2017, മാർച്ച് 31, വെള്ളിയാഴ്‌ച

ഹിമാലയ യാത്ര ഭാഗം 2 കേദാർനാഥ്, തുംഗ നാഥ്

  ഹരിദ്വാറിൽ നിന്നും രാവിലെ ആറു മണിക്ക് തന്നെ കേദാർനാഥിലേക്കു പുറപ്പെട്ടു. ദേവപ്രയാഗ്, രുദ്രപ്രയാഗ്, ദിൽവാര, കുണ്ഡ്, ഗുപ്ത കാശി വഴിയാണ് കേദാർനാഥിലേക്കു പോകുന്നത്. രുദ്രപ്രയാഗ് ഒരു പ്രധാന സ്ഥലമാണ്. ഇവിടെ നിന്നും ബദരീനാഥിലേക്കുള്ള വഴി പിരിയുന്നു. ഭാരതത്തിലെ പ്രധാന 12 ജ്യോതിർലിംഗ പ്രതിഷ്ഠകളിൽ അതിപ്രധാനമാണ് കേദാർനാഥിലേത്. ഇവിടുത്തെ ലിംഗ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. മഹാഭാരത യുദ്ധാനന്തരം പാപ പരിഹാരത്തിനായി പാണ്ഡവർ മഹാദേവന്റെ അനുഗ്രഹം വാങ്ങാനായി പുറപ്പെട്ടു. എന്നാൽ യുദ്ധത്തിൽ സംപ്രീതനല്ലായിരുന്ന ശിവഭഗവാൻ അവർക്കു ദർശനം നൽകാതെ അന്തർദ്ധാനം ചെയ്തു. ഈ സ്ഥലമാണ് ഗുപ്തകാശി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. ഭഗവാൻ ശിവനെ കാണാതെ കേദാർനാഥ് മലനിരകളിൽ വിഷണ്ണരായിരുന്ന പാണ്ഡവർ ഒരു കൂറ്റൻ കാളയെ കണ്ടു. സാക്ഷാൽ മഹാദേവനായിരുന്നു അത്.ഇത് മനസ്സിലാക്കിയ ദ്വിതീയ പാണ്ഡവനായ ഭീമൻ കാളയെ പിടിക്കുവാൻ ശ്രമിച്ചു. കാളയുടെ മുതുകു ഭാഗം ഒഴിച്ച് ബാക്കി ഭൂമിയിലേക്ക് താഴ്ന്നു പോയി. ഇവിടെ പാണ്ഡവർ ഒരു ക്ഷേത്രം നിർമിച്ചു. ഇതാണ് കേദാർനാഥ് ക്ഷേത്രം. കാളയുടെ വിവിധ ഭാഗങ്ങൾ ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഈ ഭാഗങ്ങളിലെല്ലാം പിന്നീട് ക്ഷേത്രങ്ങളുണ്ടായി. കൈ തുംഗനാഥിലും മുഖം രുദ്രനാഥിലും ഉദരം മധ്യ മഹേശ്വറിലും ജടാഭാഗം കപാലേശ്വറിലും ആരാധിക്കപ്പെടുന്നു. ഈ അഞ്ചു സ്ഥലങ്ങളാണ് പഞ്ച കേദാർ എന്നറിയപ്പെടുന്നത്.


