2016, നവംബർ 15, ചൊവ്വാഴ്ച

ഹിമവൽ ഭൂവിലൂടെ ഒരു യാത്ര. ഭാഗം ഒന്ന്. ഹൃഷികേശ്,ഹരിദ്വാർ

     ഹിമാലയം മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നെങ്കിലുമൊരിക്കൽ അവിടം സന്ദർശിക്കണം എന്ന് പണ്ടേ മനസ്സിൽ കുറിച്ചിട്ടതാണ്. കഴിഞ്ഞ രണ്ടു വർഷം മുൻപ് നിനച്ചിരിക്കാതെ ഹരിദ്വാർ, ഹൃഷികേശ്, ഡെറാഡൂൺ, മുസോറി എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ ഒരവസരം വീണുകിട്ടിയിരുന്നു. ഹരിദ്വാറിലും ഹൃഷികേശിലും മഹാനദിയായ ഗംഗയുടെ തീരത്ത് കൂടി നടന്നപ്പോൾ ദീർഘമായ ഒരു ഹിമാലയൻ യാത്ര ഞാൻ സ്വപ്നം കണ്ടു.

     അങ്ങനെ രണ്ടു വർഷങ്ങൾ കടന്നു പോയി. വീണ്ടും ഹിമാലയൻ ചിന്തകളാൽ പെട്ടെന്നു തന്നെ യാത്ര തീരുമാനിക്കപ്പെട്ടു. ജോലി തിരക്കും മറ്റും കാരണം ദീർഘനാൾ നാട്ടിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ വയ്യ. ചെറിയ ഒരു യാത്രക്കുള്ള ഒരു തയ്യാറെടുപ്പു തുടങ്ങി. ആദ്യം എവിടെ പോകും അതായി അടുത്ത ചിന്ത. ഒരു ജന്മം കൊണ്ട് കണ്ടു തീർക്കാവുന്നതല്ല ഹൈമവതഭൂമിയുടെ വൈവിധ്യങ്ങൾ. ഹിമാലയത്തിലെ നാല് പ്രധാന ധാമങ്ങളിൽ പോകാമെന്നു തീരുമാനിച്ചു.  ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയാണ് ആ നാലു ധാമങ്ങൾ. കഴിഞ്ഞ തവണ മുസോറി വഴി ശിവാലിക് മലനിരകളിലൂടെ കെംപ്റ്റി വെള്ളച്ചാട്ടം കാണുവാൻ പോയപ്പോൾ യമുനോത്രിയിലേക്കുള്ള ദിശാസൂചിക കണ്ടിരുന്നു. അവിടെ നിന്നും ഏകദേശം നൂറിൽ പരം കിലോമീറ്റർ കൂടി സഞ്ചരിച്ചിരുന്നുവെങ്കിൽ യമുനോത്രിയിൽ  എത്താമായിരുന്നു. പക്ഷെ അന്നത്തെ യാത്രയിൽ അതൊന്നും സാധ്യമായിരുന്നില്ല.

             ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ്എന്നീ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി ഏകദേശം പത്തിരുപത് ദിവസമെങ്കിലും വേണം. യാത്രക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ എന്റെ സുഹൃത്ത് വർമക്കും വരണമെന്നായി. അദ്ദേഹത്തിന് വീട്ടിൽ നിന്നും അധിക ദിവസം മാറി നിൽക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് യാത്രാ ദൈർഘ്യം കുറക്കുവാൻ തീരുമാനിച്ചു. യാത്ര പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളിലാക്കി ചുരുക്കി. ആദ്യം ബദരീനാഥിലും കേദാർനാഥിലും പോകാം പിന്നീട് വരും വർഷങ്ങളിൽ ബാക്കി യാത്രകളുമാവാം എന്നു തീരുമാനിച്ചു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ടിക്കറ്റുകൾ ബുക്ക് ചെയ്തു, ഡൽഹിയിലെത്തിയാൽ താമസിക്കുവാനായി കേരളാ ഹൗസിൽ മുറിയും ഏർപ്പാടു ചെയ്തു. അങ്ങനെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തിരുവനന്തപുരം-നിസ്സാമുദ്ദീൻ ട്രെയിനിൽ ഞങ്ങൾ യാത്രയായി. മൂന്നാം ദിവസം രാവിലെ ഡൽഹിയിലെത്തി. രാത്രി ഒൻപതു മണിക്ക് ഹരിദ്വാറിലേക്കു പുറപ്പെടാം എന്നാണു തീരുമാനിച്ചിരിക്കുന്നത്. പകൽ ഡൽഹിയോന്ന് ചുറ്റിക്കാണാനിറങ്ങി. കരോൾബാഗിൽ നിന്നും യാത്രക്കു വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങി വൈകുന്നേരം ആറുമണിയോടെ ഞങ്ങൾ തിരികെ കേരളാ ഹൗസിലെത്തി. രാത്രി ഭക്ഷണത്തിനായി മെസ് ഹാളിലെത്തിയപ്പോൾ അപ്രതീക്ഷിതമായി വർമയുടെ സുഹൃത്ത് ശ്രീ.സമീറിനെ കണ്ടു. സമീറിനോട് ഞങ്ങൾ യാത്രോദ്ദേശ്യം പങ്കുവെച്ചു. സംസാരമധ്യേ സമീർ തന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശ്രീ. മധു ഭട്ടിന്റെ ഫോൺ നമ്പർ ഞങ്ങൾക്കു തന്നു. അദ്ദേഹം മിക്കവാറും സമയങ്ങളിൽ ഹൈമവത ഭൂവിന്റെ ഏതെങ്കിലും ഒരു കോണിൽ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. ബദരീനാഥിലെ മുഖ്യ പൂജാരിയും മലയാളിയുമായ റാവൽജി മധുവിന്റെ സുഹൃത്താണെന്നും അദ്ദേഹം മുഖേന റാവൽജിയെ നേരിട്ട് കാണുന്നതിന് അവസരമുണ്ടാവുമെന്നും പറഞ്ഞു. മധു ഭട്ട് ധാരാളം തവണ ഹിമാലയ യാത്ര ചെയ്തിട്ടുള്ള ആളാണെന്നു സമീറിന്റെ സംഭാഷണത്തിൽ നിന്നും മനസ്സിലായി.

          കരോൾബാഗിൽ നിന്നുമാണ് ബസ് പുറപ്പെടുന്നത്. കൃത്യ സമയത്തുതന്നെ ഞങ്ങൾ സ്ഥലത്തെത്തി. യാത്രാസംഘത്തിൽ ആകെ പതിനെട്ടുപേർ. ഞങ്ങൾ രണ്ടുപേരൊഴിച്ചു ബാക്കി പതിനാറു പേരും തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവ ഭക്തർ. സ്ത്രീകളും പുരുഷന്മാരുമായി എല്ലാവരും അറുപതു വയസ്സ് പിന്നിട്ടവർ. സഹയാത്രികരെ കണ്ടതോടെ വർമ്മ നിരാശയോടെ എന്നെ നോക്കി. എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാവണം അദ്ദേഹം പെട്ടെന്നു തന്നെ തമാശകൾ പറഞ്ഞു സന്ദർഭം ലഘുവാക്കി. ബസ് പുറപ്പെട്ടപ്പോൾ തന്നെ തമിഴന്മാർ നാമജപം തുടങ്ങി. വയസ്സുകാലത്ത് കാശിക്കു പോകുന്ന പ്രതീതി. ഞങ്ങളും വൈകാതെ അവരോടൊപ്പം കൂടി. അങ്ങനെ ജയ് കേദാർനാഥ് ബാബാ ജയ് ബദരിവിശാൽ വിളികളോടെ ബസ് ഹരിദ്വാറിലേക്കു പുറപ്പെട്ടു.

