂർ ശർക്കര നിർമ്മാണം

          പിന്നീട് ഞങ്ങൾ മറയൂർ ചന്ദനക്കാട് കാണുവാൻ യാത്രയായി. ലോക പ്രസിദ്ധമാണ് മറയൂർ ചന്ദനം. ചന്ദന മോഷണം പതിവാണെങ്കിലും കുറെയെങ്കിലും മരങ്ങൾ വനം വകുപ്പ് സംരക്ഷിച്ചു വരുന്നുണ്ട്. മറയൂർ ശർക്കര ഉണ്ടാക്കുന്ന പല സ്ഥലങ്ങളും കണ്ടു. നാട്ടിലേക്ക് കൊണ്ടുപോകാനായി കുറച്ചു വാങ്ങുകയും ചെയ്തു. ഈ യാത്രയിൽ മൂന്നാറിലെ തനതായ പഴ വർഗങ്ങളും പച്ചക്കറികളും വഴിയോരങ്ങളിൽ വില്പ്പനക്കായി പല സ്ഥലങ്ങളിലും വച്ചിരിക്കുന്നത് കാണാം. ഒരുതരം പാഷൻ ഫ്രൂട്ട് ഞങ്ങൾ വാങ്ങി. നല്ല മധുരം. നാട്ടിലുള്ളതുപോലെ പുളി അധികമില്ല. കുറച്ചു വാങ്ങി. നാട്ടിലെത്തി അതിന്റെ വിത്ത്‌ പാകി. പക്ഷെ ഒരെണ്ണം പോലും മുളച്ചില്ല. മൂന്നാറിലെ കാലാവസ്ഥ നമുക്ക് ഇവിടെ കൊണ്ടുവരാൻ പറ്റില്ലെല്ലോ.
     
           ഇനി ചിന്നാർ വന്യജീവി സങ്കേതം കാണണം. പശ്ചിമ ഘട്ടത്തിന്റെ തമിഴ് നാടിനോട് ചേർന്ന ഭാഗത്താണ് ചിന്നാർ വന്യജീവി സങ്കേതം. ധാരാളം സസ്യ, ജീവികളാൽ സമ്പന്നമാണ് ഇവിടം. അപൂർവമായി കാണപ്പെടുന്ന ചാമ്പൽ മലയണ്ണാൻ, കാട്ടുപോത്ത്, ആന, പുള്ളിപ്പുലിയോടും വലിയ പൂച്ചയോടും സാദൃശ്യമുള്ള  പട്ടിപ്പുലി എന്നിവയും ധാരാളമായി ഇവിടെയുണ്ട്.   ചിന്നാർ വന്യജീവി സന്കേതത്തിനുള്ളിലൂടെ തമിഴ് നാട്ടിലെ  ഉദുമല്പെട്ടിലെക്കു റോഡു പോകുന്നുണ്ട്. ഇതുവഴി കുറച്ചുനാൾ മുൻപ് പഴനിയിലേക്ക് യാത്ര പോയ അനുഭവം എന്റെ അനിയൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ വന്യമൃഗങ്ങളെ കാണാം.