 ദേവപ്രയാഗ്



    ഞങ്ങൾ പത്തു മണിയോടെ ദേവപ്രയാഗിലെത്തി. ഗംഗോത്രിക്കടുത്ത ഗോമുഖ് ഹിമാനികളിൽ നിന്നും ഒഴുകി വരുന്ന ഭഗീരഥിയും ബദരീനാഥിൽ നിന്നും വരുന്ന അളകനന്ദയും ഇവിടെ  ഒന്നിച്ചു ചേർന്ന് ഗംഗയായി മാറുന്നു. രണ്ടു നദീപ്രവാഹത്തിനും വ്യത്യസ്ത നിറമാണ്. ഇവിടെ ഒരു ക്ഷേത്രമുണ്ട്. ദേവപ്രയാഗിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത സ്ഥലം രുദ്രപ്രയാഗാണ്. ദേവപ്രയാഗിൽ നിന്നും ഏകദേശം അറുപത്തിയേഴ്‌ കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. അളകനന്ദയും മന്ദാകിനിയും ചേരുന്ന സ്ഥലമാണ് രുദ്രപ്രയാഗ്. ഇവിടെ ഒരു ശിവ ക്ഷേത്രമുണ്ട്. സംഗീത സാമ്രാട്ടായിരുന്ന സാക്ഷാൽ നാരദ മഹർഷിക്ക് നാദരൂപനായ ഭഗവാൻ ശിവൻ ഇവിടെ വച്ച് വീണ സമ്മാനമായി നൽകി എന്നൊരൈതീഹ്യമുണ്ട്. വീണാധാരിയായ നാരദ മഹർഷിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു നിൽക്കുന്ന മഹാദേവന്റെ പ്രതിമയും ഇവിടുണ്ട്. കല്ലിൽ തീർത്ത പ്രതിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഞങ്ങൾ കേദാർനാഥിലേക്കു യാത്ര തുടർന്നു. സമുദ്ര നിരപ്പിൽ നിന്നും സുമാർ 12500  അടി ഉയരത്തിലാണ് കേദാർനാഥ് സ്ഥിതി ചെയ്യുന്നത്. രുദ്രപ്രയാഗിൽ നിന്നും ഇനിയുള്ള യാത്ര മന്ദാകിനി തീരത്തു കൂടിയാണ്. കൂറ്റൻ പർവതങ്ങളുടെ  പാർശ്വ ഭാഗങ്ങൾ വെട്ടി തുരന്ന് നിർമിച്ച റോഡുകൾ. അതങ്ങനെ ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്കെന്ന വണ്ണം വളഞ്ഞു പുളഞ്ഞു പോകുന്നു. റോഡിന്റെ ഒരുഭാഗത്ത് ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന കൂറ്റൻ മലനിരകൾ. മറു ഭാഗത്ത് ആയിരകണക്കിന് അടി താഴ്ചയിലൂടെ മന്ദാകിനി കുലം കുത്തി ഒഴുകുന്നു. അപ്രതീക്ഷിതമായ മലയിടിച്ചിലിൽ  ഗതാഗതം താറുമാറാകും. ഒരു പക്ഷെ ജീവൻ തന്നെ അപകടപ്പെട്ടു എന്നും വരാം. ഹിമാലയത്തിൽ ഇതൊക്കെ നിത്യ സംഭവങ്ങളാണ്. അനിശ്ചിതത്വമാണ് ഹിമാലയൻ യാത്രകളുടെ മുഖമുദ്ര. ചില ഭാഗങ്ങളിൽ കഷ്ടി ഒരു വാഹനത്തിനു പോകാവുന്ന അത്ര വീതി മാത്രമേ കാണൂ. വർഷകാലമാണെങ്കിൽ കഷ്ടപ്പെട്ടതു തന്നെ. മലയിടിച്ചിൽ ഇക്കാലത്തു രൂക്ഷമാണ്. റോഡ് തന്നെ വാഹനത്തോടൊപ്പം അത്യഗാധമായി ഒഴുകുന്ന നദിയിലേക്കു കൂപ്പു കുത്തിയെന്നും വരാം. നദിയിൽ പതിച്ച വാഹനാവശിഷ്ടങ്ങൾ അവിടവിടെയായി ഞങ്ങൾ കാണുകയും ചെയ്തു.



