തിരുപ്പതിയിലേക്കുള്ള എൻറെ രണ്ടാമത്തെ യാത്രയാണിത്. ആദ്യ തവണ ഞാനും അനിയനും പിന്നെ ഞങ്ങളുടെ സുഹൃത്ത് വയനാട്ടിൽ നിന്നുള്ള സിബിലുമൊരുമിച്ചായിരുന്നു. ഇപ്പോഴത്തെ യാത്രക്ക് ഒരു പ്രത്യേകതയുള്ളത് ഇത്തവണ തല മുണ്ഡനം ചെയ്യുക എന്നുള്ള ഉറച്ച തീരുമാനമാണ്. കഴിഞ്ഞ തവണ ചെയ്യാൻ ബാക്കി വച്ചത്. അങ്ങനെ ഞങ്ങൾ മൂന്നു പേർ, ഞാൻ എൻറെ പ്രിയ സുഹൃത്ത് വർമയെന്ന നരേന്ദ്രവർമ്മ പിന്നെ നന്ദൻ. രാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ശബരി എക്സ്പ്രെസ്സിൽ ഞങ്ങൾ മൂവരും യാത്രയാരംഭിച്ചു. മുൻകൂട്ടി റിസേർവ് ചെയ്തിരുന്നതിനാൽ യാത്ര ബുദ്ധിമുട്ടുണ്ടാക്കിയില്ല. രാത്രി ഏകദേശം 12.30 ഓടെ ഞങ്ങൾ തിരുപ്പതിയിലെത്തി. തിരുപ്പതിയിൽ നിന്നും ശ്രീ വെങ്കടാചലപതിയുടെ സന്നിധിയിലേക്ക് ഇരുപത്തിനാലു കിലൊമീറ്റെർ ദൂരമുണ്ട്. ഏഴു മലകളുടെ അധിപനാണ് ശ്രീ ബാലാജി. ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, ആന്ജനാദ്രി, വൃഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിവയാണ് ആ ഏഴു മലകൾ. ഈ ഏഴു മലകൾ ഭഗവാൻ ആദി ശേഷന്റെ ഏഴു തലകൾ ആണെന്നു സങ്കല്പം. അതിനാൽ തിരുമലക്ക് ശേഷാചലം എന്നും പേരുണ്ട്. തിരുപ്പതിയിൽ എത്തിയപ്പോൾ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ഇത്തവണ വാഹന സൗകര്യം ഉപയോഗിക്കാതെ കാൽ നടയായി തിരുമലയിൽ എത്തുക. ആദ്യമൊന്നു ശങ്കിച്ചെങ്കിലും നടക്കുവാൻ തന്നെ തീരുമാനിച്ചു. തിരുപ്പതിയിൽ നിന്നും തിരുമലയിലെത്താൻ വാഹന സൗകര്യം ധാരാളമുണ്ട്. റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ കൂടാതെ തിരുപ്പതി ദേവസ്വം വക ഫ്രീ ബസ് സർവീസുമുണ്ട്. ശബരിമലക്ക് പോകുവാൻ നമ്മുടെ ആന കോർപറേഷൻ അമിത കൂലിയാണ് ഈടാക്കുന്നതെന്ന് കൂടി ഇവിടെ കുറിക്കട്ടെ.
തിരുമലക്ക് നടന്നു കയറാൻ രണ്ടു വഴികളുണ്ട്. ഒന്ന് ആലിപിരിയിൽ നിന്നും തുടങ്ങുന്നത്. ഇത് പതിനൊന്നു കിലോമീറ്റെർ ദൂരമുണ്ട്. ശ്രീവാരി മെട്ടു എന്നറിയപ്പെടുന്ന മറ്റേ വഴി ശ്രീനിവാസ മങ്ങപുരം എന്ന സ്ഥലത്ത് നിന്നുമാണ് തുടങ്ങുന്നത്. ഇത് ആറു കിലോമീറ്റർ ദൂരമുണ്ട്. തിരുപ്പതി റെയിൽവേ സ്റ്റെഷനിൽ നിന്നും നാല് കിലൊമീറ്റെർ ദൂരം യാത്ര ചെയ്‌താൽ ആലിപിരി എന്ന സ്ഥലത്തെത്താം. ഞങ്ങൾ ആലിപിരിയിൽ നിന്നും നടക്കാമെന്ന് തീരുമാനിച്ചു. തീർഥാടകരുടെ ലഗേജുകൾ സൂക്ഷിക്കാൻ ഇവിടെ ദേവസ്വം വക സൌകര്യമുണ്ട്. (ഇവിടെ സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന ലഗേജുകൾ രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ തന്നെ തിരുമലയിൽ എത്തുന്നതാണ്. അവിടെ നിന്നും ടിക്കറ്റ് കാണിച്ചു അവ നമുക്ക് വാങ്ങാവുന്നതാണ്). ഏകദേശം പതിനൊന്നു കിലൊമീറ്റെർ ദൂരമുണ്ട് ആലിപിരിയിൽ നിന്നും തിരുമല വരെ നടന്നു കയറുവാൻ എന്ന് മുൻപ് പറഞ്ഞല്ലോ. ഈ ദൂരമത്രയും പടികൾ കെട്ടിയും മേൽക്കൂരയുണ്ടാക്കിയും തീർത്ഥാടകർക്ക്സൗകര്യമൊരുക്കിയിട്ടുണ്ട്. അതുകൊണ്ട് വെയിലു കൊള്ളുമെന്നും മഴ നനയുമെന്നും പേടി വേണ്ട. തിരുമല തിരുപ്പതി ദേവസ്വം ഇക്കാര്യത്തിൽ സ്തുത്യർഹമായ സേവനമാണ് ചെയ്തിരിക്കുന്നതെന്ന് പറയാതെ വയ്യ. ഏകദേശം നാല് മണിക്കൂറെങ്കിലും എടുക്കും കാൽനട യാത്രക്ക്. പ്രത്യേകമോർക്കുക ഇത് ഓരോരുത്തരുടെയും ഫിറ്റ്നെസ്സ് അനുസരിച്ചിരിക്കും.
വഴിനീളെ തീർഥാടകർക്ക് വേണ്ട എല്ലാ സൌകര്യങ്ങളും തിരുപ്പതി ദേവസ്വം ഒരുക്കിയിട്ടുണ്ട്. ടോയിലെറ്റുകൾ, കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയെല്ലാം ധാരാളം. ഭഗവാൻ മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളുടെയും പ്രതിമകൾ ഇടയ്ക്കിടെ കാണാം. കുറെ പടികൾ കയറി ചെന്നാൽ 'ഗലി ഗോപുരം' കാണാം. ഇവിടെ കാൽനട തീർഥാടകർക്ക് പ്രത്യേക രെജിസ്ട്രേഷൻ കൌണ്ടർ ഉണ്ട്. ഇവിടെ നിന്നും ബയൊമെറ്റ്രിക് വിവരങ്ങടങ്ങിയ ടിക്കെറ്റ് എടുത്തു. കാൽനടയായി ദർശനത്തിനെത്തുന്നവർക്ക് ഈ ടിക്കറ്റ് ഉപയോഗിച്ചു ശീഘ്ര ദർശനം നടത്താം. ഭാഗ്യം. നെടുനീളൻ ക്യുവിൽ നിന്ന് ബുദ്ധിമുട്ടെണ്ടല്ലോ. ഗലി ഗോപുരത്തിനടുത്തായി ധാരാളം കടകളുണ്ട്. വെള്ളവും മറ്റു സ്നാക്ക്സും അവിടെ കിട്ടും.കുറച്ചു സമയം വിശ്രമിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. ഗലിഗോപുരം കഴിഞ്ഞു കുറച്ചു ദൂരം അത്ര കയറ്റമില്ല. വഴിയിൽ ഒരു ഡീർ പാർക്ക് കണ്ടു. പൂർവ്വ ഘട്ട മലനിരകളുടെ ഭാഗമാണ് ശേഷാചലം. വെങ്കടേശ്വര നാഷണൽ പാർക്കിലൂടെയാണ് ഞങ്ങൾ നടന്നു കയറിക്കൊണ്ടിരിക്കുന്നത്. ഇവിടെ ധാരാളം വന്യ മൃഗങ്ങൾ ഉണ്ട്. ഇതൊരു ബയോസ്ഫിയർ റിസർവ് കൂടെയാണ്. ഡീർ പാർക്കിൽ നിന്ന് മാനുകളുടെ കുറച്ചു ഫോട്ടോയെടുത്തു. കാടിനുള്ളിലൂടെയാണ് യാത്ര. അങ്ങനെ ഇടയ്ക്കിടെ വിശ്രമിച്ചും നടന്നും ഞങ്ങൾ വലിയൊരു ആഞ്ജനേയ പ്രതിമക്കു മുന്നിലെത്തി. ഇതാണ് ശ്രീ പ്രസന്ന ആഞ്ജനേയ സ്വാമി പ്രതിമ. ഞങ്ങളുടെ യാത്ര രാത്രിയിൽ ആയിരുന്നതിനാൽ വന്യ ഭംഗി ശരിക്കും ആസ്വദിക്കാനായില്ല. രാവിലെ നാലര അഞ്ചു മണിയോടെ ആലിപിരിയിൽ നിന്നും യാത്ര ആരംഭിക്കുകയാണെങ്കിൽ കാനന കാഴ്ചകൾ ഒട്ടൊക്കെ ആസ്വദിക്കാനാവും. ആഞ്ജനേയ പ്രതിമ കഴിഞ്ഞു കുറച്ചു കൂടി ചെന്നാൽ ഒരു ടിക്കെറ്റ് കൗണ്ടർ കൂടി കാണാം. ഇവിടെ നമുക്ക് മുൻപ് ലഭിച്ച ടിക്കെറ്റ് സ്റ്റാമ്പ് ചെയ്തു വാങ്ങണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമുക്ക് സ്പെഷ്യൽ ദർശനത്തിനുള്ള അവസരം നഷ്ടമാകും. കാൽനടയായി തന്നെ കയറി എന്ന് ഉറപ്പിക്കാനാണ് ഈ സ്റ്റാമ്പു ചെയ്യൽ എന്ന് തോന്നി. ഇവിടെ നിന്നും പിന്നെ വാഹനങ്ങൾ പോകുന്ന റോഡിന്റെ ഓരത്തു കൂടിയാണ് നടപ്പാത. ഇത് ഏകദേശം ഒരു കിലോമീറ്റെർ ദൂരമുണ്ട്. ഇത് കഴിഞ്ഞു കുത്തനെയുള്ള ആയിരത്തോളം പടികൾ കൂടി കയറേണ്ടതുണ്ട്. ഈ ഒൻപത് കിലോമീറ്റെർ യാത്രയിൽ ആകെ 3550 പടികൾ ചവിട്ടേണ്ടതുണ്ട്. ആദ്യ രണ്ടായിരത്തോളം പടികൾ വളരെ പതുക്കെ വിശ്രമിച്ചു കയറുന്നതാണ് നല്ലത്. കാരണം അല്ലെങ്കിൽ നമ്മൾ പെട്ടെന്ന് ക്ഷീണിച്ചു പോകും.
ശ്രീ പ്രസന്ന ആഞ്ജനേയ സ്വാമിയുടെ അരികെ
അങ്ങനെ ഞങ്ങൾ ഏകദേശം നാല് മണിക്കൂറ് കൊണ്ട് തിരുമല ബാലാജി സന്നിധിയിലെത്തി. ഇവിടെ കാൽനടയായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന ഉണ്ട്. സൗജന്യ താമസ സൗകര്യം, സൗജന്യ ആഹാരം, സൗജന്യമായി തല മുണ്ഡനം, ലോക്കർ സൗകര്യം എന്നിവ ലഭ്യമാണ്. ഞങ്ങൾ മൂന്നു പേരും തല മുണ്ഡനം ചെയ്യുവാനായി ക്യുവിൽ നിന്നു. ക്യുവിൽ കുറെ അധിക സമയം നില്ക്കേണ്ടി വന്നു. ഇവിടുത്തെ സെക്യൂരിറ്റിക്കാരുടെ പെരുമാറ്റം കുറച്ചു വിഷമിപ്പിച്ചു. ഇവിടുന്നു കിട്ടിയ ആദ്യത്തേതും അവസാനത്തേതുമായ ദുരനുഭവം. അങ്ങനെ ഞങ്ങൾ തല മുണ്ഡനം ചെയ്യുന്ന സ്ഥലത്തെത്തി. വലിയ താമസമുണ്ടായില്ല. തല മുണ്ഡനം ചെയ്തു കുളിച്ചു ശുദ്ധിയായി സാധനങ്ങൾ ലോക്കെറിൽ വച്ചു പൂട്ടി ഞങ്ങൾ ഫ്രീ ദർശനത്തിനായുള്ള ക്യുവിൽ സ്ഥാനം പിടിച്ചു. ദർശനം പല വിധത്തിലാണ്. കാൽനടക്കാർക്കുള്ള ദിവ്യ ദർശൻ, സാധാരണ ഭക്തർക്കുള്ള സർവ ദർശൻ (ഇതും സൌജന്യമാണ് ) പിന്നെ ശീഘ്ര ദർശൻ (ഇതിനു 300 രൂപയുടെ ടിക്കെറ്റ് എടുക്കണം. എന്തോ കാശു കൊടുത്ത് ദൈവത്തെ കാണുന്ന സമ്പ്രദായം അത്ര നന്നായി തോന്നിയില്ല. ഇക്കാര്യത്തിൽ നമ്മുടെ കേരളത്തിലെ ക്ഷേത്രങ്ങൾ തന്നെ ഭേദം ) പക്ഷെ എല്ലാ ക്യുവും ശ്രീ ബാലാജി സവിധത്തിൽ എത്തുമ്പോൾ ഒന്നായി തീരും. ക്യുവെന്നു പറഞ്ഞാൽ നമ്മൾ ശബരിമലയിലും മറ്റും കാണുന്നതുപോലെ മുഷിപ്പിക്കുന്ന രീതിയിലല്ല. ക്യു കൊമ്പ്ലെക്സുകൾ നിർമ്മിച്ചിട്ടുണ്ട്. അവിടെ ഓരോ മുറികളിൽ കുറച്ചു പേരെ കയറ്റിയ ശേഷം അടക്കും. എന്നിട്ട് തൊട്ടടുത്ത മുറിയിലെ ആൾക്കാർ ഒഴിയുമ്പോൾ തുറന്നു അവിടേക്ക് കയറ്റും. ഇവിടെയെല്ലാം തന്നെ ഇരിക്കുവാനുള്ള സൌകര്യമുണ്ട്. നല്ല തിരക്കുണ്ടായിരുന്നു. ഏകദേശം ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് ദർശനം സാധ്യമായി. ശ്രീ ബാലാജിയെ കൺ കുളിർക്കെ കണ്ട ശേഷം ഞങ്ങൾ പ്രസാദം (ലഡ്ഡു) വാങ്ങാനായി പോയി. കാൽനടയായി ദർശനം നടത്തിയ ടിക്കെറ്റ് കാണിച്ചാൽ ഒരു ലഡ്ഡു സൗജന്യമായി ലഭിക്കും.(തിരുപ്പതി ലഡ്ഡുവിനു ഭൗമ സൂചിക ടാഗ് (Geographical indication Tag) ലഭിച്ചിട്ടുണ്ട്) പ്രസാദവും വാങ്ങി ഞങ്ങൾ ആഹാരം ഊട്ടുപുരയിൽ നിന്നും കഴിച്ചു. ഉച്ചയോടെ ശ്രീ കാളഹസ്തിയിലേക്ക് പോകുവാനായി തിരുപ്പതിയിലേക്ക് മലയിറങ്ങി. കാളഹസ്തിയിലാണ് ഞങ്ങൾ താമസിക്കുവാനായി മുറി ബുക്ക് ചെയ്തിരിക്കുന്നത്.
കാളഹസ്തിയിലേക്ക്
ശ്രീ കാളഹസ്തി ക്ഷേത്രം തിരുപ്പതിയിൽ നിന്നും 36 കിലോമീറ്റർ അകലെയാണ്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണിത്. പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വായു ലിംഗമാണിവിടുത്തെ പ്രതിഷ്ഠ. പഞ്ച ഭൂത സ്ഥലങ്ങളിൽ പെട്ട മറ്റു ക്ഷേത്രങ്ങൾ ഇവയാണ്. കാഞ്ചീപുരത്തെ എകാംബരേശ്വര ക്ഷേത്രം (പൃഥി ലിംഗം) തിരുവണകവെലിലെ ജംബുകേശ്വര ക്ഷേത്രം (ജംബു ലിംഗം) തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രം (അഗ്നി ലിംഗം) ചിദംബരത്തെ നടരാജ ക്ഷേത്രം (ആകാശ ലിംഗം) രാഹു കേതു പൂജക്ക് പ്രസിദ്ധമാണ് ഈ ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ അകത്തെ ക്ഷേത്രം പണിയുകയും പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാർ പുറത്തെ ക്ഷേത്രം പണിയുകയും ചെയ്തു. കഴിഞ്ഞ തവണ വന്നപ്പോൾ പുറത്തെ വലിയ രാജഗോപുരം തകർന്ന സമയമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് വിജയ നഗര രാജാവായിരുന്ന ശ്രീകൃഷ്ണദേവരായർ പണി കഴിപ്പിച്ച രാജഗോപുരമാണ് 2010 മെയ് 26 ന് തകർന്നു വീണത്. ഒറീസ്സയിലെ ഗജപതി രാജാക്കന്മാരെ തോൽപ്പിച്ചതിന്റെ സ്മാരകമായിട്ടാണ് ഇത് പണി കഴിച്ചത്. ഇപ്പോൾ ഈ രാജഗോപുരം പുനർ നിർമ്മിക്കുന്നുണ്ടെന്നു കേട്ടു. പൂർവ്വ ഘട്ട മലനിരകളിൽ നിന്നുല്ഭവിക്കുന്ന സ്വർണമുഖി നദി ഇതിനടുത്ത് കൂടിയാണ് ഒഴുകുന്നത്. ശ്രീ കാളഹസ്തി എന്ന പേരിനു പിന്നിൽ ഒരൈതിഹ്യമുണ്ട്. ഭഗവാൻ ശിവന്റെ ഭക്തരായിരുന്ന ഒരു ചിലന്തി (ശ്രീ) ഒരു സർപ്പം (കാള) ഒരു ആന (ഹസ്തി) എന്നിവരുടെ പേര് ചേർത്താണ് ഈ സ്ഥലപ്പെരുണ്ടായത് എന്നാണ് ഐതിഹ്യം. ഇവർ മൂവരും ചേർന്ന് ശിവലിംഗത്തെ സംരക്ഷിക്കുന്നു എന്ന് സങ്കല്പം.
ശ്രീകാളഹസ്തിക്ഷേത്രം
തകർന്ന രാജഗോപുരാവശിഷ്ടങ്ങൾക്കരികെ ശ്രീ കൃഷ്ണദേവരായരുടെ പ്രതിമ
സ്വർണ്ണമുഖി നദി
ക്ഷേത്രത്തിന് സമീപം തന്നെ ഞങ്ങൾ ഒരു ഹോട്ടലിൽ മുറിയെടുത്തു. വർമ്മ സർ നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ നിന്നും പത്തു മിനിട്ട് നടന്നാൽ ക്ഷേത്രത്തിലെത്താം. ഒന്ന് വിശ്രമിച്ച ശേഷം കുളിച്ചു ശുദ്ധി വരുത്തി ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു. ശ്രീ കാള ഹസ്തി ക്ഷേത്രം രാഹു കേതു പൂജക്ക് പ്രസിദ്ധമാണെന്ന് പറഞ്ഞുവല്ലോ. രാഹു കേതു ദോഷത്തിനും സർപ്പ ദോഷത്തിനും വിശേഷാൽ പൂജകൾ ഇവിടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ളവർ ഇവിടെ പൂജക്കായി എത്തുന്നു. ഇവിടെയും പൂജക്ക് വിവിധ നിരക്കുകളാണ്. 300 രൂപ 750 രൂപ 1500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. 300 രൂപയുടെയും 750 രൂപയുടെയും പൂജകൾ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിനു പുറത്തും 1500 രൂപയുടേത് ക്ഷേത്രത്തിനുള്ളിൽ വച്ചും നടത്തുന്നു! കാശ് കൂടുതലുള്ളവർക്ക് കൂടുതൽ മോക്ഷം കുറഞ്ഞവന് കുറഞ്ഞ മോക്ഷം. കാശില്ലാത്ത ഭക്തനാനെണെങ്കിൽ ദോഷം മാറ്റാൻ പറ്റില്ല എന്നർത്ഥം. ദൈവത്തിനും പാവങ്ങളെ വേണ്ട. ഒരു പക്ഷെ മനുഷ്യരുടെ ഈ കൃത്യങ്ങൾക്ക് പാവം ദൈവം എന്തു പിഴച്ചു?
രാഹുകാലത്ത് നടത്തുന്ന പൂജയാണ് കൂടുതൽ ഫലപ്രദം. ശ്രീ കാള ഹസ്തീശ്വരനെ തൊഴുത് ഞങ്ങൾ ക്ഷേത്രത്തിനു പുറത്തെത്തി. പുറത്ത് ക്ഷേത്രത്തോടു ചേർന്ന് പടിഞ്ഞാറേ ഗോപുരത്തിന് സമീപം പാതാള ഗണപതിയുടെ പ്രതിഷ്ഠയുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഗണപതിയുടെ വിഗ്രഹം ഒരു ഗർത്തത്തിൽ ആണ് സ്ഥാപിച്ചിട്ടുള്ളത്. പടികൾ ഇറങ്ങി വേണം ദർശനം നടത്തുവാൻ. ഒരു സമയം ഒന്നോ രണ്ടോ പേർക്കു മാത്രമേ ദർശനം സാധ്യമാവു. ഇത് വളരെ കൌതുകകരമായ ഒരനുഭവമായിരുന്നു. മനുഷ്യൻ ശല്യപ്പെടുത്തുന്നത് കൊണ്ടാവാം ദൈവം കുഴിയിൽ ഏകനായിരിക്കുന്നത് എന്ന് തോന്നി. കഴിഞ്ഞ തവണ വന്നപ്പോൾ ഞങ്ങൾ തൊട്ടടുത്തുള്ള സ്വർണമുഖി നദീതീരത്തു പോയിരുന്നു. കൂടാതെ ക്ഷേത്രത്തിന് അഭിമുഖമായിട്ടുള്ള മലയുടെ മുകളിലുള്ള ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ക്ഷേത്ര ദർശനമെല്ലാം കഴിഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങുവാനായി കാളഹസ്തിയിൽ നിന്നും തിരുപ്പതിയിലേക്ക് ബസ് കയറി. തിരുപ്പതിയിൽ നിന്നും കാട്പാടിയിലേക്ക് അവിടെ നിന്നും ട്രെയിനിൽ നാട്ടിലേക്ക്.
(ഞാൻ രണ്ടു തവണയായി പോയപ്പോഴുള്ള ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. രാത്രിയിൽ എടുത്ത ചിത്രങ്ങൾക്ക് മിഴിവ് കുറവാണ്)