      രാത്രി താമസിക്കുവാനായി ഞങ്ങൾ തെരഞ്ഞെടുത്തത് ചിന്നാർ കാട്ടിനുള്ളിൽ വനം വകുപ്പിന്റെ വശ്യപ്പാറ ഹട്ട്  ആണ്. വനം വകുപ്പിന്റെ ചിന്നാർ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നിന്നും പാമ്പാർ പുഴ മുറിച്ചു കടന്നു ചമ്പക്കര  ട്രൈബൽ വില്ലേജ് വഴി  കാട്ടിലൂടെ ഏകദേശം  ആറ് കിലൊമീറ്റെർ വനത്തിലൂടെ നടന്നു വേണം വശ്യപ്പാറ ഹട്ടിലെത്താൻ.  മുതുവാൻ വിഭാഗത്തിൽ പെട്ട ആദിവാസികളാണ് ഇവിടെയുള്ളത്. ഇവിടെ നിന്നുമുള്ള രണ്ടു ഫോറെസ്റ്റ് വാച്ചർമാരാണ് ഇന്ന് രാത്രി ഞങ്ങൾക്കൊപ്പം ഹട്ടിൽ കൂട്ടിനുള്ളത്. അവർ ഞങ്ങൾക്ക് രാത്രി ഭക്ഷണം പാകം ചെയ്യുവാനുള്ള സാമഗ്രികളും വെള്ളവും മറ്റുമായി മുൻപേ നടന്നു. ഈ യാത്രയിൽ ധാരാളം പക്ഷികളെ കണ്ടു. കൂടെയുള്ള ജോസ് സർ അവയുടെ ഫോട്ടോയെടുക്കുന്നതിൽ അതീവ താല്പര്യം കാണിക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെ കയറ്റവും ഇറക്കവുമായി കുറെ നടന്നതിനു ശേഷം ഞങ്ങൾ വൈകുന്നേരം നാലരയോടെ വശ്യപ്പാറ ഹട്ടിലെത്തി. ചിന്നാർ കാടിനുള്ളിലൂടെയുള്ള ഈ യാത്രയിൽ അത്യാവശ്യമായും കുടിവെള്ളം കരുതേണ്ടതാണ്. അതുപോലെതന്നെ അത്യാവശ്യ ലഗേജെ ഉണ്ടാകാവു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഒരു ദിവസം രാത്രി മുഴുവൻ വന്യ മൃഗങ്ങൾ ഉള്ള  കാട്ടിൽ  താമസിക്കുന്നതിന്റെ ത്രില്ലിൽ യാത്ര വലിയ മടുപ്പുണ്ടാക്കിയില്ല. ഹട്ടിനു ചുറ്റും കിടങ്ങ് കുഴിച്ചും സോളാർ വേലി സ്ഥാപിച്ചും സുരക്ഷിതമാക്കിയിട്ടുണ്ട്.

വശ്യപ്പാറ ഹട്ടിലേക്കുള്ള വഴി 






                                                               വശ്യപ്പാറ ഹട്ട്




         ഒരു ഉയർന്ന ഭാഗത്താണ് ഹട്ട്. ഇവിടെ നിന്നും താഴേക്കു നോക്കിയാൽ വനത്തിന്റെ ഒരു വിഹഗ വീക്ഷണം കിട്ടും. ഹട്ടിന്റെ മുൻവശം  തമിഴ്നാട് ദർശനമായിട്ടും ബാക്കി മൂന്നു ഭാഗവും കേരളവുമാണ്. ഹട്ടിന്റെ മുൻവശം ഏകദേശം നൂറടി താഴ്ചയാണ്. ഈ ഭാഗമാണ് ചിന്നാർ വന്യ ജീവി സങ്കേതത്തിന്റെ കോർ ഏരിയ എന്ന് പറയാം. . വന്യ മൃഗങ്ങളെ ധാരാളമായി കാണുവാൻ സാധിക്കുന്നതും ഈ ഭാഗത്താണ്. അത്ര ഇടതൂർന്ന വനമല്ലാത്തതിനാൽ വന്യ മൃഗങ്ങളുണ്ടെങ്കിൽ വളരെ പെട്ടെന്ന് കാണുവാൻ കഴിയും. ആനക്കൂട്ടങ്ങളെയും കാട്ടുപോത്തിനെയും ധാരാളമായി കണ്ടു. കൂട്ടത്തിൽ ഒറ്റയാനായ ഒരു കാട്ടുപോത്തിനെയും കണ്ടു. കയ്യിൽ കരുതിയിരുന്ന ബൈനോക്കുലർ ദൂരെയുള്ളവയെ വ്യക്തമായി കാണുവാൻ സഹായിച്ചു. പറമ്പിക്കുളം പോലെ തന്നെ സഞ്ചാരികൾക്ക് വന്യ മൃഗങ്ങളെ കൂടുതലായി കാണുവാൻ കഴിയുന്ന സ്ഥലമാണ് ചിന്നാർ. ഞങ്ങൾ ഹട്ടിനു പുറകിലൂടെ മുകളിലേക്ക് നടന്നു. കൂടെ വാചർമാരും. വന്യ മൃഗങ്ങളുടെ സാമിപ്യം വളരെ പെട്ടെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ ദിവസങ്ങളിലെന്നോ ഇവിടെ വച്ച് ഒരു ആനയുടെ ഫോട്ടോ എടുക്കുന്നതിനിടയിൽ ഒരു സായിപ്പിനെ ആന ഓടിച്ചു കിടങ്ങിലിട്ട കഥ അവർ പറഞ്ഞു. കേട്ടപ്പോൾ ചെറിയ ഒരു നടുക്കമുണ്ടായി. ചൂട് മാറാത്ത ആന പിണ്ഡം വഴികളിൽ കണ്ടു. ഞങ്ങൾ വഴി മാറി നടന്നു. കായ്ച്ചു നില്ക്കുന്ന നെല്ലി മരങ്ങൾ ധാരാളമായി കണ്ടു. കുറെയധികം നെല്ലിക്ക പെറുക്കി. കുറച്ചു സമയത്തെ നടത്തത്തിനു ശേഷം ഞങ്ങൾ ഹട്ടിൽ തിരികെയെത്തി. കൂടെയുള്ള വാചർമാർ ഭക്ഷണം പാകം ചെയ്യുവാനും മറ്റുമായി തൊട്ടടുത്തുള്ള വാച്ചർ ഹട്ടിലേക്ക് പോയി. സമയം ആറ് മണിയായി. താഴത്തെ വന കാഴ്ചകൾ മങ്ങി തുടങ്ങി. മൃഗങ്ങളുടെ ഗർജനങ്ങൽ അവിടവിടെയായി കേൾക്കാം. ജീവിതത്തിൽ ഇത്തരം ഒരനുഭവം ഒരിക്കലുമുണ്ടായിട്ടില്ല. കാട്ടിൽ വന്യ മൃഗങ്ങൾക്ക് നടുവിൽ ഒരു രാത്രി. പക്ഷികൾ കൂടണയാനായി ഒച്ച വെച്ച് പറന്നു പോകുന്നു. അവിടവിടെയായി ചേക്കേറിയിരിക്കുന്ന പക്ഷികൾ വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പട്ടണ വാസികളായ നമുക്ക് അന്യമായ കാടിന്റെ ശുദ്ധമായ സംഗീതം. ഇത് അനുഭവിച്ചു തന്നെ അറിയണം. കൂടെയുള്ള വാചർമാർ കാട്ടു കമ്പുകളും മറ്റും പെറുക്കി തീ കൂട്ടാനരംഭിച്ചു. മനോജും ഞാനും അവരോടൊപ്പം കൂടി. ഇങ്ങനെ തീ കൂട്ടുന്നത്‌ കൊണ്ട് ഒരു ഗുണമുണ്ട്. വന്യ മൃഗങ്ങൾ അകന്നു നില്ക്കും. തീയ്ക്കു ചുറ്റുമായി കൂടിയിരുന്ന് ഞങ്ങൾ ഓരോ കപ്പ്‌ ചായ കുടിച്ചുകൊണ്ട് യാത്രാവിശേഷങ്ങൾ പങ്കു വെച്ചു.


മൂന്നാർ , ഞാൻ വാട്ടർ കളറിൽ വരച്ചത്



                                       വശ്യപ്പാറ, ഞാൻ വാട്ടർ കളറിൽ വരച്ചത്

             എട്ടു മണിയോടെ ഞങ്ങൾക്കുള്ള ഭക്ഷണം റെഡിയായി. ഭക്ഷണം കഴിക്കുവാനായി വാച്ചർമാരും ഞങ്ങളോടൊപ്പം കൂടി. കാടിനു നടുവിൽ തീയ്ക്കു ചുറ്റുമായി കൂടിയിരുന്ന് ഒരത്താഴം. വളരെ രസകരമായ ഒരനുഭവം. അത്താഴവും വെടിപറച്ചിലും  കഴിഞ്ഞ് രാത്രി പത്തു മണിയോടെ ഞങ്ങൾ കിടക്കുവാൻ ഹട്ടിലേക്ക് കയറി. ഹട്ടിന് രണ്ടു മുറികളുണ്ട്. രണ്ടിലും മുളകളിലും തടിയിലുമായി ഉറപ്പിച്ചു നിർത്തിയ കട്ടിൽ പോലെയുള്ള സംവിധാനത്തിൽ കട്ടിയുള്ള മെത്ത വിരിച്ച് കിടക്കുവാൻ തയ്യാറാക്കിയിട്ടുണ്ട്. ഒരു കട്ടിലിൽ രണ്ടു പേർക്ക് സുഖമായി ഉറങ്ങാം. യാത്രാ ക്ഷീണത്താൽ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വീണു. രാത്രിയുടെ നിശബ്ദതയെ ഭംജിച്ചുകൊണ്ട് അപ്പോഴും വന്യമൃഗങ്ങളുടെ മുരൾച്ചയും ചീവീടിന്റെ ശബ്ദവും രാക്കിളികളുടെ സംഗീതവും കേൾക്കാമായിരുന്നു. രാത്രിയിലെപ്പോഴോ ഉണർന്നു. വാച്ചിലേക്ക് നോക്കി. സമയം മൂന്നു മണി. നേരം പുലരാൻ ഇനിയും സമയമുണ്ട്. നല്ല തണുപ്പുണ്ട്. വീണ്ടും മൂടി പുതച്ചു കിടന്നു. പുലർച്ചെ അഞ്ചു മണിക്കു തന്നെ ഉണർന്നു. പുറത്തു നേരിയ നിലാവെളിച്ചമുണ്ട്. അഞ്ചരയോടെ പുറത്തു ചൂരൽ കസേരയിൽ വന്നിരുപ്പായി. അവിടവിടെ ഇരുട്ടിൽ രത്നക്കല്ലുകൾ തിളങ്ങുന്നതുപോലെ കണ്ടു. ഹട്ടിനു ചുറ്റും രാത്രിയിൽ പട്ടിപ്പുലികളെ കണ്ടിട്ടുണ്ടെന്ന് തലേന്ന് വാച്ചർ ബാബു പറഞ്ഞത് ഓർമ വന്നു. പെട്ടെന്നു തന്നെ അകത്തേക്ക് പോയി.