          വെളുപ്പിന് മൂന്നു മണിയോടെ ഞങ്ങൾ ഹരിദ്വാറിലെത്തി. ഇന്നൊരു പകലും രാത്രിയും ഇവിടെയാണ് താമസം. നാളെയെ ഇവിടെനിന്നും കേദാർനാഥിന് പുറപ്പെടുകയുള്ളൂ. ഹിമാലയത്തിലെ പുണ്യ സ്ഥലങ്ങളിലേക്കുള്ള കവാടമാണ് ഹരിദ്വാർ. രാവിലെ തന്നെ ഹൃഷികേശിന് പുറപ്പെട്ടു. ഹൃഷികേശ് കണ്ടതിനു ശേഷം ഹരിദ്വാർ വിസ്തരിച്ചു കാണാമെന്നു തീരുമാനിച്ചു. ഹരിദ്വാറിൽ നിന്നും ഇരുപത്തിനാലു കിലോമീറ്റർ ദൂരമുണ്ട് ഹൃഷികേശിന്. ഇവ രണ്ടും ഗംഗയുടെ തീരത്തെ ചെറുപട്ടണങ്ങളാണ്. വിവിധദേശക്കാരായ തീർത്ഥാടകരാലും സന്യാസിമാരാലും കച്ചവക്കാരാലും ഈ പട്ടണങ്ങളിൽ എപ്പോഴും തിരക്ക് തന്നെ. ഇന്ത്യയിലെ മറ്റേതു പട്ടണങ്ങളിലെയും പോലെ മാലിന്യ കൂമ്പാരങ്ങൾക്കു ഒരു കുറവുമില്ല.

       ഹൃഷികേശ്,ഹരിദ്വാർ 

    വിഷ്ണുസഹസ്രനാമത്തിൽ മഹാവിഷ്ണുവിന്റെ പര്യായമായി ഹൃഷികേശിന്റെ പേര് ഉപയോഗിക്കുന്നുണ്ട്. ശിവാലിക് കുന്നുകളുടെ താഴ്വാര പ്രദേശമായ ഇവിടം പൗരാണിക കാലം മുതൽക്കു തന്നെ ഋഷീശ്വരന്മാരും മുനിമാരും താമസമാക്കിയിരുന്നതായി ചരിത്രം പറയുന്നു. ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളും കൂടാതെ യോഗ പരിശീലന കേന്ദ്രങ്ങളും ധ്യാന കേന്ദ്രങ്ങളും  ഈ നഗരിയിലുണ്ട്. ഭരതക്ഷേത്രം, ലക്ഷ്മണ ക്ഷേത്രം, കാളീക്ഷേത്രം എന്നിവ ഹൃഷികേശിലെ പ്രധാന ക്ഷേത്രങ്ങളാണ്.  വിദേശികളാണ് യോഗാ കേന്ദ്രങ്ങളിലെ പ്രധാന സന്ദർശകർ. ഹൃഷികേശിൽ ഗംഗക്ക് കുറുകെ രാം ജൂലായെന്നും ലക്ഷ്മൺ ജൂലായെന്നും പേരുള്ള രണ്ടു തൂക്കുപാലങ്ങൾ ഉണ്ട്. തീർത്ഥാടകരും, തദ്ദേശീയരും കൂടാതെ പശുക്കളും കുരങ്ങന്മാരും ഗംഗക്ക് മറുകരയെത്താൻ ഈ സംവിധാനമുപയോഗിക്കുന്നു. ഭക്തിരസ പ്രാധാന്യത്തോടൊപ്പം  സാഹസികത ഇഷ്ടപ്പെടുന്നവരുടെ കൂടി ഇഷ്ടഭൂമിയയാണ് ഹിമാലയം. ഗംഗയിലെ കുത്തൊഴുക്കിൽ  റാഫ്റ്റിംഗ് നടത്തുന്ന ധാരാളം സാഹസികരെ ഞങ്ങൾ കണ്ടു. ഞങ്ങൾ ലക്ഷ്മൺ ജൂലായിൽക്കൂടി മറുകര കടന്നു. തൂക്കുപാലത്തിനു നാടുവിലെത്തുമ്പോഴേക്കും ആൾത്തിരക്കു കാരണം പാലം നന്നായി ഉലയും. അപ്പോൾ താഴെക്കൂടി ഗംഗ ആർത്തലച്ചു ഒഴുകുന്ന കാഴ്ച ഭീതിയുളവാക്കും. ഗീതാഭവൻ, ത്രിവേണിഘട്ട്, പരമാത്മാനികേതൻ, ബാബാകമ്പിളിവാലാ ആശ്രമം എന്നിവ സന്ദർശിച്ച ശേഷം ഞങ്ങൾ ഹരിദ്വാറിലേക്കു മടങ്ങി.