     ദേവപ്രയാഗിൽ നിന്നും ശ്രീനഗർ (ഗഡ്‌വാൾ)രുദ്രപ്രയാഗ്, ദിൽവാര, കുണ്ഡ് വഴി നാല് മണിയോടെ ഞങ്ങൾ ഗുപ്തകാശിയിലെത്തി.ഒരു ചെറിയ പട്ടണമാണ് ഗുപ്തകാശി. ശിവാലിക് മലനിരകളിലെ ഈ മനോഹര ചെറു പട്ടണത്തിന് പുരാണത്തിൽ അതീവ പ്രാധാന്യമുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ പാണ്ഡവർക്ക് പിടി കൊടുക്കാതെ ശ്രീമഹാദേവൻ അപ്രത്യക്ഷമായ സ്ഥലമായതിനാലാണ് ഈ സ്ഥലം ഗുപ്തകാശി എന്നറിയപ്പെട്ടത്. ഇവിടെ ശ്രീ ചന്ദ്രശേഖർ മഹാദേവ ക്ഷേത്രവും അർദ്ധ നാരീശ്വര ക്ഷേത്രവുമുണ്ട്. ഇവിടെ നിന്നും നോക്കിയാൽ അങ്ങകലെ മഞ്ഞു മൂടിയ കേദാർഖണ്ഡ് ഗിരി നിരകളുടെ ധവളിമയാർന്ന ശൃങ്ഗങ്ങൾ കാണാം. ഗുപ്തകാശിയിൽ നിന്നും 33  കിലോമീറ്റർ ദൂരമുണ്ട് ഗൗരീകുണ്ഡിലേക്ക്. കേദാർനാഥിലേക്കുള്ള വാഹനഗതാഗതം അവിടെ അവസാനിക്കുന്നു. ഇവിടെനിന്നും 17 കിലോമീറ്റർ ദൂരം കാൽനടയായോ കുതിരപ്പുറത്തോ വേണം കേദാർനാഥിലെത്താൻ.  മലമടക്കുകളിലൂടെ ഇടുങ്ങിയ വഴികളിലൂടെയുള്ള ഈ യാത്ര അതീവ ദുഷ്കരമെങ്കിലും ഹൃദ്യം തന്നെ. തീർത്ഥാടകർക്ക് അകമ്പടിയെന്നോണം മന്ദാകിനി ഈ പാതക്ക് താഴെ കുതിച്ചൊഴുകുന്നു. പൈൻ,ദേവദാരു, ഭുർജ് തുടങ്ങിയ വൃക്ഷങ്ങളാൽ നിബിഡമാണ് ഈ പ്രദേശം.പലപ്പോഴുമുണ്ടാകുന്ന മലയിടിച്ചിൽ യാത്ര അനിശ്ചിതത്വമാക്കുന്നു.ഗൗരീകുണ്ഡ് എത്തുന്നതിനു മുൻപ് സോനപ്രയാഗിനിപ്പുറം സീതാപുർ എന്ന സ്ഥലത്താണ് ഞങ്ങൾ താമസം ഏർപ്പാടാക്കിയിരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്യുന്ന മഴ കാരണം മലയിടിച്ചിലും മൂടൽമഞ്ഞു വീഴ്ചയും ഉണ്ടായതിനാൽ കേദാർനാഥ് യാത്രാപഥം താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും ഹെലികോപ്റ്റർ സർവീസ് മുഖേന വേണമെങ്കിൽ  അവിടെ എത്താമെന്നും ഹോട്ടലിൽ നിന്നും അറിയാൻ കഴിഞ്ഞു. പിറ്റേദിവസം അതി രാവിലെ യാത്രയാവാമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ മലയിടിച്ചിൽ കാരണം കേദാർനാഥ് യാത്ര വിഫലമാവുമോയെന്നു ഞങ്ങൾ ഭയപ്പെട്ടു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ സർവീസുകളും നിർത്തി വച്ചു കേദാർനാഥിലേക്കു പോയി തിരികെ എത്തുന്നതിന് ഏഴായിരം രൂപയാണ് ഹെലികോപ്റ്റർ സർവീസുകാർ വാങ്ങുന്നത്. കാൽനടയായി ഒരു ഭാഗത്തേക്ക് ഏകദേശം ഏഴു മണിക്കൂറെങ്കിലും എടുക്കുന്ന യാത്ര ഹെലികോപ്റ്ററിൽ പത്തു മിനിറ്റ് മതി. എന്നാൽ പ്രകൃതിയെ അടുത്തു കാണണമെങ്കിൽ, അതിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ, പൊട്ടിച്ചിരിച്ചും അലറിക്കരഞ്ഞും കുതിച്ചുപായുന്ന മന്ദാകിനിയോട് കിന്നാരം പറയണമെങ്കിൽ, ഭുർജ്, ദേവതാരു വൃക്ഷങ്ങളെ തഴുകി വരുന്ന നനുത്ത ഹിമാലയൻ കാറ്റിന്റെ സൗരഭ്യം നുകരണമെങ്കിൽ നടന്നോ കുതിരപ്പുറത്തോ യാത്ര ചെയ്യണം. മുൻകൂട്ടി യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതിനാൽ കേദാര നാഥന്റെ ദർശനത്തിനായി അനിശ്ചിതമായി താമസിക്കാനും വയ്യ.  2013  ൽ കേദാർനാഥിലുണ്ടായ മഹാപ്രളയത്തിനു ശേഷം അടുത്ത കാലത്താണ് വീണ്ടും ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തത്. അതിനു ശേഷം പലപ്പോഴും മോശം കാലാവസ്ഥ കാരണം ക്ഷേത്രം അടച്ചിടേണ്ടി വന്നിട്ടുണ്ട്.


     പുറത്തു മഴ ചെറുതായി പെയ്യുന്നുണ്ട്. ചൂട് വെള്ളത്തിൽ വിസ്തരിച്ചൊന്നു കുളിച്ച ശേഷം ഞാനും വർമയും ഹോട്ടൽ ലോബിയിലെത്തി. നാളത്തെ യാത്രയുടെ അനിശ്ചിതത്വത്തിൽ ആകെ വിഷണ്ണരാണ് ഞങ്ങൾ രണ്ടുപേരും. നാളെ കേദാർനാഥ് യാത്ര സാധ്യമാവില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പെട്ടെന്ന് എനിക്കൊരാശയം തോന്നി. അങ്ങനെയെങ്കിൽ നാളെ പഞ്ചകേദാറിൽ പെട്ട തുംഗനാഥിലേക്കു പോയാലോ?  ഹിമാലയത്തിൽ, ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്ഥലത്തുള്ള ശിവക്ഷേത്രമാണ് തുംഗനാഥിലേത്. പാണ്ഡവർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട കാളയുടെ കഥ മുൻപ് പറഞ്ഞിരുന്നല്ലോ? കാളയുടെ ബാഹുക്കൾ ഉയർന്നുവന്ന സ്ഥലമത്രെ തുംഗനാഥ്. കാളയുടെ മുതുക് ഭാഗമാണ് കേദാർനാഥിൽ കാണുന്നത്. തുംഗനാഥ് യാത്രയെ പറ്റി വർമയോട് അഭിപ്രായം ചോദിച്ചു. അദ്ദേഹവും റെഡി. ഹോട്ടലിൽ നിന്നും യാത്രക്കായി ഒരു ടാക്സി തരപ്പെടുത്തി തരാമെന്നു പറഞ്ഞു. ടാക്സിക്കാരനുമായി കുറച്ചധിക നേരത്തെ വിലപേശലിനു ശേഷം അയ്യായിരത്തി അഞ്ഞൂറ് രൂപക്ക് ഞങ്ങളെ തുംഗനാഥ്, ചോപ്‌ത, ഓംകാരേശ്വർ, ത്രിയുഗി നാരായൺ, സോനപ്രയാഗ്, ഗൗരീകുണ്ഡ് എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. നാളത്തെ യാത്രയുടെ അനിശ്ചിതത്വം മറ്റൊരു പുണ്യയാത്രയാൽ മാറ്റിയെടുക്കപ്പെട്ടതിന്റെ സന്തോഷത്താൽ നേരത്തെ ഉറങ്ങാൻ കിടന്നു. പുറത്തു നല്ല മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. കട്ടിയുള്ള കമ്പിളി പുതപ്പിനുള്ളിലേക്കു വലിഞ്ഞതോടെ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കു വീണു.

തുംഗനാഥിലേക്ക്
  സീതാപൂര് നിന്നും രാംപൂർ,ഗുപ്തകാശി,കുണ്ഡ്,ഉഖീമഠ് വഴി തുംഗനാഥിലേക്ക് ഏകദേശം എഴുപത് കിലോമീറ്റർ ദൂരമുണ്ട്. കഴിഞ്ഞ ദിവസം കുണ്ഡ് വഴിയാണ് ഞങ്ങൾ സീതാപൂരിൽ എത്തിയത്. കുണ്ടിൽ നിന്നും ചോപ്ത,മണ്ഡൽ,ഗോപേശ്വർ വഴി ചമോലിയിലെത്താം. രുദ്രപ്രയാഗിൽ നിന്നും ബദരീനാഥിന് പോകുന്ന വഴിയുള്ള ഒരു പട്ടണമാണ് ചമോലി. ചമോലി ജില്ലയുടെ ആസ്ഥാനം. ഈ വഴി വളരെ ദുർഘടവും ഭയാനകവുമാണ്. കേദാർനാഥിൽ നിന്നും ബദരീനാഥിലേക്കുള്ള ഒരു കുറുക്കുവഴിയാണിത്. തലേന്ന് പറഞ്ഞുറപ്പിച്ച ഡ്രൈവർ അതിരാവിലെ തന്നെ ജീപ്പുമായെത്തി. ഞങ്ങൾ തുംഗനാഥിലേക്ക് പുറപ്പെട്ടു.ചോപ്തയിലേക്കുള്ള യാത്ര രസകരവും ഭയാനകവുമായിരുന്നു. പലയിടത്തും മേഘങ്ങൾക്കിടയിലൂടെ ജീപ്പിൽ യാത്ര ചെയ്യുന്ന പ്രതീതി. ഒരു ഭാഗത്തു ചെങ്കുത്തായ മലനിരകൾ. മറു ഭാഗത്തു അഗാധ ഗർത്തങ്ങൾ. പലയിടത്തും അടിവാരം കാണാത്ത വിധത്തിൽ മൂടൽ മഞ്ഞും മേഘങ്ങളും. ജീപ്പ് ഡ്രൈവർ ഒരു ഗഡ്‌വാളിയാണ്. അയാൾ സാമാന്യം നല്ല വേഗത്തിൽ തന്നെയാണ് ജീപ്പ് ഓടിച്ചിരുന്നത്. സ്റ്റീരിയോയിൽ ചില ഗഡ്‌വാളി പാട്ടുകളും കേൾപ്പിക്കുന്നുണ്ട്. ഞങ്ങൾ ഒൻപത് മണിയോടെ ചോപ്തയിലെത്തി. ഇവിടം വരയെ വാഹനഗതാഗതം ഉള്ളൂ .തുംഗനാഥിലേക്ക് ഇവിടെ നിന്നും നാല് കിലോമീറ്ററോളം മല കയറണം. കുതിരയെ വാടകയ്ക്ക് കിട്ടും. മിനി സ്വിട്സർലാൻഡ് എന്നാണ് ചോപ്ത അറിയപ്പെടുന്നത്. ഇന്ന് തന്നെ മറ്റു സ്ഥലങ്ങളും കാണേണ്ടതിനാൽ ഞങ്ങൾ കാൽനട യാത്ര ഒഴിവാക്കി കുതിരപ്പുറത്ത് തുംഗനാഥിലേക്ക് പോകാമെന്നു വച്ചു. ജീപ്പിൽ നിന്നും ഇറങ്ങിയ പാടെ കുതിരക്കാർ ചുറ്റും കൂടി. അറുനൂറു രൂപയ്ക്കു പറഞ്ഞുറപ്പിച്ചു ഞങ്ങൾ കുതിരപ്പുറത്തു മല കയറിത്തുടങ്ങി. നടന്നു കയറാൻ രണ്ടു മണിക്കൂറെങ്കിലും എടുക്കുമെങ്കിൽ കുതിരപ്പുറത്തായാൽ അര മണിക്കൂർ ലാഭിക്കാം. സമയപരിമിതിയുള്ള ഈ യാത്രയിൽ അര മണിക്കൂർ ലാഭിച്ചെടുക്കുകയെന്നത് അത്ര നിസ്സാര കാര്യമല്ല. വർമ്മ കുതിരപ്പുറത്തു മുൻപിലും ഞാൻ മറ്റൊരു കുതിരപ്പുറത്തു പിന്നിലുമായി കയറ്റം തുടങ്ങി. എന്റെ കുതിര ആളൊരു മടിയനാണ്. കുതിരക്കാരൻ പിന്നിൽ നിന്നും ചില ശബ്ദങ്ങളുണ്ടാക്കി ചാട്ട കൊണ്ട് പ്രഹരിച്ചാൽ മാത്രമേ അവനൊന്നനങ്ങുകയുള്ളു. വർമ്മ ബഹുദൂരം മുൻപിലായി.









 മല കയറാൻ ആരംഭിച്ചപ്പോൾ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തെളിഞ്ഞ കാലാവസ്ഥയിൽ  തുംഗനാഥിൽ നിന്നും ഹിമാലയത്തിലെ വിദൂരങ്ങളായ പല കൊടുമുടികളും കാണുവാൻ കഴിയും. കേദാരഖണ്ഡത്തിലെ മഞ്ഞണിഞ്ഞ ചൗഖംഭാ ഗിരിനിരകൾ  ഉദയാസ്തമന സൂര്യന്റെ പൊൻകിരണങ്ങളാൽ സ്വർണ്ണ വർണ്ണ ശോഭയോടെ തിളങ്ങുന്ന കാഴ്ച ഹൃദയാവർജകം തന്നെ. പേര് സൂചിപ്പിക്കുന്നതു പോലെ പർവതങ്ങളുടെ നാഥനാണ് തുംഗനാഥ്. കേദാർനാഥിനെക്കാളും ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തുംഗനാഥ് സമുദ്ര നിരപ്പിൽ നിന്നും 3680 മീറ്റർ (12073 അടി) ഉയരത്തിലാണ്. കേദാർനാഥ് സ്ഥിതി ചെയ്യുന്നതാകട്ടെ 3553 മീറ്റർ (11657 അടി) ഉയരത്തിലും. പഞ്ചകേദാറിലെ തൃദീയ കേദാർ ആണ് തുംഗനാഥ്. ക്ഷേത്രത്തിലേക്ക് കല്ല് വിരിച്ച പാതയിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. ഏകദേശം പകുതി വഴി കഴിഞ്ഞപ്പോഴേക്കും കനത്ത മൂടൽമഞ്ഞു വീഴ്ച തുടങ്ങി. ചെറുതായി മഴയും. ചുറ്റുപാടുമുള്ള കാഴ്ചകൾ പെട്ടെന്ന് മങ്ങി.അടുത്തു നിൽക്കുന്ന ആളിനെപ്പോലും കാണാത്ത അവസ്ഥ. ഞങ്ങൾ കയ്യിൽ കരുതിയിരുന്ന മഴക്കോട്ട് ധരിച്ചു. ക്യാമറയും മറ്റും ഭദ്രമായി കവറിൽ പൊതിഞ്ഞു.കയറ്റം കയറുന്തോറും പ്രാണവായുവിന്റെ കുറവ് അനുഭവപ്പെട്ടു തുടങ്ങി. എന്റെ മടിയൻ കുതിരയാണെങ്കിൽ വീതി കുറഞ്ഞ പാതയുടെ ഓരത്തു കൂടിയാണ് നടത്തം. കുതിരയുടെ കാലു തെറ്റിയാൽ ആ ജീവിയും ഞാനും താഴേക്കു പതിക്കും. കുതിര അരികു ചേർന്ന് നടക്കുമ്പോൾ ഞാൻ എതിർ ദിശയിലേക്കു ബലം പ്രയോഗിക്കും. നടന്നു കയറുന്നതായിരുന്നു നല്ലത് എന്ന് തോന്നിപ്പോയ നിമിഷങ്ങൾ. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്ന വിദേശീയരായ ചിലർ ഞങ്ങളുടെ കുതിര സവാരി കണ്ടു ചിരിച്ചു. നിങ്ങൾക്ക് നടന്നു പൊയ്ക്കൂടേയെന്ന് ഒരു മദാമ്മ ചോദിക്കുകയും ചെയ്തു. ശരിയാണ്. കുതിരപ്പുറത്തു യാത്ര ചെയ്യുന്നവരായി ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴിയിലൊരിടത്തു ഒരു ചെറിയ കട കണ്ടു. അവിടെയിരുന്നു മൂന്നു നാലു പേർ ചൂട് ചായ ഊതിക്കുടിക്കുന്നു. കോച്ചി വലിയുന്ന തണുപ്പ് കാരണം ഞങ്ങൾ കുതിരപ്പുറത്തു നിന്നും ഇറങ്ങി ഓരോ ചൂട് ചായക്ക്‌ ഓർഡർ ചെയ്തു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഒരുന്മേഷം തോന്നി. വീണ്ടും പടനായകരെപ്പോലെ കുതിരപ്പുറത്തേക്ക്. മേഘങ്ങൾക്കിടയിലൂടെ സ്വർഗ്ഗത്തേക്കു പോകുന്നത് പോലെ തോന്നി. പാണ്ഡവരുടെ സ്വർഗാരോഹണ യാത്ര മനസ്സിൽ തെളിഞ്ഞു. മഴ ചാറ്റൽ ശക്തമാകാൻ തുടങ്ങി. കോടമഞ്ഞു ചുറ്റുമുള്ള നയനാഭിരാമമായ കാഴ്ചകളെ മറച്ചു കളഞ്ഞു. ക്ഷേത്ര കവാടത്തിനു തൊട്ടു താഴെ ഞങ്ങൾ കുതിരപ്പുറത്തു നിന്നും ഇറങ്ങി. പ്രാണവായുവിന്റെ കുറവ് ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കടുത്ത തളർച്ച അനുഭവപ്പെട്ടു. ഓക്സിജന്റെ കുറവ് അനുഭവപ്പെട്ടാൽ പെട്ടെന്ന് തന്നെ ആ ഭാഗത്തു നിന്നും മാറണമെന്ന് തുംഗനാഥ് യാത്രക്ക് മുൻപായി ശ്രീ.മധു ഭട്ട് ഓർമ്മിപ്പിച്ചിരുന്നു. തന്റെ ക്യാമറയുമായി പലവട്ടം ഈ പ്രദേശങ്ങളിൽ വന്നിട്ടുള്ളയാളാണദ്ദേഹം. ക്ഷേത്ര കവാടത്തിലെ മണി മുഴക്കി ഞങ്ങൾ ക്ഷേത്ര മുറ്റത്തേക്ക് കടന്നു. മൂടൽ മഞ്ഞിനാൽ ക്ഷേത്രപരിസരം മൂടിപ്പോയിരുന്നു. ക്ഷേത്ര പരിസരത്തു  മറ്റാരും ഉണ്ടായിരുന്നില്ല. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്കു കടന്നു. സ്വയം ഭൂ ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. പൂജാരി ഞങ്ങൾക്ക് വേണ്ടി ചില പൂജകൾ നടത്തി. തുംഗനാഥനെ സ്വന്തം കൈകളാൽ സ്പർശിച്ചപ്പോൾ അവാച്യമായ ഒരനുഭൂതിയുണ്ടായി. ഞങ്ങൾ കുറച്ചു നിമിഷത്തേക്ക് കണ്ണുകളടച്ചു ധ്യാനത്തിലിരുന്നു. ക്ഷീണമെല്ലാം പമ്പ കടന്നു. എന്തെന്നില്ലാത്ത ഒരുണർവ് അനുഭവപ്പെട്ടു.പൂജാരിക്ക് ദക്ഷിണ നൽകി ഞങ്ങൾ ക്ഷേത്രത്തിനു പുറത്തു കടന്നു. ക്ഷേത്രത്തിനോട് ചേർന്ന ഒരു ചെറിയ കെട്ടിടത്തിന്റെ കൽകെട്ടിൽ കുറച്ചു സമയം വിശ്രമിച്ചു. മടക്കയാത്രയെപ്പറ്റിപ്പോലും ഞങ്ങൾ മറന്നു പോയി.



                                                          (കടപ്പാട് : ഗൂഗിൾ)



ക്ഷേത്രം മഞ്ഞു കാലത്ത് (കടപ്പാട് : ഗൂഗിൾ)



      ആയിരക്കണക്കിന് വർഷം പഴക്കമുണ്ട് തുംഗനാഥ് ക്ഷേത്രത്തിന്. ഇവിടുത്തെ പുരോഹിതർ തദ്ദേശീയരായ ബ്രാഹ്മണരാണ്.  മഞ്ഞുകാലത്തു ക്ഷേത്രം ആറുമാസത്തേക്ക് അടച്ചിടും. ആ സമയം ക്ഷേത്രപൂജകൾ നിർവഹിക്കുന്നത് പത്തൊൻപതു കിലോമീറ്റർ താഴെ മുഖ്മത്  എന്ന സ്ഥലത്താണ്.ക്ഷേത്രമുറ്റത്ത് നിന്നും രണ്ടു കിലോമീറ്റർ മുകളിലേക്ക് നടന്നാൽ 4000 മീറ്റർ ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടിയിലെത്താം. ചന്ദ്രനോട് തൊട്ടടുത്തു നിൽക്കുന്നതുകൊണ്ടാവാം ചന്ദ്രശില എന്ന് പേര് വന്നത്. ഇവിടെ നിന്നാൽ ദൂരെയുള്ള ഹിമാലയൻ പർവ്വതനിരകളുടെ മനോഹരമായ കാഴ്ച കാണാം. നന്ദാദേവി,ത്രിശൂൽ കൊടുമുടി,ചൗഖംഭാ,കേദാർ പർവ്വതനിരകൾ ഈ കാഴ്ചയിൽ പെടുന്നു. ചില സ്വകാര്യ ടൂർ ഏജൻസികൾ മഞ്ഞു കാലത്തു ഇവിടേയ്ക്ക് ട്രെക്കിങ്ങ് പാക്കേജുകൾ ഏർപ്പെടുത്താറുണ്ട്. ബദരീനാഥ്, കേദാർനാഥ് യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു സ്ഥലമാണ് തുംഗനാഥ്. തുംഗനാഥ് യാത്ര അപ്രതീക്ഷിതമായിരുന്നു. ആ സന്തോഷം പങ്കുവെച്ചു ഞങ്ങൾ മലയിറങ്ങി. ചാറ്റൽമഴ അപ്പോഴും ശമിച്ചിരുന്നില്ല. താഴെ ചോപ്തയിൽ ഡ്രൈവർ രാംസിംഗ് ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. സമയം ഉച്ച തിരിഞ്ഞിരുന്നു. ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. നേരം ഉച്ച കഴിഞ്ഞിരുന്നതിനാൽ നന്നായി വിശപ്പ് തോന്നി. വഴിയിൽ കണ്ട ഒരു ധാബയിൽ കയറി. ഇവിടുത്തെ കറികളിൽ ഉരുളക്കിഴങ്ങും ഉള്ളിയും ഒഴിച്ചു കൂടാനാവാത്ത പച്ചക്കറികളാണ്. ഗോതമ്പിൽ ചുട്ടെടുക്കുന്ന റൊട്ടിയാണ് പ്രധാന ആഹാരം. ജീരകം ഇട്ടു വേവിച്ച ചോറുമുണ്ട്. ഭക്ഷണത്തിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത ലക്ഷ്യം ഉഖിമട്ടിലുള്ള ഓംകാരേശ്വര ക്ഷേത്രമാണ്.

  (മഞ്ഞു വീഴ്ച കാരണം ഞാനെടുത്ത ഫോട്ടോകൾ അവ്യക്തമായിരുന്നതിനാൽ വ്യക്തതക്കായി ചില ഫോട്ടോകൾ ഇന്റർനെറ്റിൽ നിന്നും കടമെടുത്തിട്ടുണ്ട്)