                                     വശ്യപ്പാറ ഹട്ടിൽ നിന്നുള്ള പ്രഭാത കാഴ്ച


                                     



   രാവിലെ ആറു മണി ആയപ്പോഴേക്കും ശരിക്കും പുലർവെട്ടം വീണു കഴിഞ്ഞു. ഹട്ട് നില്ക്കുന്നത് കിഴക്ക് അഭിമുഖമായിട്ടാണ്. ദൂരെ പ്രഭാത സൂര്യൻ മൂടൽ മഞ്ഞിനിടയിലൂടെ സ്വർണ്ണ രശ്മികൾ വിതറിത്തുടങ്ങി. കാടിനുള്ളിലെ പുലർകാഴ്ചകൾ അതിമനോഹരം തന്നെ. ഹട്ടിനോട് ചേർന്ന് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനും കുളിക്കുവാനും മറ്റുമായി ഒരു ബാത്ത്റൂം നിർമ്മിച്ചിട്ടുണ്ട്. ഞാനും മനോജും ചുറ്റുപാടും ഒന്ന് നടന്നു കാണാമെന്നു കരുതി ഇറങ്ങി. തലേന്ന് രാത്രിയിലെപ്പോഴോ ചാറ്റൽ മഴ പെയ്തിട്ടുണ്ട്. പെട്ടെന്നു താഴെ മണ്ണിൽ പതിഞ്ഞ ചില കാൽപ്പാടുകൾ ശ്രദ്ധിച്ചു. പുലിയുടെതെന്നു തോന്നിക്കുന്ന കാൽപ്പാടുകൾ. അവ പുലിയുടെ കാൽപ്പാടുകൾ തന്നെയാണെന്ന് വാച്ചർ ബാബു പറഞ്ഞു. ദൈവമേ ! ഇന്നലെ രാത്രി ഇവർ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നല്ലോ എന്ന കാര്യം ഓർത്തപ്പോൾ നടുക്കം തോന്നി. രാവിലെ എട്ടു മണിയായപ്പോഴേക്കും ഞങ്ങൾ മടക്ക യാത്രക്ക് തയ്യാറായി. വീണ്ടും കയറ്റങ്ങളും ഇറക്കങ്ങളും നടന്നു പുഴയോരത്തെത്തി. പാമ്പാർ പുഴയാണ്. കണ്ണാടി പോലെ തെളിഞ്ഞ വെള്ളം. പുഴ നിറയെ ഉരുളൻ പാറകൾ. പുഴയോരത്തായി കാട്ടുമരങ്ങൾ പൂത്തു നില്ക്കുന്ന കാഴ്ച മനോഹരം തന്നെ. ഒൻപതരയോടെ ഞങ്ങൾ യാത്ര പുറപ്പെട്ട ഫോറെസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എത്തി. അവിടെ വച്ച് ഞങ്ങളോടോപ്പമുണ്ടായിരുന്ന വാച്ചർമാർ വിട പറഞ്ഞു. നല്ല ആഥിധേയർ. എല്ലാവരും കുളിച്ചു റെഡിയായി മൂന്നാറിലേക്ക് യാത്രയായി. മൂന്നാറിലെത്തി ഉച്ചഭക്ഷണവും കഴിഞ്ഞു നാട്ടിലേക്കുള്ള സൂപ്പർഫാസ്റ്റ് പിടിച്ചു. രാത്രി വൈകി വീട്ടിലെത്തി. ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി ഉറങ്ങാൻ കിടന്നു.