                                                                    ലക്ഷ്മൺ ജൂലാ






       ഉച്ചയൂണ് കഴിഞ്ഞു ചെറിയൊരു മയക്കത്തിനു ശേഷം ഹരിദ്വാർ നഗരം കാണാനിറങ്ങി. ഗംഗാതീരത്തു  നടക്കുന്ന കുംഭമേള പ്രസിദ്ധമാണ്. മൂന്നു വർഷത്തിലൊരിക്കൽ കുംഭമേളയും ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയും പന്ത്രണ്ടു വർഷത്തിലൊരിക്കൽ മഹാകുംഭമേളയും നടക്കുന്നു. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം ഭക്തജനങ്ങളും സന്യാസിമാരും ഈ മഹാ പ്രസ്ഥാനത്തിൽ പങ്കു ചേരാനായി എത്താറുണ്ട്. ഹരിദ്വാറിലെ പുണ്യ സ്നാനഘട്ടാണ് ഹർ-കി-പൗരി. സന്ധ്യാസമയത്ത് ഇവിടെ നടക്കുന്ന ഗംഗാ ആരതി ഒരു വിശേഷപ്പെട്ട ചടങ്ങാണ്. ഹരിദ്വാറിൽ ശിവാലിക് കുന്നുകളുടെ മുകളിലായി പ്രസിദ്ധമായ മനസാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അവിടേക്കു കാൽനടയായും റോപ്‌വേയിലൂടെയും പോകാം. ഞങ്ങൾ റോപ്‌വേ വഴി ക്ഷേത്രത്തിലെത്തി.നല്ല തിരക്കുണ്ടായിരുന്നു. ക്ഷേത്രമുറ്റത്തു നിന്നാൽ  ഹരിദ്വാർ നഗരവും ഗംഗാ നദിയും കാണാം. മനസാ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്റെ മകളാണെന്നാണ് ഐതിഹ്യം. ക്ഷേത്ര  ദർശനമെല്ലാം കഴിഞ്ഞു ഗംഗാ ആരതി കാണുന്നതിനായി ഞങ്ങൾ ഹർ-കി-പൗരിയിലേക്കു കുതിച്ചു.





    ആരതിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. തീർത്ഥാടകരുടെ നല്ല തിരക്കുണ്ട്. ആരതി കാണുന്നതിനായി ഒരു നല്ല സ്ഥാനം പിടിച്ചു. ആരതി ആരംഭിക്കുകയായി. ദീപങ്ങളാലും മണിയൊച്ചകളാലും അന്തരീക്ഷം ഭക്തിസാന്ദ്രമായി. അകമ്പടിയായി ഗംഗാ മാതാവിനെ സ്തുതിച്ചു കൊണ്ടുള്ള ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്നുമുണ്ട്.   ആ ഗാനം കേട്ടപ്പോൾ എനിക്ക് വലിയമ്മാവനെ ഓർമ വന്നു. മിലിട്ടറിയിൽ ആയിരുന്നു അദ്ദേഹം. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ഒരവധിക്കാലത്തു നാട്ടിൽ അദ്ദേഹം നാഷണൽ കമ്പനിയുടെ ഒരു ടേപ് റിക്കാർഡറുമായിട്ടാണ് വന്നത്. കടുത്ത ഭക്തനായിരുന്നു അദ്ദേഹം ടേപ് റിക്കാർഡറിലൂടെ കേൾപ്പിച്ചിരുന്ന അതേ ഹിന്ദി ഗാനം തന്നെയാണ് ഇപ്പോൾ ഗംഗാ ആരതിക്കു അകമ്പടിയായി കേട്ട് കൊണ്ടിരിക്കുന്നത്. മഹാ ആരതി അവസാനിപ്പിച്ചുകൊണ്ടുള്ള മണിയൊച്ച എന്നെ കുട്ടിക്കാലത്തു നിന്നും ഹർ-കി-പൗരിയിലേക്കു തിരികെ കൊണ്ട് വന്നു. ഗംഗാ ആരതി ഒരു നവ്യാനുഭവമായിരുന്നു. ആരതിക്കു ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. നാളെ വെളുപ്പിന് കേദാർനാഥിലേക്കു യാത്ര തിരിക്കേണ്ടതാണ്. കേദാർനാഥനെ മനസാ ധ്യാനിച്ച് കൊണ്ട് കിടക്കയിലേക്ക് ചുരുണ്ടു.       (തുടരും..)

അഭിപ്രായങ്ങളൊന്നുമില്ല: