2016, നവംബർ 15, ചൊവ്വാഴ്ച

ഹിമവൽ ഭൂവിലൂടെ ഒരു യാത്ര. ഭാഗം ഒന്ന്. ഹൃഷികേശ്,ഹരിദ്വാർ

     ഹിമാലയം മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നെങ്കിലുമൊരിക്കൽ അവിടം സന്ദർശിക്കണം എന്ന് പണ്ടേ മനസ്സിൽ കുറിച്ചിട്ടതാണ്. കഴിഞ്ഞ രണ്ടു വർഷം മുൻപ് നിനച്ചിരിക്കാതെ ഹരിദ്വാർ, ഹൃഷികേശ്, ഡെറാഡൂൺ, മുസോറി എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ ഒരവസരം വീണുകിട്ടിയിരുന്നു. ഹരിദ്വാറിലും ഹൃഷികേശിലും മഹാനദിയായ ഗംഗയുടെ തീരത്ത് കൂടി നടന്നപ്പോൾ ദീർഘമായ ഒരു ഹിമാലയൻ യാത്ര ഞാൻ സ്വപ്നം കണ്ടു.

     അങ്ങനെ രണ്ടു വർഷങ്ങൾ കടന്നു പോയി. വീണ്ടും ഹിമാലയൻ ചിന്തകളാൽ പെട്ടെന്നു തന്നെ യാത്ര തീരുമാനിക്കപ്പെട്ടു. ജോലി തിരക്കും മറ്റും കാരണം ദീർഘനാൾ നാട്ടിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ വയ്യ. ചെറിയ ഒരു യാത്രക്കുള്ള ഒരു തയ്യാറെടുപ്പു തുടങ്ങി. ആദ്യം എവിടെ പോകും അതായി അടുത്ത ചിന്ത. ഒരു ജന്മം കൊണ്ട് കണ്ടു തീർക്കാവുന്നതല്ല ഹൈമവതഭൂമിയുടെ വൈവിധ്യങ്ങൾ. ഹിമാലയത്തിലെ നാല് പ്രധാന ധാമങ്ങളിൽ പോകാമെന്നു തീരുമാനിച്ചു.  ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയാണ് ആ നാലു ധാമങ്ങൾ. കഴിഞ്ഞ തവണ മുസോറി വഴി ശിവാലിക് മലനിരകളിലൂടെ കെംപ്റ്റി വെള്ളച്ചാട്ടം കാണുവാൻ പോയപ്പോൾ യമുനോത്രിയിലേക്കുള്ള ദിശാസൂചിക കണ്ടിരുന്നു. അവിടെ നിന്നും ഏകദേശം നൂറിൽ പരം കിലോമീറ്റർ കൂടി സഞ്ചരിച്ചിരുന്നുവെങ്കിൽ യമുനോത്രിയിൽ  എത്താമായിരുന്നു. പക്ഷെ അന്നത്തെ യാത്രയിൽ അതൊന്നും സാധ്യമായിരുന്നില്ല.

             ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ്എന്നീ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി ഏകദേശം പത്തിരുപത് ദിവസമെങ്കിലും വേണം. യാത്രക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ എന്റെ സുഹൃത്ത് വർമക്കും വരണമെന്നായി. അദ്ദേഹത്തിന് വീട്ടിൽ നിന്നും അധിക ദിവസം മാറി നിൽക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് യാത്രാ ദൈർഘ്യം കുറക്കുവാൻ തീരുമാനിച്ചു. യാത്ര പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളിലാക്കി ചുരുക്കി. ആദ്യം ബദരീനാഥിലും കേദാർനാഥിലും പോകാം പിന്നീട് വരും വർഷങ്ങളിൽ ബാക്കി യാത്രകളുമാവാം എന്നു തീരുമാനിച്ചു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ടിക്കറ്റുകൾ ബുക്ക് ചെയ്തു, ഡൽഹിയിലെത്തിയാൽ താമസിക്കുവാനായി കേരളാ ഹൗസിൽ മുറിയും ഏർപ്പാടു ചെയ്തു. അങ്ങനെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തിരുവനന്തപുരം-നിസ്സാമുദ്ദീൻ ട്രെയിനിൽ ഞങ്ങൾ യാത്രയായി. മൂന്നാം ദിവസം രാവിലെ ഡൽഹിയിലെത്തി. രാത്രി ഒൻപതു മണിക്ക് ഹരിദ്വാറിലേക്കു പുറപ്പെടാം എന്നാണു തീരുമാനിച്ചിരിക്കുന്നത്. പകൽ ഡൽഹിയോന്ന് ചുറ്റിക്കാണാനിറങ്ങി. കരോൾബാഗിൽ നിന്നും യാത്രക്കു വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങി വൈകുന്നേരം ആറുമണിയോടെ ഞങ്ങൾ തിരികെ കേരളാ ഹൗസിലെത്തി. രാത്രി ഭക്ഷണത്തിനായി മെസ് ഹാളിലെത്തിയപ്പോൾ അപ്രതീക്ഷിതമായി വർമയുടെ സുഹൃത്ത് ശ്രീ.സമീറിനെ കണ്ടു. സമീറിനോട് ഞങ്ങൾ യാത്രോദ്ദേശ്യം പങ്കുവെച്ചു. സംസാരമധ്യേ സമീർ തന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശ്രീ. മധു ഭട്ടിന്റെ ഫോൺ നമ്പർ ഞങ്ങൾക്കു തന്നു. അദ്ദേഹം മിക്കവാറും സമയങ്ങളിൽ ഹൈമവത ഭൂവിന്റെ ഏതെങ്കിലും ഒരു കോണിൽ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. ബദരീനാഥിലെ മുഖ്യ പൂജാരിയും മലയാളിയുമായ റാവൽജി മധുവിന്റെ സുഹൃത്താണെന്നും അദ്ദേഹം മുഖേന റാവൽജിയെ നേരിട്ട് കാണുന്നതിന് അവസരമുണ്ടാവുമെന്നും പറഞ്ഞു. മധു ഭട്ട് ധാരാളം തവണ ഹിമാലയ യാത്ര ചെയ്തിട്ടുള്ള ആളാണെന്നു സമീറിന്റെ സംഭാഷണത്തിൽ നിന്നും മനസ്സിലായി.

          കരോൾബാഗിൽ നിന്നുമാണ് ബസ് പുറപ്പെടുന്നത്. കൃത്യ സമയത്തുതന്നെ ഞങ്ങൾ സ്ഥലത്തെത്തി. യാത്രാസംഘത്തിൽ ആകെ പതിനെട്ടുപേർ. ഞങ്ങൾ രണ്ടുപേരൊഴിച്ചു ബാക്കി പതിനാറു പേരും തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവ ഭക്തർ. സ്ത്രീകളും പുരുഷന്മാരുമായി എല്ലാവരും അറുപതു വയസ്സ് പിന്നിട്ടവർ. സഹയാത്രികരെ കണ്ടതോടെ വർമ്മ നിരാശയോടെ എന്നെ നോക്കി. എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാവണം അദ്ദേഹം പെട്ടെന്നു തന്നെ തമാശകൾ പറഞ്ഞു സന്ദർഭം ലഘുവാക്കി. ബസ് പുറപ്പെട്ടപ്പോൾ തന്നെ തമിഴന്മാർ നാമജപം തുടങ്ങി. വയസ്സുകാലത്ത് കാശിക്കു പോകുന്ന പ്രതീതി. ഞങ്ങളും വൈകാതെ അവരോടൊപ്പം കൂടി. അങ്ങനെ ജയ് കേദാർനാഥ് ബാബാ ജയ് ബദരിവിശാൽ വിളികളോടെ ബസ് ഹരിദ്വാറിലേക്കു പുറപ്പെട്ടു.

          വെളുപ്പിന് മൂന്നു മണിയോടെ ഞങ്ങൾ ഹരിദ്വാറിലെത്തി. ഇന്നൊരു പകലും രാത്രിയും ഇവിടെയാണ് താമസം. നാളെയെ ഇവിടെനിന്നും കേദാർനാഥിന് പുറപ്പെടുകയുള്ളൂ. ഹിമാലയത്തിലെ പുണ്യ സ്ഥലങ്ങളിലേക്കുള്ള കവാടമാണ് ഹരിദ്വാർ. രാവിലെ തന്നെ ഹൃഷികേശിന് പുറപ്പെട്ടു. ഹൃഷികേശ് കണ്ടതിനു ശേഷം ഹരിദ്വാർ വിസ്തരിച്ചു കാണാമെന്നു തീരുമാനിച്ചു. ഹരിദ്വാറിൽ നിന്നും ഇരുപത്തിനാലു കിലോമീറ്റർ ദൂരമുണ്ട് ഹൃഷികേശിന്. ഇവ രണ്ടും ഗംഗയുടെ തീരത്തെ ചെറുപട്ടണങ്ങളാണ്. വിവിധദേശക്കാരായ തീർത്ഥാടകരാലും സന്യാസിമാരാലും കച്ചവക്കാരാലും ഈ പട്ടണങ്ങളിൽ എപ്പോഴും തിരക്ക് തന്നെ. ഇന്ത്യയിലെ മറ്റേതു പട്ടണങ്ങളിലെയും പോലെ മാലിന്യ കൂമ്പാരങ്ങൾക്കു ഒരു കുറവുമില്ല.

       ഹൃഷികേശ്,ഹരിദ്വാർ 

    വിഷ്ണുസഹസ്രനാമത്തിൽ മഹാവിഷ്ണുവിന്റെ പര്യായമായി ഹൃഷികേശിന്റെ പേര് ഉപയോഗിക്കുന്നുണ്ട്. ശിവാലിക് കുന്നുകളുടെ താഴ്വാര പ്രദേശമായ ഇവിടം പൗരാണിക കാലം മുതൽക്കു തന്നെ ഋഷീശ്വരന്മാരും മുനിമാരും താമസമാക്കിയിരുന്നതായി ചരിത്രം പറയുന്നു. ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളും കൂടാതെ യോഗ പരിശീലന കേന്ദ്രങ്ങളും ധ്യാന കേന്ദ്രങ്ങളും  ഈ നഗരിയിലുണ്ട്. ഭരതക്ഷേത്രം, ലക്ഷ്മണ ക്ഷേത്രം, കാളീക്ഷേത്രം എന്നിവ ഹൃഷികേശിലെ പ്രധാന ക്ഷേത്രങ്ങളാണ്.  വിദേശികളാണ് യോഗാ കേന്ദ്രങ്ങളിലെ പ്രധാന സന്ദർശകർ. ഹൃഷികേശിൽ ഗംഗക്ക് കുറുകെ രാം ജൂലായെന്നും ലക്ഷ്മൺ ജൂലായെന്നും പേരുള്ള രണ്ടു തൂക്കുപാലങ്ങൾ ഉണ്ട്. തീർത്ഥാടകരും, തദ്ദേശീയരും കൂടാതെ പശുക്കളും കുരങ്ങന്മാരും ഗംഗക്ക് മറുകരയെത്താൻ ഈ സംവിധാനമുപയോഗിക്കുന്നു. ഭക്തിരസ പ്രാധാന്യത്തോടൊപ്പം  സാഹസികത ഇഷ്ടപ്പെടുന്നവരുടെ കൂടി ഇഷ്ടഭൂമിയയാണ് ഹിമാലയം. ഗംഗയിലെ കുത്തൊഴുക്കിൽ  റാഫ്റ്റിംഗ് നടത്തുന്ന ധാരാളം സാഹസികരെ ഞങ്ങൾ കണ്ടു. ഞങ്ങൾ ലക്ഷ്മൺ ജൂലായിൽക്കൂടി മറുകര കടന്നു. തൂക്കുപാലത്തിനു നാടുവിലെത്തുമ്പോഴേക്കും ആൾത്തിരക്കു കാരണം പാലം നന്നായി ഉലയും. അപ്പോൾ താഴെക്കൂടി ഗംഗ ആർത്തലച്ചു ഒഴുകുന്ന കാഴ്ച ഭീതിയുളവാക്കും. ഗീതാഭവൻ, ത്രിവേണിഘട്ട്, പരമാത്മാനികേതൻ, ബാബാകമ്പിളിവാലാ ആശ്രമം എന്നിവ സന്ദർശിച്ച ശേഷം ഞങ്ങൾ ഹരിദ്വാറിലേക്കു മടങ്ങി.

                                                                    ലക്ഷ്മൺ ജൂലാ






       ഉച്ചയൂണ് കഴിഞ്ഞു ചെറിയൊരു മയക്കത്തിനു ശേഷം ഹരിദ്വാർ നഗരം കാണാനിറങ്ങി. ഗംഗാതീരത്തു  നടക്കുന്ന കുംഭമേള പ്രസിദ്ധമാണ്. മൂന്നു വർഷത്തിലൊരിക്കൽ കുംഭമേളയും ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയും പന്ത്രണ്ടു വർഷത്തിലൊരിക്കൽ മഹാകുംഭമേളയും നടക്കുന്നു. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം ഭക്തജനങ്ങളും സന്യാസിമാരും ഈ മഹാ പ്രസ്ഥാനത്തിൽ പങ്കു ചേരാനായി എത്താറുണ്ട്. ഹരിദ്വാറിലെ പുണ്യ സ്നാനഘട്ടാണ് ഹർ-കി-പൗരി. സന്ധ്യാസമയത്ത് ഇവിടെ നടക്കുന്ന ഗംഗാ ആരതി ഒരു വിശേഷപ്പെട്ട ചടങ്ങാണ്. ഹരിദ്വാറിൽ ശിവാലിക് കുന്നുകളുടെ മുകളിലായി പ്രസിദ്ധമായ മനസാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അവിടേക്കു കാൽനടയായും റോപ്‌വേയിലൂടെയും പോകാം. ഞങ്ങൾ റോപ്‌വേ വഴി ക്ഷേത്രത്തിലെത്തി.നല്ല തിരക്കുണ്ടായിരുന്നു. ക്ഷേത്രമുറ്റത്തു നിന്നാൽ  ഹരിദ്വാർ നഗരവും ഗംഗാ നദിയും കാണാം. മനസാ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്റെ മകളാണെന്നാണ് ഐതിഹ്യം. ക്ഷേത്ര  ദർശനമെല്ലാം കഴിഞ്ഞു ഗംഗാ ആരതി കാണുന്നതിനായി ഞങ്ങൾ ഹർ-കി-പൗരിയിലേക്കു കുതിച്ചു.





    ആരതിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. തീർത്ഥാടകരുടെ നല്ല തിരക്കുണ്ട്. ആരതി കാണുന്നതിനായി ഒരു നല്ല സ്ഥാനം പിടിച്ചു. ആരതി ആരംഭിക്കുകയായി. ദീപങ്ങളാലും മണിയൊച്ചകളാലും അന്തരീക്ഷം ഭക്തിസാന്ദ്രമായി. അകമ്പടിയായി ഗംഗാ മാതാവിനെ സ്തുതിച്ചു കൊണ്ടുള്ള ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്നുമുണ്ട്.   ആ ഗാനം കേട്ടപ്പോൾ എനിക്ക് വലിയമ്മാവനെ ഓർമ വന്നു. മിലിട്ടറിയിൽ ആയിരുന്നു അദ്ദേഹം. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ഒരവധിക്കാലത്തു നാട്ടിൽ അദ്ദേഹം നാഷണൽ കമ്പനിയുടെ ഒരു ടേപ് റിക്കാർഡറുമായിട്ടാണ് വന്നത്. കടുത്ത ഭക്തനായിരുന്നു അദ്ദേഹം ടേപ് റിക്കാർഡറിലൂടെ കേൾപ്പിച്ചിരുന്ന അതേ ഹിന്ദി ഗാനം തന്നെയാണ് ഇപ്പോൾ ഗംഗാ ആരതിക്കു അകമ്പടിയായി കേട്ട് കൊണ്ടിരിക്കുന്നത്. മഹാ ആരതി അവസാനിപ്പിച്ചുകൊണ്ടുള്ള മണിയൊച്ച എന്നെ കുട്ടിക്കാലത്തു നിന്നും ഹർ-കി-പൗരിയിലേക്കു തിരികെ കൊണ്ട് വന്നു. ഗംഗാ ആരതി ഒരു നവ്യാനുഭവമായിരുന്നു. ആരതിക്കു ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. നാളെ വെളുപ്പിന് കേദാർനാഥിലേക്കു യാത്ര തിരിക്കേണ്ടതാണ്. കേദാർനാഥനെ മനസാ ധ്യാനിച്ച് കൊണ്ട് കിടക്കയിലേക്ക് ചുരുണ്ടു.       (തുടരും..)

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ഒരു വന്യ മൃഗ സെൻസസിന്റെ ഓർമ്മക്ക്

           ഇത് ഓർമ്മയിൽ നിന്നും എഴുതുന്നതാണ്. എന്നാൽ കഥയല്ല. നടന്ന സംഭവം തന്നെ. ഈ സംഭവം നടക്കുമ്പോൾ എന്റെ പക്കൽ ക്യാമറ ഇല്ലായിരുന്നത് കാരണം ദൃശ്യവൽക്കരിക്കുവാൻ കഴിഞ്ഞിട്ടില്ല.

       ഇനി കാര്യത്തിലേക്കു കടക്കാം. 1992-93 കാലം. ഡിഗ്രി പഠനമൊക്കെ കഴിഞ്ഞു ഒരു ഇടവേള. അങ്ങനെയിരിക്കെ പത്രത്തിൽ ഒരു വാർത്ത. പൊതുജന പങ്കാളിത്തത്തോടെ വന്യമൃഗങ്ങളുടെ കണക്കെടുക്കുന്നു. ഒന്നും ആലോചിച്ചില്ല. ഉടൻ തന്നെ വാർത്തയിൽ കണ്ട വിലാസത്തിൽ അപേക്ഷിച്ചു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അതാ കേരളാ വനം വകുപ്പിൽ നിന്നും ഒരു കത്ത്. താല്പര്യമുണ്ടെങ്കിൽ യഥാർത്ഥ കണക്കെടുപ്പിനു മുന്നോടിയായി ഒരു ട്രെയിനിങ് തേക്കടിയിൽ വച്ചു നടത്തുന്നു. അതിൽ പങ്കെടുക്കാൻ. ഇതേ സമയം തന്നെ ഈ പരിപാടിക്കായി എന്റെ അയൽവാസിയും സുഹൃത്തുമായ ശ്രീ. തുളസിയും അപേക്ഷ നൽകിയിരുന്നു. അദ്ദേഹത്തെയും  ട്രെയിനിങ്ങിനായി തേക്കടിയിലേക്കു വിളിച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങൾ വന്യമൃഗ കണക്കെടുപ്പിന്റെ ട്രെയിനിങ്ങിനായി തേക്കടിയിലേക്കു പുറപ്പെട്ടു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയാണ്. തേക്കടിയിലെത്തി അവിടെ വനം വകുപ്പിന്റെ ഇൻസ്‌പെക്ഷൻ ബംഗ്ളാവിലായിരുന്നു താമസവും പരിശീലനവും. ഞാനുൾപ്പെടെ ഏകദേശം പത്തു മുപ്പത് പേര് വന്നിട്ടുണ്ടായിരുന്നു. മുന്ന് ബാച്ചായിട്ടായിരുന്നു പരിശീലനം. മൃഗങ്ങളെ തിരിച്ചറിയുന്ന വിധം, അവ കൂടുതലായി കാണപ്പെടുന്ന സ്ഥലം, അവയുടെ ആഹാര രീതി, കടുവയുടെയും മറ്റും കാൽപാട് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച്  പതിച്ചെടുക്കുന്ന രീതി, ആൺ പെൺ വ്യത്യാസം മനസ്സിലാക്കൽ തുടങ്ങി അത്യാവശ്യം വേണ്ട സംഗതികളെല്ലാം തന്നെ ഈ രണ്ടു ദിവസങ്ങൾക്കുള്ളിൽ പഠിപ്പിച്ചു. തേക്കടി വനത്തിനുള്ളിലൂടെ പരിശീലനത്തിന്റെ ഭാഗമായുള്ള യാത്ര അതീവ ഹൃദ്യവും അതിലേറെ അത്ഭുതവുമായിരുന്നു. ധാരാളം വന്യമൃഗങ്ങളെ അതിന്റെ ആവാസവ്യവസ്ഥയിൽ വച്ചു തന്നെ കാണുവാൻ കഴിഞ്ഞു. എന്റെ ജീവിതത്തിൽ അത്തരമൊരു അനുഭവം ആദ്യമായിരുന്നു.പരിശീലനമെല്ലാം കഴിഞ്ഞു ഞങ്ങൾ നാട്ടിൽ മടങ്ങിയെത്തി. കണക്കെടുപ്പ് ദിവസം അറിയിക്കാം എന്ന് പറഞ്ഞിരുന്നു. എന്തായാലും പരിശീലനത്തിന്റെ അവസാന ദിവസം വനം വകുപ്പുകാർ പറഞ്ഞ ഒരു കാര്യം ഞങ്ങളിൽ ആശങ്കയുണ്ടാക്കി. അതായത് വന്യ മൃഗങ്ങളുടെ കണക്കെടുപ്പ് അത്യന്തം അപകടം നിറഞ്ഞ ഒരു പരിപാടിയാണെന്നും അതുകൊണ്ടുതന്നെ യഥാർത്ഥ കണക്കെടുപ്പിൽ പങ്കെടുക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ ആയിരിക്കുമെന്നും ഞങ്ങളോട് പറഞ്ഞിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാൽ വനം വകുപ്പോ കേരളാ ഫോറസ്ററ് റിസേർച് ഇന്സ്ടിട്യൂട്ടോ ഉത്തരവാദികളായിരിക്കുകയില്ല. ഇതെല്ലാം പിന്നീട് ഒരു മുദ്രപ്പത്രത്തിൽ ഞങ്ങളിൽ നിന്നും എഴുതി വാങ്ങി. നാട്ടിലെത്തി എന്റെ സുഹൃത്ത് തുളസി ഇനി കണക്കെടുപ്പിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ പ്രത്യേകിച്ച് ഒരു തീരുമാനമെടുത്തില്ല.


       അങ്ങനെ ദിവസങ്ങൾ കുറെ കഴിഞ്ഞു. നിനച്ചിരിക്കാതെ ഒരു ദിവസം വനം വകുപ്പിൽ നിന്നും അറിയിപ്പ് കിട്ടി. റാന്നി ഡി.എഫ്.ഓ യുടെ ഓഫീസിലെത്താനാണ് നിർദ്ദേശം. എന്തായാലും ഞാൻ പോകാമെന്നു തന്നെ തീരുമാനിച്ചു. അമ്മയോട് എന്തോ കളവു പറഞ്ഞു ഞാൻ യാത്രയായി. റാന്നി ഡി.എഫ്.ഓ  ഓഫീസിലെത്തി. അവിടെ ഞാൻ മാത്രമേ എത്തിയിട്ടുള്ളൂ. അങ്ങനെ ഉച്ചയായപ്പോഴേക്കും രണ്ടു പേര് കൂടിയെത്തി. ഏഴു ദിവസമാണ് കണക്കെടുപ്പ് പരിപാടി. ഡി.എഫ്.ഓ. കാര്യങ്ങൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. ഒരു കണക്കെടുപ്പുകാരന്റെ കൂടെ ഒരു ഫോറെസ്റ് ഗാർഡ്. ഞങ്ങൾക്ക് കണക്കെടുക്കേണ്ട സ്ഥലവും പറഞ്ഞു തന്നു. എനിക്ക് കണമല ഫോറസ്ററ് സ്റ്റേഷനിൽ എത്തണം. അവിടെനിന്നും കാട്ടിലൂടെ കുറെ നടന്നു വേണം യഥാർത്ഥ സെൻസസ് പോയിന്റിൽ എത്താൻ. കണമല വരെ എന്നെയും കൂടെയുള്ള മറ്റു രണ്ടു ഗ്രൂപ്പിനെയും  ജീപ്പിൽ കൊണ്ടാക്കി. അവിടെ നിന്നും ഞങ്ങൾ മൂന്നായി പിരിഞ്ഞു. ഞാനും എന്നോടൊപ്പമുള്ള ഫോറസ്ററ് ഗാർഡ് ബാബുവും കാട്ടിനുള്ളിലെ ട്രൈബൽ സെറ്റിൽമെന്റിലേക്ക് നടന്നു. സമയം ഏകദേശം വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു. ഏകദേശം അഞ്ചരയോടെ ഞങ്ങൾ രണ്ടുപേരും ട്രൈബൽ സെറ്റിൽമെന്റിൽ എത്തിച്ചേർന്നു. അവിടെ കാടിന്റെ ഓരത്തായി പമ്പയാറിനോട് ചേർന്ന് ഞങ്ങൾ താൽക്കാലിക ടെന്റ് ഉയർത്തി. ഒരാഴ്ചത്തേയ്ക്കുള്ള അരിയും മറ്റു പലവ്യഞ്ജനങ്ങളും ഞങ്ങൾ കരുതിയിരുന്നു. ആഹാരം ഉണ്ടാക്കാനും മറ്റുമായി അടുത്തുള്ള ആദിവാസി കോളനിയിൽ ഏൽപ്പിച്ചു. പമ്പാനദി കളകളാരവം മുഴക്കി വശ്യമനോഹരമായി ഒഴുകുന്നതിന്റെ അടുത്തു തന്നെയാണ് ഞങ്ങളുടെ താൽക്കാലിക കൂടാരം. കൂടാരമടിച്ച ശേഷം ഞാൻ പമ്പാ നദിയിലേക്കിറങ്ങി. ആഴം കുറഞ്ഞു വിശാലമായി ഒഴുകുന്ന പമ്പ. നദിയിൽ നിറയെ പാറക്കൂട്ടങ്ങൾ. പാറക്കൂട്ടങ്ങൾക്കിടയിയൂടെ വളഞ്ഞു പുളഞ്ഞു കലപില ശബ്ദമുണ്ടാക്കി അവളെങ്ങനെ ഒഴുകുന്നു. എത്രസമയം കണ്ണാടി സമാനമായ ആ തെളിനീരിൽ കിടന്നാലും മതിവരില്ല.


      സമയം സന്ധ്യയായി. ഞാൻ കുളി കഴിഞ്ഞു ടെന്റിലെത്തി. അപ്പോഴേക്കും ഞങ്ങൾക്കുള്ള ചായ റെഡിയായിരുന്നു. അതിരാവിലെ തന്നെ മൃഗങ്ങളെ തേടിയിറങ്ങണം. പ്രഭാതമാണ് കണക്കെടുപ്പിനു പറ്റിയ സമയം. ഓരോ മൃഗങ്ങളുടെയും കണക്കെഴുതാൻ വ്യത്യസ്ത നിറങ്ങളുള്ള ഡാറ്റ ഷീറ്റുകൾ കരുതിയിരുന്നു. കൂടാതെ കടുവയുടെ കാൽപാടെടുക്കാൻ പ്ലാസ്റ്റർ ഓഫ് പാരീസ്, വടക്കു നോക്കി യന്ത്രം, വെട്ടുകത്തി എന്നിവയും ഞങ്ങൾ കരുതിയിരുന്നു. ആദ്യ ദിവസം ആന, രണ്ടാം ദിവസം കാട്ടുപോത്ത്, മൂന്നാം ദിവസം മാനുകൾ, നാലാം ദിവസം മ്ലാവ്, കരടി, അഞ്ചാം ദിവസം കടുവ, പുലി, ആറാം ദിവസം മറ്റു മൃഗങ്ങൾ, ഏഴാം ദിവസം എടുത്ത കണക്കുകൾ ക്രോഡീകരിക്കൽ എന്നിങ്ങനെയായിരുന്നു പരിപാടി. അത്താഴം കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടന്നു. സത്യത്തിൽ ഒരു ധൈര്യത്തിലായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്. ആ രാത്രിയോടെ മനസ്സിൽ ചെറിയ ഭീതി നിറഞ്ഞു തുടങ്ങി. അതിരാവിലെ തന്നെ ഞങ്ങൾ കണക്കെടുപ്പിനിറങ്ങി. എന്റെ കൂടെയുള്ള ഫോറസ്ററ് ഗാർഡ് ബാബുവിന് ഈ പരിപാടിയിൽ അത്ര താല്പര്യം ഉള്ളതായി തോന്നിയില്ല. തുടക്കം മുതലേ ഒരു സഹകരണമില്ലായ്മ അനുഭവപ്പെട്ടു. ആദ്യദിവസം കുറെ നടന്നിട്ടും ആനയെ ഒന്നും കാണാനായില്ല. എന്നാൽ ധാരാളം മാനുകളെയും മ്ലാവിനെയും കണ്ടു. പുഴയുടെ ഓരത്തും ചതുപ്പ് സ്ഥലങ്ങളിലുമാണ് കൂടുതലായി മൃഗങ്ങളെ കാണുവാൻ കഴിയുക. കാട്ടുപന്നി, മുള്ളൻ പന്നി, കൂര മാൻ (Musk deer ) തുടങ്ങിയ മൃഗങ്ങളെയും മയിൽ, വേഴാമ്പൽ തുടങ്ങി പക്ഷികളെയും കണ്ടു. അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു. ഉച്ചക്ക് ഏകദേശം പതിനൊന്നര പന്ത്രണ്ട് മണിയോടെ ഞങ്ങൾ ടെന്റിൽ മടങ്ങിയെത്തി.

    ഉച്ചക്ക് പുഴയിലിറങ്ങി നന്നായൊന്നു കുളിച്ചു. തിരികെ ടെന്റിലെത്തി. ബാബുവുമായി കൂടുതലായി പരിചയപ്പെട്ടു. കോട്ടയമാണ് ടിയാന്റെ സ്ഥലം. ഫോറസ്ററ് ഗാർഡായി ജോലി കിട്ടിയിട്ട് അധിക നാളായില്ല. ഉന്നത ബിരുദ ധാരിയാണ്. ഈ ജോലിയിലെ അപകട സാധ്യതയെ പറ്റിയും മറ്റും വിശദമായി സംസാരിച്ചു. കൂട്ടത്തിൽ കാട്ടിൽ തനിക്കു നേരിട്ട അനുഭവങ്ങളും സംസാരവിഷയമായി. ബാബുവിന്റെ വിവരണത്തിൽ നിന്നും എന്റെ മനസ്സിൽ നിന്നും മാറി നിന്ന ഭയം വീണ്ടും തലപൊക്കി. അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു. രണ്ടാം ദിവസവും അതിരാവിലെ തന്നെ കാടിന്റെയുള്ളിലേക്കിറങ്ങി. വഴിക്കുവച്ചു കാട്ടിൽ വിറകു ശേഖരിക്കാൻ പോകുന്ന ചില ആദിവാസികളെ കണ്ടു. ഞങ്ങൾ പോകുന്ന വഴിയിൽ ഒരു കരിങ്കൂളി കൂടു കെട്ടി അടയിരിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകി. ആ വഴിക്കു പോകേണ്ട എന്നും പറഞ്ഞു. ഈ കരിങ്കൂളി എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ എന്റെ സംശയം കൂടെയുള്ള ഗാർഡിന്റെയടുത്തു ചോദിച്ചു. രാജവെമ്പാലക്കാണ് ആദിവാസികൾ കരിങ്കൂളി എന്ന് പറയുന്നത്. കരിങ്കൂളിക്ക് തലയിൽ പൂവുണ്ടെന്നും അടുത്തു ചെന്നാൽ അത് ആക്രമിക്കും എന്നും അവർ കൂട്ടിച്ചേർത്തു. രാജവെമ്പാലയെ ഞാൻ ഇതുവരെയായും നേരിട്ട് കണ്ടിട്ടില്ല. പക്ഷെ രാജവെമ്പാലയുടെ തലയിൽ പൂവുള്ളതായി എനിക്ക് അറിവില്ല. ഉള്ളിൽ ഭയമുണ്ടെങ്കിലും അതൊന്നു കാണണമെന്ന് തോന്നി. എന്റെ ആഗ്രഹം ഞാൻ ബാബുവിന്റെയടുത്തു പറഞ്ഞു. ബാബു എന്നെ പിന്തിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു. ഒടുവിൽ എന്റെ ആഗ്രഹത്തിന് വഴങ്ങി. ഞങ്ങൾ രാജവെമ്പാല കൂടു കെട്ടിയിരിക്കുന്ന മുളംകാടിനടുത്തേക്കു നടന്നു. ദൂരെ ഒരു ഉയർന്ന സ്ഥലത്തു നിന്നും ഞങ്ങളാ കാഴ്ച കണ്ടു. കരിയിലകൾ കൂട്ടി രാജവെമ്പാല മുട്ടയ്ക്ക് അടയിരിക്കുന്നു.ആദിവാസികളുടെ വിവരണം പോലെ തലയിൽ പൂവൊന്നും കണ്ടില്ല. പക്ഷേ അതിന്റെ രാജകീയമായ ഇരുപ്പു തന്നെ കാഴ്ചക്കാരിൽ ഭയമുളവാക്കും. അധികസമയം അവിടെ നിന്നില്ല. ഭയം കാരണം നെഞ്ചു മിടിക്കുന്നത് അടുത്തു നിൽക്കുന്ന ആൾക്കു പോലും കേൾക്കാം. പെട്ടെന്ന് അടിക്കാടിനിടയിലൂടെ എന്തോ ഒന്ന് ഞങ്ങൾക്ക് മുന്നിലൂടെ പാഞ്ഞു പോയി. സത്യത്തിൽ നിലവിളിച്ചു പോയി. ഒരു കാട്ടുപന്നി ആയിരുന്നു. ഞങ്ങൾ വേഗം തിരിച്ചു നടന്നു.

    മഴക്കാടുകളുടെ രൗദ്രത അതിന്റെ പൂർണതയിൽ ഉള്ള ഒരിടമായിരുന്നു അത്. ചില ഭാഗങ്ങളിൽ ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന  വെളിച്ചം മാത്രമേ കാണൂ. അടിക്കാടുകളും ധാരാളം. തൊട്ടടുത്ത മൃഗങ്ങളെ പോലും ചിലപ്പോൾ കണ്ടെന്നു വരില്ല.എന്റെ ഭയത്തിനു ആക്കം കൂട്ടി ബാബു ചില കഥകളും പറഞ്ഞു.  മരത്തിനു മുകളിൽ പതുങ്ങിയിരിക്കുന്ന കരടികളെ  സൂക്ഷിക്കണമെന്നും ചിലപ്പോൾ അവ പെട്ടെന്ന് നമ്മുടെ മുകളിലേക്ക് വീണ് ആക്രമിക്കുമെന്നും പറഞ്ഞു. അങ്ങനെയൊരു കരടിയുടെ ആക്രമണത്തിൽ കൈകൾ നഷ്ടപ്പെട്ട ഒരാദിവാസിയെ എനിക്ക് കാണിച്ചു തരികയും ചെയ്തു. എന്റെയുള്ളിലെ ഭയം അതിന്റെ ഉച്ചസ്ഥായിൽ എത്തി. തിരികെ വീട്ടിലേക്കു പോയാലോ എന്ന് ചിന്തിച്ചു തുടങ്ങി. തിരികെ ക്യാംപിൽ വന്നു. സമയം ഉച്ചയായിരുന്നു. എന്റെ മനസ് അറിഞ്ഞിട്ടെന്നവണ്ണം ബാബു തിരികെ വീട്ടിൽ പോയാലോ എന്ന് ചോദിച്ചു. ബാബുവിന് എങ്ങനെയെങ്കിലും ഇതൊന്നു മതിയാക്കി വീട്ടിൽ പോകണമെന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ മറ്റൊരു വഴിയിലൂടെ കാടിന്റെ മറു ഭാഗത്തെത്തി. കാട്ടിലൂടെ ഏകദേശം എട്ടൊമ്പത് കിലോമീറ്റർ നടന്നു കാണണം. വൈകിട്ട് അഞ്ചുമണിയോടെ ഞങ്ങൾ കുടമുരുട്ടി എന്ന സ്ഥലത്തെത്തി. ക്യാമ്പ് തീരാൻ ഇനിയും മൂന്നു ദിവസം ബാക്കിയുണ്ട്.അഞ്ചരയോടെ റാന്നിയിലേക്കുള്ള ബസ് വന്നു. ഞങ്ങൾ റാന്നിയിലെത്തി. ക്യാമ്പിന്റെ അവസാന ദിവസം ആരുമറിയാതെ ഞങ്ങൾ വന്ന വഴിയേ തന്നെ ക്യാമ്പിലെത്തി പരിപാടി അവസാനിപ്പിക്കാനായിരുന്നു പ്ലാൻ. ഞാൻ രാത്രിയോടെ വീട്ടിലെത്തി. യാത്രാക്ഷീണത്താൽ വേഗം തന്നെ ഉറങ്ങിപ്പോയി. അങ്ങനെ രണ്ടു ദിവസങ്ങൾ കഴിഞ്ഞു. മൂന്നാം ദിവസം നേരത്തെ പ്ലാൻ ചെയ്തതു പോലെ രാവിലെ ഞങ്ങൾ റാന്നിയിൽ ഒരുമിച്ചു. കുടമുരുട്ടിയിൽ എത്തി കാടിനുള്ളിലൂടെ ഉച്ചയോടെ ക്യാമ്പിലെത്തി.  ഇത്രയും ഭാഗം ഞങ്ങൾ പ്ലാൻ ചെയ്തതുപോലെ  ഭംഗിയായി നടന്നു. ഇനിയാണ് ക്ലൈമാക്സ്. ക്യാംപിലെത്തിയപ്പോൾ അവിടെ ഒരാൾക്കൂട്ടം. വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും ആദിവാസികളുമായി കുറച്ച് ആൾക്കാർ. എന്താണ് സംഭവമെന്നറിയാതെ ഞാൻ പരിഭ്രമിച്ചു. അടുത്തു ചെന്ന പാടെ വനം വകുപ്പിലെ ഓഫീസർമാർ ഫോറസ്ററ് ഗാർഡ് ബാബുവിനോട് ഞങ്ങൾ എവിടെയായിരുന്നു എന്ന് ചോദിച്ചു. ഇന്നലെ രാത്രി മുതൽ അവർ ഞങ്ങളെ അന്വേഷിച്ചു നടക്കുകയായിരുന്നു. ബാബു വലിയൊരു അബദ്ധം കാണിച്ചു. അയാൾക്ക് ഈ സെൻസസ് പരിപാടിയിൽ യഥാർത്ഥത്തിൽ താല്പര്യമില്ലായിരുന്നു. അതിൽനിന്നും രക്ഷപെടാൻ അയാൾ കണ്ടെത്തിയ മാർഗമായിരുന്നു ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം. ക്യാംപിനു പുറപ്പെടുമ്പോൾ അയാൾ ഭാര്യയോട് പറഞ്ഞിരുന്നു അവർക്കു അസുഖം കൂടുതലാണെന്നു കാണിച്ചു ടെലിഗ്രാം അയക്കണമെന്ന്. അവർ അപ്രകാരം ചെയ്യുകയും ചെയ്തു. പക്ഷെ അത് വരുന്നതിനു മുൻപ് തന്നെ ഞങ്ങൾ സ്ഥലം വിട്ടിരുന്നതിനാൽ റാന്നി ഫോറസ്ററ് ഓഫിസിൽ നിന്നും ടെലിഗ്രാം കൊണ്ട് കാട്ടിൽ വന്ന ഫോറസ്റ്റുകാർ ഞങ്ങളെ ക്യാംപിൽ കാണാതെ ഭയപ്പെട്ടു. അവർ കാട് മുഴുവൻ അരിച്ചു പെറുക്കി. തെരച്ചിലിൽ ആദിവാസികളും കൂടി. ഇതായിരുന്നു കഥ. ബാക്കി പറയേണ്ടല്ലോ? ഞാൻ സർക്കാർ ജീവനക്കാരനല്ലായിരുന്നത് കൊണ്ട് എനിക്ക് മറ്റു കുഴപ്പമുണ്ടായില്ല. ബാബുവിനെ കാത്ത് സസ്‌പെൻഷൻ അടക്കമുള്ള കാര്യങ്ങൾ കാത്തിരിക്കുന്നു. അങ്ങനെ ഒരു വനപർവം കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങിയെത്തി. പിന്നീട് ബാബുവിന്റെ കാര്യമെന്തായി എന്ന് എനിക്ക് അറിവില്ല. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ വന്യമൃഗ സെൻസസിൽ പങ്കെടുത്തതിന് എനിക്ക് സർക്കാരിന്റെ സർട്ടിഫിക്കറ്റ് കിട്ടി. രസകരമായ ആ അനുഭവത്തിന്റെ ഓർമ്മക്കായി അതിന്നും ഞാൻ സൂക്ഷിക്കുന്നു.




2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

രമണാശ്രമത്തിൽ

       രമണമഹർഷിയുടെ ജീവിതം കൊണ്ട് അനുഗ്രഹീതമായ തിരുവണ്ണാമലയും അരുണാചല മൂർത്തിയുടെ ദിവ്യ സ്ഥാനവുമായ അരുണാചലവും കാണണമെന്നുള്ളത്  എന്റെ വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു. ഒരു തവണ അതിനായി യാത്ര പുറപ്പെട്ടതുമാണ്. അന്ന്  ചില കാരണങ്ങളാൽ യാത്ര മുടക്കേണ്ടി വന്നു.  ഞങ്ങൾ മൂന്നു പേരാണ് രമണാശ്രമത്തിലേക്ക് യാത്രയായത്. ഞാൻ ശ്രീ.രാജേഷ് പിന്നെ ഇത്തരം യാത്രകളിലെ എന്റെ സ്ഥിരം കൂട്ടായ ശ്രീ.നരേന്ദ്ര വർമയും. വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസ്സ്  ട്രെയിനിൽ ഞങ്ങൾ മൂവർ സംഘം യാത്രയാരംഭിച്ചു. രാത്രി ഭക്ഷണമൊന്നും ഞങ്ങൾ കരുതിയിട്ടുണ്ടായിരുന്നില്ല. ട്രെയിനിൽ ഞങ്ങൾക്ക് നല്ല ഒരു സഹയാത്രികനെ കിട്ടി. ശ്രീ. രാമസ്വാമി. അദ്ദേഹം തിരുവനന്തപുരത്തുകാരനാണ്. തിരുനെൽവേലിയിൽ ഒരു ഫാം നടത്തുന്നു. മാസത്തിൽ ഒരു തവണയെങ്കിലും അദ്ദേഹം തിരുനെൽവേലിയിൽ പോകാറുണ്ട്. രാത്രി ഭക്ഷണം അദ്ദേഹം ഓഫർ ചെയ്തു. ഞങ്ങൾ മറുത്തെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഫോണെടുത്ത് തിരുനെൽവേലിയിലുള്ള സഹായിയോട് ഞങ്ങൾക്കുള്ള ഭക്ഷണവുമായി തിരുനെൽവേലി റയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കാൻ പറഞ്ഞു. രാത്രി ഒൻപതു മണിയോടെ ട്രെയിൻ തിരുനെൽവേലിയിലെത്തി. പറഞ്ഞതുപോലെ തന്നെ ഞങ്ങൾക്കുള്ള ഭക്ഷണവുമായി ശ്രീ. രാമസ്വാമിയുടെ സഹായി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രീ.രാമസ്വാമിയുമായി നന്നായി അടുത്തു. മടക്കയാത്രയിൽ തിരുനെൽവേലിയിലിറങ്ങണമെന്നും ഫാം ഹൗസിൽ ഒരു ദിവസം താമസിച്ചു സ്ഥലങ്ങളും മറ്റും കണ്ടിട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു തവണയാവട്ടെ എന്ന് പറഞ്ഞു സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

         രാവിലെ അഞ്ചരയോടെ ഞങ്ങൾ വില്ലുപുരത്തെത്തി. വിഴുപുരമെന്നു തമിഴിൽ. ഇവിടെ നിന്നും രണ്ടു  മണിക്കൂറോളം ബസ് യാത്ര ചെയ്തു വേണം തിരുവണ്ണാമലയിലെത്താൻ. ബസ് സ്റ്റാന്റിലെത്തി തിരുവണ്ണാമലക്കു ബസ് കയറി. രമണാശ്രമത്തിനടുത്തു  നേരത്തെ തന്നെ മുറി ബുക്ക് ചെയ്തിരുന്നു. ആശ്രമത്തിനടുത്ത് ഇറങ്ങുമ്പോൾ ധാരാളം വിദേശികൾ. ഏതോ യൂറോപ്യൻ പ്രദേശത്ത് ചെന്നെത്തിയത് പോലെ. എല്ലാവരും ആശ്രമത്തിൽ വരുന്നവരാണ്. ബ്രിട്ടീഷ് ആത്മീയവാദിയും ശ്രീ. രമണരുടെ ശിഷ്യനുമായിരുന്ന  ശ്രീ.പോൾ ബ്രണ്ടന്റെ സ്വാധീനത്താൽ ധാരാളം വിദേശികൾ ഇവിടെ സന്ദർശിക്കാൻ എത്തുന്നുണ്ട്.  രമണമഹർഷിയുടെ ദർശനങ്ങൾക്ക് പാശ്ചാത്യ ലോകത്ത് പ്രചാരം നൽകുന്നതിൽ ശ്രീ.പോൾ ബ്രണ്ടൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.


ആശ്രമ ഗേറ്റ് 

   മുറിയിലെത്തി നന്നായി ഒരു കുളി പാസാക്കി ബ്രെക്ഫാസ്റ് കഴിക്കുവാനായി പുറത്തിറങ്ങി. അതുകഴിഞ്ഞു നേരെ ഞങ്ങൾ ആശ്രമത്തിലേക്ക് നടന്നു. രാവിലെ തന്നെ നല്ല തിരക്കുണ്ട്. തദ്ദേശീയരെക്കാൾ കൂടുതൽ വിദേശികൾ തന്നെ. ഇന്ന് പൗർണമി കൂടിയാണ്. പൗർണമി നാളിലാണ് ഗിരിവലം വെക്കൽ ചടങ്ങ്. അരുണാചല പർവ്വതത്തിനു ചുറ്റും കാൽ നടയായി വലം വെക്കുക ഒരു പുണ്യ പ്രവർത്തിയാണ്. അന്നേദിവസം അരുണാചലേശ്വരനെ ദർശിക്കുന്നതും ഭാഗ്യം തന്നെ. ഞങ്ങൾ പൗർണമി ദിവസം കണക്കു കൂട്ടി വന്നതൊന്നുമല്ല. പക്ഷെ അത് തികച്ചും യാദൃശ്ചികമായിരുന്നു. ആശ്രമത്തിലേക്കു ഞങ്ങൾ കയറി. തിരക്കുണ്ടെങ്കിലും തികഞ്ഞ നിശബ്ദത. മഹർഷിയുടെ പാദസ്പര്ശമേറ്റ പുണ്യ ഭൂമിയിലാണല്ലോ നിൽക്കുന്നതെന്ന് ഓർത്തപ്പോൾ ആനന്ദാതിരേകത്താൽ മിഴികൾ സജലങ്ങളായി. കുറച്ചുനേരം ധ്യാനത്തിലിരുന്നു. ആശ്രമത്തോട് ചേർന്ന് ഒരു പുസ്തക ശാലയും മഹർഷിയുടെ അമ്മയുടെ സമാധിസ്ഥലവും ഉണ്ട്. 


ധ്യാന ഹാൾ 

എല്ലാ ജീവജാലങ്ങളും രമണാശ്രമത്തിൽ ഒരുപോലെ 



       ആശ്രമത്തിൽ  കുറേ സമയം ചെലവഴിച്ച ശേഷം ഞങ്ങൾ സ്കന്ദാശ്രമവും വിരൂപാക്ഷ ഗുഹയും കാണുവാൻ യാത്രയായി. ആശ്രമത്തിനു പുറകിലൂടെയുള്ള വഴിയിലൂടെ മല കയറി വേണം സ്കന്ദാശ്രമത്തിലേക്കും വിരൂപാക്ഷ ഗുഹയിലേക്കും പോവാൻ.1916 മുതൽ 1922 വരെ ഭഗവാൻ രമണ മഹർഷി താമസിച്ചിരുന്നത് സ്കന്ദാശ്രമത്തിലായിരുന്നു. കുറേ അധിക സമയത്തെ നടത്തത്തിന് ശേഷം ഞങ്ങൾ സ്കന്ദാശ്രമത്തിലെത്തി. കഠിനമായ കയറ്റം തന്നെ. തീർത്ഥാടകർ  കുടിവെള്ളം കയ്യിൽ കരുതുന്നത് നന്നായിരിക്കും. അരുണാചല പർവതത്തിന്റെ വശ്യമായ ഒരു ഭാഗത്താണ് സ്കന്ദാശ്രമം. ആശ്രമത്തിനു ചുറ്റും വള്ളിപ്പടർപ്പുകൾകൊണ്ടും മരങ്ങൾ കൊണ്ടും തണൽ മൂടിയിരിക്കുന്നു. അവിടെ അധികം തിരക്ക് അനുഭവപ്പെട്ടില്ല. ഞങ്ങളെക്കൂടാതെ വേറെ അഞ്ചാറു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധാനിക്കാൻ പറ്റിയ അന്തരീക്ഷം. ആശ്രമത്തിന്റെയുള്ളിൽ കടന്നു. മൂന്നുനാലു പേർ അവിടിരുന്നു ധ്യാനിക്കുണ്ട്. കുറച്ചു സമയം ഞാനും അവരോടൊപ്പം കൂടി. വളരെ ചെറിയ ഒരു പഴയ നിർമ്മിതിയാണിത്. ശാന്ത സുന്ദരമായ ആശ്രമവും പരിസരവും. എത്ര നേരം സമയം ചെലവഴിച്ചാലും മടുപ്പ് അനുഭവപ്പെടില്ല. 






വിരൂപാക്ഷ ഗുഹയിലേക്കുള്ള വഴിയിൽ 




സ്കന്ദാശ്രമത്തിലേക്കുള്ള യാത്രക്കിടയിൽ ഒരു സെൽഫി. താഴെ അരുണാചലം ക്ഷേത്രം.





സ്കന്ദാശ്രമം



       സ്കന്ദാശ്രമത്തിനു താഴെയാണ് വിരൂപാക്ഷഗുഹ. രമണ മഹർഷി 1899 മുതൽ 1916 വരെ ഇവിടെ താമസിച്ചിരുന്നു. സന്യാസിയായിരുന്ന ശ്രീ.വിരൂപാക്ഷന്റെ സമാധി ഇവിടെയാണ്. നല്ല ഇരുട്ടാണ് ഗുഹക്കുള്ളിൽ. അതിനകത്തു കടന്നു കുറച്ചു കഴിഞ്ഞാണ് അവിടെയും ആൾക്കാർ ധ്യാനത്തിലിരുപ്പുണ്ടെന്നു കണ്ടത്.  കൂടുതലും വിദേശികൾ. കുറച്ചു സമയം കഴിഞ്ഞു ഗുഹക്കുള്ളിൽ നിന്നും പുറത്തു കടന്നു. ഗുഹാമുറ്റത്ത് കല്ലുകൾ കെട്ടി ഇരിക്കുവാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ഞങ്ങൾ കുറച്ചു സമയം അവിടെയിരുന്നു. അവിടെ ഒരമ്പരപ്പിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു. ഒരു വിദേശ യുവതി പെട്ടെന്ന് ഗുഹക്കുള്ളിലേക്കു കടന്നു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ ഒരു കൈക്കുഞ്ഞുമായി പുറത്തേക്കു വന്നു. ആ കുട്ടി എന്തൊക്കെയോ വെപ്രാളങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. സുഖമില്ലാത്ത കുട്ടിയാണെന്ന് തോന്നി. ഞങ്ങൾ ഗുഹക്കുള്ളിൽ കടന്നപ്പോൾ ഇരുട്ട് മൂലം കുട്ടിയെ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷെ ആത്മീയ വഴികളിലൂടെ കുഞ്ഞിന്റെ വ്യാധി മാറ്റുവാനായിരിക്കണം ആ 'അമ്മ കുഞ്ഞിനെ കൊണ്ടുവന്നത്. മനുഷ്യബന്ധങ്ങൾ ലോകത്തെവിടെയും ഒരുപോലെയാണല്ലോ.
   


വിരൂപാക്ഷ ഗുഹ 


വിരൂപാക്ഷ ഗുഹക്കു മുൻപിൽ



   വിരൂപാക്ഷ ഗുഹയിൽ നിന്നും മറ്റൊരു വഴിയിലൂടെ ഞങ്ങൾ മെയിൻ റോഡിലെത്തി. അവിടെനിന്നും ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ റൂമിലെത്തി. ചെറിയൊരു മയക്കത്തിന് ശേഷം കുളിച്ചു ഫ്രഷ് ആയി അരുണാചലേശ്വരനെ ദർശിക്കുവാനായി ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങളുടെ ലോഡ്ജിൽ മുഴുവനും വിദേശികൾ തന്നെ. അവരിൽ ചിലരുമായി പരിചയപ്പെട്ടു. ചിലർ ദിവസങ്ങളോളം ഇവിടെ താമസിച്ചു ധ്യാനവും ക്ഷേത്രദര്ശനവുമായി കഴിച്ചു കൂട്ടുന്നു. പലർക്കും വലിയ ആത്മീയാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സന്ധ്യയോടെ ക്ഷേത്ര ദര്ശനത്തിനായുള്ള ക്യൂവിൽ സ്ഥാനം പിടിച്ചു. പൗർണമി ദിവസമായതിനാൽ നല്ല തിരക്കുണ്ട്. വളരെ പ്രസിദ്ധമായ ക്ഷേത്രമാണിത്. പഞ്ചഭൂത ലിംഗങ്ങളിൽ അഗ്നിലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭഗവാൻ രമണ മഹർഷിയുടെ ഗുരുവാണ് സാക്ഷാൽ അരുണാചലേശ്വരൻ.  അരുണാചല മാഹാത്മ്യത്തിൽ ഇങ്ങനെ പറയുന്നു. " ചിദംബര ദർശനം കൊണ്ടും തിരുവാരൂരിൽ ജനനം കൊണ്ടും കാശിയിൽ മരണം കൊണ്ടും മോക്ഷം ലഭിക്കുമെങ്കിൽ അരുണാചലത്തെ പറ്റിയുള്ള ചിന്ത തന്നെ മോക്ഷം കൊണ്ടുവരും". ദർശനത്തിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിനു പുറത്തെ റോഡിലെത്തി. ഗിരിവലം ചെയ്യുന്ന ഭക്തരെക്കൊണ്ട് റോഡ് നിറഞ്ഞിരുന്നു. ഏകദേശം ഉച്ച കഴിയുമ്പോൾ മുതൽ ഗിരിവലം ആരംഭിക്കും. അപ്പോഴേക്കും വാഹനഗതാഗതം പൂർണമായും നിർത്തിവെക്കും. രാജേഷ് ഗിരിവലം ചെയ്യാനുള്ള തീരുമാനമെടുത്തു. ഞാനും വർമ്മയും പിൻവലിഞ്ഞു. രണ്ടു ദിവസമായുള്ള പുറംവേദന കാരണം കൂടുതൽ നടക്കാൻ ബുദ്ധുമുട്ടു തോന്നി. രാത്രി ഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ചു ഞങ്ങൾ മുറിയിലെത്തി. തിരികെ മുറിയിലേക്ക് വരുന്ന വഴി മുഴുവൻ ആൾകാരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഗിരിവലം ചെയ്യാൻ രാത്രിയാണ് പറ്റിയ സമയം. ക്ഷീണമുണ്ടാവില്ല. ഏകദേശം 14 കിലോമീറ്റർ നടക്കണം ഗിരിപ്രദക്ഷിണം ചെയ്യാൻ.


അരുണാചല ഗിരി, ലോഡ്ജിൽ നിന്നുള്ള ദൃശ്യം




ഗിരി വലം ആരംഭം 


 രാത്രി പത്തു മണിയോടെ രാജേഷ് ഗിരിവലം ചെയ്യുവാനായി പോയി. ഞങ്ങൾ രണ്ടുപേരും ഉറങ്ങാൻ കിടന്നു. വെളുപ്പിനെപ്പോഴോ രാജേഷ് തിരികെ റൂമിലെത്തി. നേരം വെളുത്ത് തന്റെ യാത്രാനുഭവത്തെ പറ്റി രാജേഷ് വിവരിച്ചപ്പോൾ ഗിരിപ്രദക്ഷിണം ചെയ്യാൻ സാധിക്കാഞ്ഞതിൽ എനിക്കും വർമക്കും വിഷമം തോന്നി. ഉച്ചയോടു കൂടി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. കാട്പാടിയിൽ നിന്നുമാണ് തിരികെ ട്രെയിന് ബുക്ക് ചെയ്തിരിക്കുന്നത്. കാട്പാടിയിലെത്തി വൈകുന്നേരത്തെ  തിരുവനന്തപുരം മെയിലിൽ നാട്ടിലേക്ക്.

2016, ജൂൺ 7, ചൊവ്വാഴ്ച

തിരുപ്പതി വഴി ശ്രീകാള ഹസ്തിയിലേക്ക്

         തിരുപ്പതിയിലേക്കുള്ള എൻറെ രണ്ടാമത്തെ യാത്രയാണിത്. ആദ്യ തവണ ഞാനും അനിയനും പിന്നെ ഞങ്ങളുടെ  സുഹൃത്ത് വയനാട്ടിൽ നിന്നുള്ള സിബിലുമൊരുമിച്ചായിരുന്നു. ഇപ്പോഴത്തെ യാത്രക്ക് ഒരു പ്രത്യേകതയുള്ളത് ഇത്തവണ തല മുണ്ഡനം ചെയ്യുക എന്നുള്ള ഉറച്ച തീരുമാനമാണ്. കഴിഞ്ഞ തവണ ചെയ്യാൻ ബാക്കി വച്ചത്. അങ്ങനെ ഞങ്ങൾ മൂന്നു പേർ, ഞാൻ എൻറെ പ്രിയ സുഹൃത്ത് വർമയെന്ന നരേന്ദ്രവർമ്മ പിന്നെ നന്ദൻ. രാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ശബരി എക്സ്പ്രെസ്സിൽ ഞങ്ങൾ മൂവരും യാത്രയാരംഭിച്ചു. മുൻകൂട്ടി റിസേർവ് ചെയ്തിരുന്നതിനാൽ യാത്ര ബുദ്ധിമുട്ടുണ്ടാക്കിയില്ല. രാത്രി ഏകദേശം 12.30  ഓടെ ഞങ്ങൾ തിരുപ്പതിയിലെത്തി. തിരുപ്പതിയിൽ നിന്നും ശ്രീ വെങ്കടാചലപതിയുടെ സന്നിധിയിലേക്ക് ഇരുപത്തിനാലു കിലൊമീറ്റെർ ദൂരമുണ്ട്. ഏഴു മലകളുടെ അധിപനാണ് ശ്രീ ബാലാജി. ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, ആന്ജനാദ്രി, വൃഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിവയാണ് ആ ഏഴു മലകൾ.  ഈ ഏഴു മലകൾ ഭഗവാൻ ആദി ശേഷന്റെ ഏഴു തലകൾ ആണെന്നു സങ്കല്പം. അതിനാൽ തിരുമലക്ക് ശേഷാചലം എന്നും പേരുണ്ട്. തിരുപ്പതിയിൽ എത്തിയപ്പോൾ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ഇത്തവണ വാഹന സൗകര്യം ഉപയോഗിക്കാതെ കാൽ നടയായി തിരുമലയിൽ എത്തുക. ആദ്യമൊന്നു ശങ്കിച്ചെങ്കിലും നടക്കുവാൻ തന്നെ തീരുമാനിച്ചു. തിരുപ്പതിയിൽ നിന്നും തിരുമലയിലെത്താൻ വാഹന സൗകര്യം ധാരാളമുണ്ട്. റോഡ്‌ ട്രാൻസ്പോർട്ട് കോർപറേഷന്റെ  ബസുകൾ കൂടാതെ തിരുപ്പതി ദേവസ്വം വക ഫ്രീ ബസ് സർവീസുമുണ്ട്. ശബരിമലക്ക് പോകുവാൻ നമ്മുടെ ആന കോർപറേഷൻ അമിത കൂലിയാണ് ഈടാക്കുന്നതെന്ന് കൂടി ഇവിടെ കുറിക്കട്ടെ.



      തിരുമലക്ക് നടന്നു കയറാൻ രണ്ടു വഴികളുണ്ട്. ഒന്ന് ആലിപിരിയിൽ നിന്നും തുടങ്ങുന്നത്. ഇത് പതിനൊന്നു കിലോമീറ്റെർ ദൂരമുണ്ട്. ശ്രീവാരി മെട്ടു എന്നറിയപ്പെടുന്ന മറ്റേ  വഴി ശ്രീനിവാസ മങ്ങപുരം എന്ന സ്ഥലത്ത് നിന്നുമാണ്  തുടങ്ങുന്നത്.  ഇത് ആറു കിലോമീറ്റർ ദൂരമുണ്ട്.   തിരുപ്പതി റെയിൽവേ സ്റ്റെഷനിൽ നിന്നും നാല് കിലൊമീറ്റെർ ദൂരം യാത്ര ചെയ്‌താൽ ആലിപിരി എന്ന സ്ഥലത്തെത്താം.  ഞങ്ങൾ ആലിപിരിയിൽ നിന്നും നടക്കാമെന്ന് തീരുമാനിച്ചു.  തീർഥാടകരുടെ ലഗേജുകൾ സൂക്ഷിക്കാൻ ഇവിടെ ദേവസ്വം വക സൌകര്യമുണ്ട്. (ഇവിടെ സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന ലഗേജുകൾ രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ തന്നെ തിരുമലയിൽ എത്തുന്നതാണ്. അവിടെ നിന്നും ടിക്കറ്റ് കാണിച്ചു അവ നമുക്ക് വാങ്ങാവുന്നതാണ്). ഏകദേശം പതിനൊന്നു കിലൊമീറ്റെർ ദൂരമുണ്ട് ആലിപിരിയിൽ നിന്നും തിരുമല വരെ നടന്നു കയറുവാൻ എന്ന് മുൻപ് പറഞ്ഞല്ലോ. ഈ ദൂരമത്രയും പടികൾ കെട്ടിയും മേൽക്കൂരയുണ്ടാക്കിയും തീർത്ഥാടകർക്ക്സൗകര്യമൊരുക്കിയിട്ടുണ്ട്. അതുകൊണ്ട് വെയിലു കൊള്ളുമെന്നും മഴ നനയുമെന്നും പേടി വേണ്ട. തിരുമല തിരുപ്പതി ദേവസ്വം ഇക്കാര്യത്തിൽ സ്തുത്യർഹമായ സേവനമാണ് ചെയ്തിരിക്കുന്നതെന്ന് പറയാതെ വയ്യ. ഏകദേശം നാല് മണിക്കൂറെങ്കിലും എടുക്കും കാൽനട യാത്രക്ക്. പ്രത്യേകമോർക്കുക ഇത് ഓരോരുത്തരുടെയും ഫിറ്റ്നെസ്സ് അനുസരിച്ചിരിക്കും.









          വഴിനീളെ  തീർഥാടകർക്ക് വേണ്ട എല്ലാ സൌകര്യങ്ങളും തിരുപ്പതി ദേവസ്വം ഒരുക്കിയിട്ടുണ്ട്. ടോയിലെറ്റുകൾ, കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയെല്ലാം ധാരാളം. ഭഗവാൻ മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളുടെയും പ്രതിമകൾ ഇടയ്ക്കിടെ കാണാം. കുറെ പടികൾ കയറി ചെന്നാൽ 'ഗലി ഗോപുരം' കാണാം. ഇവിടെ കാൽനട തീർഥാടകർക്ക് പ്രത്യേക രെജിസ്ട്രേഷൻ കൌണ്ടർ ഉണ്ട്. ഇവിടെ നിന്നും ബയൊമെറ്റ്രിക് വിവരങ്ങടങ്ങിയ ടിക്കെറ്റ് എടുത്തു. കാൽനടയായി ദർശനത്തിനെത്തുന്നവർക്ക് ഈ ടിക്കറ്റ്‌ ഉപയോഗിച്ചു ശീഘ്ര ദർശനം നടത്താം. ഭാഗ്യം. നെടുനീളൻ ക്യുവിൽ നിന്ന് ബുദ്ധിമുട്ടെണ്ടല്ലോ. ഗലി ഗോപുരത്തിനടുത്തായി ധാരാളം കടകളുണ്ട്. വെള്ളവും മറ്റു സ്നാക്ക്സും അവിടെ കിട്ടും.കുറച്ചു സമയം വിശ്രമിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. ഗലിഗോപുരം കഴിഞ്ഞു കുറച്ചു ദൂരം അത്ര കയറ്റമില്ല. വഴിയിൽ ഒരു ഡീർ പാർക്ക് കണ്ടു. പൂർവ്വ ഘട്ട മലനിരകളുടെ ഭാഗമാണ് ശേഷാചലം. വെങ്കടേശ്വര നാഷണൽ പാർക്കിലൂടെയാണ് ഞങ്ങൾ നടന്നു കയറിക്കൊണ്ടിരിക്കുന്നത്. ഇവിടെ ധാരാളം വന്യ മൃഗങ്ങൾ ഉണ്ട്. ഇതൊരു ബയോസ്ഫിയർ റിസർവ് കൂടെയാണ്. ഡീർ പാർക്കിൽ നിന്ന് മാനുകളുടെ കുറച്ചു ഫോട്ടോയെടുത്തു. കാടിനുള്ളിലൂടെയാണ് യാത്ര. അങ്ങനെ ഇടയ്ക്കിടെ വിശ്രമിച്ചും നടന്നും ഞങ്ങൾ വലിയൊരു ആഞ്ജനേയ പ്രതിമക്കു മുന്നിലെത്തി. ഇതാണ് ശ്രീ പ്രസന്ന ആഞ്ജനേയ സ്വാമി പ്രതിമ. ഞങ്ങളുടെ യാത്ര രാത്രിയിൽ ആയിരുന്നതിനാൽ വന്യ ഭംഗി ശരിക്കും ആസ്വദിക്കാനായില്ല. രാവിലെ നാലര അഞ്ചു മണിയോടെ ആലിപിരിയിൽ നിന്നും യാത്ര ആരംഭിക്കുകയാണെങ്കിൽ കാനന കാഴ്ചകൾ ഒട്ടൊക്കെ ആസ്വദിക്കാനാവും. ആഞ്ജനേയ പ്രതിമ കഴിഞ്ഞു കുറച്ചു കൂടി ചെന്നാൽ ഒരു ടിക്കെറ്റ് കൗണ്ടർ കൂടി കാണാം. ഇവിടെ നമുക്ക് മുൻപ് ലഭിച്ച ടിക്കെറ്റ് സ്റ്റാമ്പ് ചെയ്തു വാങ്ങണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമുക്ക് സ്പെഷ്യൽ ദർശനത്തിനുള്ള അവസരം നഷ്ടമാകും. കാൽനടയായി തന്നെ കയറി എന്ന് ഉറപ്പിക്കാനാണ് ഈ സ്റ്റാമ്പു ചെയ്യൽ എന്ന് തോന്നി. ഇവിടെ നിന്നും പിന്നെ വാഹനങ്ങൾ പോകുന്ന റോഡിന്റെ ഓരത്തു കൂടിയാണ് നടപ്പാത. ഇത് ഏകദേശം ഒരു കിലോമീറ്റെർ ദൂരമുണ്ട്. ഇത് കഴിഞ്ഞു കുത്തനെയുള്ള ആയിരത്തോളം പടികൾ കൂടി കയറേണ്ടതുണ്ട്. ഈ ഒൻപത് കിലോമീറ്റെർ യാത്രയിൽ ആകെ 3550 പടികൾ ചവിട്ടേണ്ടതുണ്ട്. ആദ്യ രണ്ടായിരത്തോളം പടികൾ വളരെ പതുക്കെ വിശ്രമിച്ചു കയറുന്നതാണ് നല്ലത്. കാരണം അല്ലെങ്കിൽ നമ്മൾ പെട്ടെന്ന് ക്ഷീണിച്ചു പോകും.


ശ്രീ പ്രസന്ന ആഞ്ജനേയ സ്വാമിയുടെ അരികെ 








         അങ്ങനെ ഞങ്ങൾ ഏകദേശം നാല് മണിക്കൂറ് കൊണ്ട് തിരുമല ബാലാജി സന്നിധിയിലെത്തി. ഇവിടെ കാൽനടയായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന ഉണ്ട്. സൗജന്യ താമസ സൗകര്യം, സൗജന്യ ആഹാരം, സൗജന്യമായി തല മുണ്ഡനം, ലോക്കർ സൗകര്യം എന്നിവ ലഭ്യമാണ്. ഞങ്ങൾ മൂന്നു പേരും തല മുണ്ഡനം ചെയ്യുവാനായി ക്യുവിൽ നിന്നു. ക്യുവിൽ കുറെ അധിക സമയം നില്ക്കേണ്ടി വന്നു. ഇവിടുത്തെ സെക്യൂരിറ്റിക്കാരുടെ പെരുമാറ്റം കുറച്ചു വിഷമിപ്പിച്ചു. ഇവിടുന്നു കിട്ടിയ ആദ്യത്തേതും അവസാനത്തേതുമായ ദുരനുഭവം. അങ്ങനെ ഞങ്ങൾ തല മുണ്ഡനം ചെയ്യുന്ന സ്ഥലത്തെത്തി. വലിയ താമസമുണ്ടായില്ല. തല മുണ്ഡനം ചെയ്തു കുളിച്ചു ശുദ്ധിയായി സാധനങ്ങൾ ലോക്കെറിൽ വച്ചു പൂട്ടി ഞങ്ങൾ ഫ്രീ ദർശനത്തിനായുള്ള ക്യുവിൽ സ്ഥാനം പിടിച്ചു. ദർശനം പല വിധത്തിലാണ്. കാൽനടക്കാർക്കുള്ള ദിവ്യ ദർശൻ, സാധാരണ ഭക്തർക്കുള്ള സർവ ദർശൻ (ഇതും സൌജന്യമാണ് ) പിന്നെ ശീഘ്ര ദർശൻ (ഇതിനു 300 രൂപയുടെ ടിക്കെറ്റ് എടുക്കണം. എന്തോ കാശു കൊടുത്ത് ദൈവത്തെ കാണുന്ന സമ്പ്രദായം അത്ര നന്നായി തോന്നിയില്ല. ഇക്കാര്യത്തിൽ നമ്മുടെ കേരളത്തിലെ ക്ഷേത്രങ്ങൾ തന്നെ ഭേദം  ) പക്ഷെ എല്ലാ ക്യുവും ശ്രീ ബാലാജി സവിധത്തിൽ എത്തുമ്പോൾ ഒന്നായി തീരും. ക്യുവെന്നു പറഞ്ഞാൽ നമ്മൾ ശബരിമലയിലും മറ്റും കാണുന്നതുപോലെ മുഷിപ്പിക്കുന്ന രീതിയിലല്ല. ക്യു കൊമ്പ്ലെക്സുകൾ നിർമ്മിച്ചിട്ടുണ്ട്. അവിടെ ഓരോ മുറികളിൽ കുറച്ചു പേരെ കയറ്റിയ ശേഷം അടക്കും. എന്നിട്ട് തൊട്ടടുത്ത മുറിയിലെ ആൾക്കാർ ഒഴിയുമ്പോൾ തുറന്നു അവിടേക്ക് കയറ്റും. ഇവിടെയെല്ലാം തന്നെ ഇരിക്കുവാനുള്ള സൌകര്യമുണ്ട്. നല്ല തിരക്കുണ്ടായിരുന്നു. ഏകദേശം ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് ദർശനം സാധ്യമായി. ശ്രീ ബാലാജിയെ കൺ കുളിർക്കെ കണ്ട ശേഷം ഞങ്ങൾ പ്രസാദം (ലഡ്ഡു) വാങ്ങാനായി പോയി. കാൽനടയായി ദർശനം നടത്തിയ ടിക്കെറ്റ് കാണിച്ചാൽ ഒരു ലഡ്ഡു സൗജന്യമായി ലഭിക്കും.(തിരുപ്പതി ലഡ്ഡുവിനു ഭൗമ സൂചിക ടാഗ് (Geographical indication Tag) ലഭിച്ചിട്ടുണ്ട്) പ്രസാദവും വാങ്ങി ഞങ്ങൾ  ആഹാരം ഊട്ടുപുരയിൽ നിന്നും കഴിച്ചു. ഉച്ചയോടെ ശ്രീ കാളഹസ്തിയിലേക്ക് പോകുവാനായി തിരുപ്പതിയിലേക്ക് മലയിറങ്ങി. കാളഹസ്തിയിലാണ് ഞങ്ങൾ താമസിക്കുവാനായി മുറി ബുക്ക് ചെയ്തിരിക്കുന്നത്.

കാളഹസ്തിയിലേക്ക്

    ശ്രീ കാളഹസ്തി ക്ഷേത്രം തിരുപ്പതിയിൽ നിന്നും 36 കിലോമീറ്റർ അകലെയാണ്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണിത്. പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വായു ലിംഗമാണിവിടുത്തെ  പ്രതിഷ്ഠ. പഞ്ച ഭൂത സ്ഥലങ്ങളിൽ പെട്ട മറ്റു ക്ഷേത്രങ്ങൾ ഇവയാണ്. കാഞ്ചീപുരത്തെ എകാംബരേശ്വര ക്ഷേത്രം (പൃഥി ലിംഗം) തിരുവണകവെലിലെ ജംബുകേശ്വര ക്ഷേത്രം (ജംബു ലിംഗം) തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രം (അഗ്നി ലിംഗം) ചിദംബരത്തെ നടരാജ ക്ഷേത്രം (ആകാശ ലിംഗം)   രാഹു കേതു പൂജക്ക്‌ പ്രസിദ്ധമാണ് ഈ ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ അകത്തെ ക്ഷേത്രം പണിയുകയും പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാർ പുറത്തെ ക്ഷേത്രം പണിയുകയും ചെയ്തു. കഴിഞ്ഞ തവണ വന്നപ്പോൾ പുറത്തെ വലിയ രാജഗോപുരം തകർന്ന സമയമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ്  വിജയ നഗര രാജാവായിരുന്ന  ശ്രീകൃഷ്ണദേവരായർ പണി കഴിപ്പിച്ച രാജഗോപുരമാണ് 2010 മെയ്‌ 26 ന് തകർന്നു വീണത്. ഒറീസ്സയിലെ ഗജപതി രാജാക്കന്മാരെ തോൽപ്പിച്ചതിന്റെ സ്മാരകമായിട്ടാണ് ഇത് പണി കഴിച്ചത്. ഇപ്പോൾ ഈ രാജഗോപുരം പുനർ നിർമ്മിക്കുന്നുണ്ടെന്നു കേട്ടു.  പൂർവ്വ  ഘട്ട മലനിരകളിൽ നിന്നുല്ഭവിക്കുന്ന സ്വർണമുഖി നദി ഇതിനടുത്ത് കൂടിയാണ് ഒഴുകുന്നത്‌. ശ്രീ കാളഹസ്തി എന്ന പേരിനു പിന്നിൽ ഒരൈതിഹ്യമുണ്ട്. ഭഗവാൻ ശിവന്റെ ഭക്തരായിരുന്ന ഒരു ചിലന്തി (ശ്രീ) ഒരു സർപ്പം (കാള) ഒരു ആന (ഹസ്തി) എന്നിവരുടെ പേര് ചേർത്താണ് ഈ സ്ഥലപ്പെരുണ്ടായത് എന്നാണ് ഐതിഹ്യം. ഇവർ മൂവരും ചേർന്ന് ശിവലിംഗത്തെ സംരക്ഷിക്കുന്നു എന്ന് സങ്കല്പം.


ശ്രീകാളഹസ്തിക്ഷേത്രം


തകർന്ന രാജഗോപുരാവശിഷ്ടങ്ങൾക്കരികെ ശ്രീ കൃഷ്ണദേവരായരുടെ പ്രതിമ 

സ്വർണ്ണമുഖി നദി

       ക്ഷേത്രത്തിന് സമീപം തന്നെ ഞങ്ങൾ ഒരു ഹോട്ടലിൽ മുറിയെടുത്തു. വർമ്മ സർ നേരത്തേ തന്നെ ബുക്ക്‌ ചെയ്തിരുന്നു. ഹോട്ടലിൽ നിന്നും പത്തു മിനിട്ട് നടന്നാൽ ക്ഷേത്രത്തിലെത്താം. ഒന്ന് വിശ്രമിച്ച ശേഷം കുളിച്ചു ശുദ്ധി വരുത്തി ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു.  ശ്രീ കാള ഹസ്തി  ക്ഷേത്രം രാഹു കേതു പൂജക്ക്‌ പ്രസിദ്ധമാണെന്ന് പറഞ്ഞുവല്ലോ. രാഹു കേതു ദോഷത്തിനും സർപ്പ ദോഷത്തിനും വിശേഷാൽ പൂജകൾ ഇവിടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ളവർ ഇവിടെ പൂജക്കായി എത്തുന്നു. ഇവിടെയും പൂജക്ക്‌ വിവിധ നിരക്കുകളാണ്. 300 രൂപ 750 രൂപ 1500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. 300 രൂപയുടെയും 750 രൂപയുടെയും പൂജകൾ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിനു പുറത്തും 1500 രൂപയുടേത് ക്ഷേത്രത്തിനുള്ളിൽ വച്ചും നടത്തുന്നു! കാശ് കൂടുതലുള്ളവർക്ക് കൂടുതൽ മോക്ഷം കുറഞ്ഞവന് കുറഞ്ഞ മോക്ഷം. കാശില്ലാത്ത ഭക്തനാനെണെങ്കിൽ ദോഷം മാറ്റാൻ പറ്റില്ല എന്നർത്ഥം. ദൈവത്തിനും പാവങ്ങളെ വേണ്ട. ഒരു പക്ഷെ മനുഷ്യരുടെ ഈ കൃത്യങ്ങൾക്ക് പാവം ദൈവം എന്തു പിഴച്ചു?

   രാഹുകാലത്ത് നടത്തുന്ന പൂജയാണ് കൂടുതൽ ഫലപ്രദം. ശ്രീ കാള ഹസ്തീശ്വരനെ തൊഴുത് ഞങ്ങൾ ക്ഷേത്രത്തിനു പുറത്തെത്തി. പുറത്ത് ക്ഷേത്രത്തോടു ചേർന്ന് പടിഞ്ഞാറേ ഗോപുരത്തിന് സമീപം പാതാള ഗണപതിയുടെ പ്രതിഷ്ഠയുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഗണപതിയുടെ വിഗ്രഹം  ഒരു ഗർത്തത്തിൽ ആണ് സ്ഥാപിച്ചിട്ടുള്ളത്. പടികൾ ഇറങ്ങി വേണം ദർശനം നടത്തുവാൻ. ഒരു സമയം ഒന്നോ രണ്ടോ പേർക്കു മാത്രമേ ദർശനം സാധ്യമാവു. ഇത് വളരെ കൌതുകകരമായ ഒരനുഭവമായിരുന്നു. മനുഷ്യൻ ശല്യപ്പെടുത്തുന്നത് കൊണ്ടാവാം ദൈവം കുഴിയിൽ ഏകനായിരിക്കുന്നത് എന്ന് തോന്നി. കഴിഞ്ഞ തവണ വന്നപ്പോൾ ഞങ്ങൾ തൊട്ടടുത്തുള്ള സ്വർണമുഖി നദീതീരത്തു പോയിരുന്നു. കൂടാതെ ക്ഷേത്രത്തിന് അഭിമുഖമായിട്ടുള്ള മലയുടെ മുകളിലുള്ള ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.  ക്ഷേത്ര ദർശനമെല്ലാം കഴിഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങുവാനായി കാളഹസ്തിയിൽ നിന്നും തിരുപ്പതിയിലേക്ക് ബസ് കയറി. തിരുപ്പതിയിൽ നിന്നും കാട്പാടിയിലേക്ക് അവിടെ നിന്നും ട്രെയിനിൽ നാട്ടിലേക്ക്.

(ഞാൻ രണ്ടു തവണയായി പോയപ്പോഴുള്ള ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. രാത്രിയിൽ എടുത്ത ചിത്രങ്ങൾക്ക് മിഴിവ്  കുറവാണ്)
       

2016, മേയ് 12, വ്യാഴാഴ്‌ച

മൂന്നാർ, ചിന്നാർ, മറയൂർ യാത്ര

മൂന്നാർ, ചിന്നാർ, മറയൂർ യാത്ര

    പുലർച്ചെ നാല് മണിയോടെ ട്രെയിനിൽ ആലുവ സ്റ്റെഷനിൽ വന്നിറങ്ങുമ്പോൾ ഞങ്ങളെ കാത്ത് അരവിന്ദും രമേശും അവിടെയുണ്ടായിരുന്നു. ഇനിയുള്ള രണ്ടു ദിവസത്തെ കാനന യാത്രയിൽ അവരും ഞങ്ങളോടോപ്പമുണ്ട്. രണ്ടു പേരെയും എനിക്ക് മുൻപരിചയമില്ലെങ്കിലും അടുത്ത് കണ്ടപ്പോൾ തീർത്തും അപരിചിതത്വം തോന്നിയില്ല. പ്രഭാത കർമങ്ങൾ സ്റെഷനിലെ പരിമിത സൌകര്യത്തിൽ നിർവഹിച്ച് ഓരോ കട്ടൻ ചായ കഴിച്ച ശേഷം ബസ് സ്ടാണ്ടിലേക്ക് നടന്നു. കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ അഞ്ചു പേരാണ് മൂന്നാർ സന്ദർശിക്കാനെത്തിയത്. എന്നോടൊപ്പം ജോസ് സർ, മനോജ്‌ എന്നിവരാണ് തിരുവനന്തപുരത്ത് നിന്നുമെത്തിയത്. 

       നവംബർ മാസമായിരുന്നതിനാൽ പ്രഭാതത്തിന് തണുപ്പ് കൂടുതലായിരുന്നു. ഞങ്ങൾ മൂന്നാർ ബസിൽ യാത്ര ആരംഭിച്ചു. ബസ് നീങ്ങുന്നതിനോപ്പം തണുപ്പ് അധികരിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന ഷാൾ കൊണ്ട് നന്നായി പുതച്ചു. ചെറുതായി ഒന്ന് മയങ്ങി. നല്ല സുഖമുള്ള ഒരു പ്രഭാതം. ബസ് കുറച്ചു സമയത്തെ യാത്രക്ക് ശേഷം അടിമാലിയിൽ എത്തി. ചായ കുടിക്കുവാനായി അല്പ്പസമയം നിർത്തി. ഹൈറേഞ്ചു കയറാൻ തുടങ്ങുകയാണ്. തണുപ്പും കൂടി വരുന്നുണ്ട്. തണുപ്പ് മാറ്റുവാൻ ഞങ്ങളും ഓരോ ചൂട് ചായക്ക്‌ ഓർഡർ ചെയ്തു. വീണ്ടും മലമടക്കിലൂടെ കോടമഞ്ഞിനെ കീറിമുറിച്ച് മൂന്നാർ ലക്ഷ്യമാക്കി ബസ് പാഞ്ഞു. ആലുവയിൽ നിന്നും മൂന്നാറിലേക്ക് നൂറ്റി പതിനഞ്ച് കിലൊമീറ്റെർ ദൂരമുണ്ട്. മൂന്ന് ആറുകളുടെ (പുഴകളുടെ) സ്ഥലമായതിനാലാണ് മൂന്നാർ എന്ന പേര് വന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയാണ് ആ പുഴകൾ. ബ്രിട്ടീഷ്‌  ഭരണ കാലത്ത് തേയില കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യ കാലത്ത് തമിഴ് നാട്ടുകാരും ചുരുക്കം മലയാളികളുമാണ് അവിടെ താമസിച്ചിരുന്നത്. ബ്രിട്ടീഷ്‌ കാരായ ഉദ്യോഗസ്ഥന്മാർക്ക് വേണ്ടി പണി കഴിപ്പിച്ച പല ബംഗ്ലാവുകളും ഇപ്പോഴുമവിടെയുണ്ട്.

 ഒൻപത് മണിയോടെ ഞങ്ങൾ മൂന്നാറിലെത്തി. അവിടെ ഫോറെസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിലായിരുന്നു പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്.   ഫോറെസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒരു കുന്നിന്റെ മുകളിലാണ്. അവിടെ നിന്നും താഴേക്കു നോക്കിയാൽ മൂന്നാർ ടൌണിന്റെ ഒരു ഭാഗം കാണാം. നല്ല മൂടൽമഞ്ഞ് പ്രഭാത സൌന്ദര്യത്തിനു മാറ്റ് കൂട്ടിയിരുന്നു. അതിനിടയിലൂടെ സൂര്യ കിരണങ്ങൾ സ്വർണ രശ്മികളായി ചിതറുന്ന കാഴ്ച അവർണനീയമാണ്.തലേന്ന് രാത്രി മഞ്ഞു പെയ്തതിന്റെ ബാക്കി പത്രമായി ചെടികളും  പൂക്കളും ഹിമകണങ്ങൾ കൊണ്ട് പൊതിഞ്ഞിരുന്നു. ഗസ്റ്റ് ഹൌസിൽ കുളിക്കാൻ ചൂടുവെള്ളവും കുളിരകറ്റാൻ ഫയർ പ്ലയ്സുമുണ്ട്. തണുപ്പ് കൂടിയ ഹിൽസ്ടഷനുകളിൽ വീടുകളിൽ പഴയ കാലത്ത് തണുപ്പ് അകറ്റുവാനായി വിറകു കൂട്ടി കത്തിക്കുവാനായി ഫയർ പ്ലയ്സുകൾ ഒരുക്കിയിരിക്കും. ചൂട് വെള്ളത്തിൽ ഒരു കുളി പാസാക്കി. യാത്രാ ക്ഷീണമെല്ലാം പമ്പ കടന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഇരവികുളം നാഷണൽ പാർക്ക് കാണുവാനായി യാത്രയായി.


      മുന്നാർ ടൌണിൽ നിന്നും ഏകദേശം ഒൻപത് കിലൊമീറ്റെർ ദൂരമുണ്ട് ഇരവികുളം നാഷണൽ പാർക്കിലേക്ക്. വരയാടുകളുടെ (Nilgiri Tahr ) ഒരു സംരക്ഷണ കേന്ദ്രമാണ് ഇരവികുളം നാഷണൽ പാർക്ക്. സ്വകാര്യ വാഹനങ്ങൾക്ക് ഇങ്ങോട്ടേക്കു പ്രവേശനാനുമതിയില്ല . വനം വകുപ്പിൻറെ വാഹനത്തിൽ സഞ്ചാരികളെ ഇവിടേയ്ക്ക് കൊണ്ടുവരും. 1975 ൽ ആണ് പാർക്ക് സ്ഥാപിതമായത്. പിന്നീട് 1978 ൽ ഇത് ഒരു നാഷണൽ പാർക്ക് ആയി ഉയർത്തുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്കാണിത്. ഇരവികുളം നാഷണൽ പാർക്കിനടുത്തു തന്നെയാണ് കുറിഞ്ഞിമല സാഞ്ചുരി. ഇത് യുനെസ്കോ യുടെ വേൾഡ് ഹെരിറ്റെജ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീല കുറിഞ്ഞിയുടെ  സംരക്ഷണ കേന്ദ്രമാണിത്.



 കണ്ണൻ ദേവൻ ഹിൽസിൽ ആണ് മൂന്നാർ. തേയില തോട്ടങ്ങളുടെ നാട്. നിരയായ കുന്നിൻ മുകളിലുള്ള പച്ച പട്ടു വിരിച്ച മാതിരിയുള്ള തേയില തോട്ടങ്ങൾ കാണാൻ നല്ല ഭംഗി തന്നെ. പക്ഷെ അതിനായി എത്രയോ ഏക്കർ വന ഭൂമി നശിപ്പിച്ചു കാണണം. പിന്നെ കണ്ട ദുഖകരമായ കാഴ്ച ഈ തോട്ടങ്ങളിലെ കീടനാശിനി പ്രയോഗമാണ്. മോട്ടോർ ഘടിപ്പിച്ച സ്പ്രയർ ഉപയോഗിച്ചാണ് വിഷപ്രയോഗം. ഈ ചായ ആണെല്ലോ നമ്മൾ ദിവസവും രാവിലെ കുടിക്കുന്നത് എന്നോർത്തുപോയി.
 മാട്ടുപ്പെട്ടി  ഇൻഡോ സ്വിസ്സ് ലൈവ് സ്റ്റൊക് ഫാം




         ഇരവികുളം പാർക്ക് സന്ദർശിച്ചശേഷം ഞങ്ങൾ കുണ്ടള ഡാം, ടോപ്‌ സ്റ്റേഷൻ എന്നിവയും സന്ദർശിച്ചു. മാട്ടുപ്പെട്ടിയിൽ ഒരു ഇൻഡോ സ്വിസ്സ് ലൈവ് സ്റ്റൊക് ഫാം ഉണ്ട്. ഫാം സന്ദർശിക്കാൻ മൃഗ സംരക്ഷണ വകുപ്പിൽ നിന്നുമുള്ള മുൻ‌കൂർ അനുവാദം ആവശ്യമാണ്. ഞങ്ങൾ ഫാം വിശദമായി കണ്ടു.


മറയൂർ ശർക്കര നിർമ്മാണം

          പിന്നീട് ഞങ്ങൾ മറയൂർ ചന്ദനക്കാട് കാണുവാൻ യാത്രയായി. ലോക പ്രസിദ്ധമാണ് മറയൂർ ചന്ദനം. ചന്ദന മോഷണം പതിവാണെങ്കിലും കുറെയെങ്കിലും മരങ്ങൾ വനം വകുപ്പ് സംരക്ഷിച്ചു വരുന്നുണ്ട്. മറയൂർ ശർക്കര ഉണ്ടാക്കുന്ന പല സ്ഥലങ്ങളും കണ്ടു. നാട്ടിലേക്ക് കൊണ്ടുപോകാനായി കുറച്ചു വാങ്ങുകയും ചെയ്തു. ഈ യാത്രയിൽ മൂന്നാറിലെ തനതായ പഴ വർഗങ്ങളും പച്ചക്കറികളും വഴിയോരങ്ങളിൽ വില്പ്പനക്കായി പല സ്ഥലങ്ങളിലും വച്ചിരിക്കുന്നത് കാണാം. ഒരുതരം പാഷൻ ഫ്രൂട്ട് ഞങ്ങൾ വാങ്ങി. നല്ല മധുരം. നാട്ടിലുള്ളതുപോലെ പുളി അധികമില്ല. കുറച്ചു വാങ്ങി. നാട്ടിലെത്തി അതിന്റെ വിത്ത്‌ പാകി. പക്ഷെ ഒരെണ്ണം പോലും മുളച്ചില്ല. മൂന്നാറിലെ കാലാവസ്ഥ നമുക്ക് ഇവിടെ കൊണ്ടുവരാൻ പറ്റില്ലെല്ലോ.
     
           ഇനി ചിന്നാർ വന്യജീവി സങ്കേതം കാണണം. പശ്ചിമ ഘട്ടത്തിന്റെ തമിഴ് നാടിനോട് ചേർന്ന ഭാഗത്താണ് ചിന്നാർ വന്യജീവി സങ്കേതം. ധാരാളം സസ്യ, ജീവികളാൽ സമ്പന്നമാണ് ഇവിടം. അപൂർവമായി കാണപ്പെടുന്ന ചാമ്പൽ മലയണ്ണാൻ, കാട്ടുപോത്ത്, ആന, പുള്ളിപ്പുലിയോടും വലിയ പൂച്ചയോടും സാദൃശ്യമുള്ള  പട്ടിപ്പുലി എന്നിവയും ധാരാളമായി ഇവിടെയുണ്ട്.   ചിന്നാർ വന്യജീവി സന്കേതത്തിനുള്ളിലൂടെ തമിഴ് നാട്ടിലെ  ഉദുമല്പെട്ടിലെക്കു റോഡു പോകുന്നുണ്ട്. ഇതുവഴി കുറച്ചുനാൾ മുൻപ് പഴനിയിലേക്ക് യാത്ര പോയ അനുഭവം എന്റെ അനിയൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ വന്യമൃഗങ്ങളെ കാണാം.

      രാത്രി താമസിക്കുവാനായി ഞങ്ങൾ തെരഞ്ഞെടുത്തത് ചിന്നാർ കാട്ടിനുള്ളിൽ വനം വകുപ്പിന്റെ വശ്യപ്പാറ ഹട്ട്  ആണ്. വനം വകുപ്പിന്റെ ചിന്നാർ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നിന്നും പാമ്പാർ പുഴ മുറിച്ചു കടന്നു ചമ്പക്കര  ട്രൈബൽ വില്ലേജ് വഴി  കാട്ടിലൂടെ ഏകദേശം  ആറ് കിലൊമീറ്റെർ വനത്തിലൂടെ നടന്നു വേണം വശ്യപ്പാറ ഹട്ടിലെത്താൻ.  മുതുവാൻ വിഭാഗത്തിൽ പെട്ട ആദിവാസികളാണ് ഇവിടെയുള്ളത്. ഇവിടെ നിന്നുമുള്ള രണ്ടു ഫോറെസ്റ്റ് വാച്ചർമാരാണ് ഇന്ന് രാത്രി ഞങ്ങൾക്കൊപ്പം ഹട്ടിൽ കൂട്ടിനുള്ളത്. അവർ ഞങ്ങൾക്ക് രാത്രി ഭക്ഷണം പാകം ചെയ്യുവാനുള്ള സാമഗ്രികളും വെള്ളവും മറ്റുമായി മുൻപേ നടന്നു. ഈ യാത്രയിൽ ധാരാളം പക്ഷികളെ കണ്ടു. കൂടെയുള്ള ജോസ് സർ അവയുടെ ഫോട്ടോയെടുക്കുന്നതിൽ അതീവ താല്പര്യം കാണിക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെ കയറ്റവും ഇറക്കവുമായി കുറെ നടന്നതിനു ശേഷം ഞങ്ങൾ വൈകുന്നേരം നാലരയോടെ വശ്യപ്പാറ ഹട്ടിലെത്തി. ചിന്നാർ കാടിനുള്ളിലൂടെയുള്ള ഈ യാത്രയിൽ അത്യാവശ്യമായും കുടിവെള്ളം കരുതേണ്ടതാണ്. അതുപോലെതന്നെ അത്യാവശ്യ ലഗേജെ ഉണ്ടാകാവു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഒരു ദിവസം രാത്രി മുഴുവൻ വന്യ മൃഗങ്ങൾ ഉള്ള  കാട്ടിൽ  താമസിക്കുന്നതിന്റെ ത്രില്ലിൽ യാത്ര വലിയ മടുപ്പുണ്ടാക്കിയില്ല. ഹട്ടിനു ചുറ്റും കിടങ്ങ് കുഴിച്ചും സോളാർ വേലി സ്ഥാപിച്ചും സുരക്ഷിതമാക്കിയിട്ടുണ്ട്.

വശ്യപ്പാറ ഹട്ടിലേക്കുള്ള വഴി 






                                                               വശ്യപ്പാറ ഹട്ട്




         ഒരു ഉയർന്ന ഭാഗത്താണ് ഹട്ട്. ഇവിടെ നിന്നും താഴേക്കു നോക്കിയാൽ വനത്തിന്റെ ഒരു വിഹഗ വീക്ഷണം കിട്ടും. ഹട്ടിന്റെ മുൻവശം  തമിഴ്നാട് ദർശനമായിട്ടും ബാക്കി മൂന്നു ഭാഗവും കേരളവുമാണ്. ഹട്ടിന്റെ മുൻവശം ഏകദേശം നൂറടി താഴ്ചയാണ്. ഈ ഭാഗമാണ് ചിന്നാർ വന്യ ജീവി സങ്കേതത്തിന്റെ കോർ ഏരിയ എന്ന് പറയാം. . വന്യ മൃഗങ്ങളെ ധാരാളമായി കാണുവാൻ സാധിക്കുന്നതും ഈ ഭാഗത്താണ്. അത്ര ഇടതൂർന്ന വനമല്ലാത്തതിനാൽ വന്യ മൃഗങ്ങളുണ്ടെങ്കിൽ വളരെ പെട്ടെന്ന് കാണുവാൻ കഴിയും. ആനക്കൂട്ടങ്ങളെയും കാട്ടുപോത്തിനെയും ധാരാളമായി കണ്ടു. കൂട്ടത്തിൽ ഒറ്റയാനായ ഒരു കാട്ടുപോത്തിനെയും കണ്ടു. കയ്യിൽ കരുതിയിരുന്ന ബൈനോക്കുലർ ദൂരെയുള്ളവയെ വ്യക്തമായി കാണുവാൻ സഹായിച്ചു. പറമ്പിക്കുളം പോലെ തന്നെ സഞ്ചാരികൾക്ക് വന്യ മൃഗങ്ങളെ കൂടുതലായി കാണുവാൻ കഴിയുന്ന സ്ഥലമാണ് ചിന്നാർ. ഞങ്ങൾ ഹട്ടിനു പുറകിലൂടെ മുകളിലേക്ക് നടന്നു. കൂടെ വാചർമാരും. വന്യ മൃഗങ്ങളുടെ സാമിപ്യം വളരെ പെട്ടെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ ദിവസങ്ങളിലെന്നോ ഇവിടെ വച്ച് ഒരു ആനയുടെ ഫോട്ടോ എടുക്കുന്നതിനിടയിൽ ഒരു സായിപ്പിനെ ആന ഓടിച്ചു കിടങ്ങിലിട്ട കഥ അവർ പറഞ്ഞു. കേട്ടപ്പോൾ ചെറിയ ഒരു നടുക്കമുണ്ടായി. ചൂട് മാറാത്ത ആന പിണ്ഡം വഴികളിൽ കണ്ടു. ഞങ്ങൾ വഴി മാറി നടന്നു. കായ്ച്ചു നില്ക്കുന്ന നെല്ലി മരങ്ങൾ ധാരാളമായി കണ്ടു. കുറെയധികം നെല്ലിക്ക പെറുക്കി. കുറച്ചു സമയത്തെ നടത്തത്തിനു ശേഷം ഞങ്ങൾ ഹട്ടിൽ തിരികെയെത്തി. കൂടെയുള്ള വാചർമാർ ഭക്ഷണം പാകം ചെയ്യുവാനും മറ്റുമായി തൊട്ടടുത്തുള്ള വാച്ചർ ഹട്ടിലേക്ക് പോയി. സമയം ആറ് മണിയായി. താഴത്തെ വന കാഴ്ചകൾ മങ്ങി തുടങ്ങി. മൃഗങ്ങളുടെ ഗർജനങ്ങൽ അവിടവിടെയായി കേൾക്കാം. ജീവിതത്തിൽ ഇത്തരം ഒരനുഭവം ഒരിക്കലുമുണ്ടായിട്ടില്ല. കാട്ടിൽ വന്യ മൃഗങ്ങൾക്ക് നടുവിൽ ഒരു രാത്രി. പക്ഷികൾ കൂടണയാനായി ഒച്ച വെച്ച് പറന്നു പോകുന്നു. അവിടവിടെയായി ചേക്കേറിയിരിക്കുന്ന പക്ഷികൾ വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പട്ടണ വാസികളായ നമുക്ക് അന്യമായ കാടിന്റെ ശുദ്ധമായ സംഗീതം. ഇത് അനുഭവിച്ചു തന്നെ അറിയണം. കൂടെയുള്ള വാചർമാർ കാട്ടു കമ്പുകളും മറ്റും പെറുക്കി തീ കൂട്ടാനരംഭിച്ചു. മനോജും ഞാനും അവരോടൊപ്പം കൂടി. ഇങ്ങനെ തീ കൂട്ടുന്നത്‌ കൊണ്ട് ഒരു ഗുണമുണ്ട്. വന്യ മൃഗങ്ങൾ അകന്നു നില്ക്കും. തീയ്ക്കു ചുറ്റുമായി കൂടിയിരുന്ന് ഞങ്ങൾ ഓരോ കപ്പ്‌ ചായ കുടിച്ചുകൊണ്ട് യാത്രാവിശേഷങ്ങൾ പങ്കു വെച്ചു.


മൂന്നാർ , ഞാൻ വാട്ടർ കളറിൽ വരച്ചത്



                                       വശ്യപ്പാറ, ഞാൻ വാട്ടർ കളറിൽ വരച്ചത്

             എട്ടു മണിയോടെ ഞങ്ങൾക്കുള്ള ഭക്ഷണം റെഡിയായി. ഭക്ഷണം കഴിക്കുവാനായി വാച്ചർമാരും ഞങ്ങളോടൊപ്പം കൂടി. കാടിനു നടുവിൽ തീയ്ക്കു ചുറ്റുമായി കൂടിയിരുന്ന് ഒരത്താഴം. വളരെ രസകരമായ ഒരനുഭവം. അത്താഴവും വെടിപറച്ചിലും  കഴിഞ്ഞ് രാത്രി പത്തു മണിയോടെ ഞങ്ങൾ കിടക്കുവാൻ ഹട്ടിലേക്ക് കയറി. ഹട്ടിന് രണ്ടു മുറികളുണ്ട്. രണ്ടിലും മുളകളിലും തടിയിലുമായി ഉറപ്പിച്ചു നിർത്തിയ കട്ടിൽ പോലെയുള്ള സംവിധാനത്തിൽ കട്ടിയുള്ള മെത്ത വിരിച്ച് കിടക്കുവാൻ തയ്യാറാക്കിയിട്ടുണ്ട്. ഒരു കട്ടിലിൽ രണ്ടു പേർക്ക് സുഖമായി ഉറങ്ങാം. യാത്രാ ക്ഷീണത്താൽ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വീണു. രാത്രിയുടെ നിശബ്ദതയെ ഭംജിച്ചുകൊണ്ട് അപ്പോഴും വന്യമൃഗങ്ങളുടെ മുരൾച്ചയും ചീവീടിന്റെ ശബ്ദവും രാക്കിളികളുടെ സംഗീതവും കേൾക്കാമായിരുന്നു. രാത്രിയിലെപ്പോഴോ ഉണർന്നു. വാച്ചിലേക്ക് നോക്കി. സമയം മൂന്നു മണി. നേരം പുലരാൻ ഇനിയും സമയമുണ്ട്. നല്ല തണുപ്പുണ്ട്. വീണ്ടും മൂടി പുതച്ചു കിടന്നു. പുലർച്ചെ അഞ്ചു മണിക്കു തന്നെ ഉണർന്നു. പുറത്തു നേരിയ നിലാവെളിച്ചമുണ്ട്. അഞ്ചരയോടെ പുറത്തു ചൂരൽ കസേരയിൽ വന്നിരുപ്പായി. അവിടവിടെ ഇരുട്ടിൽ രത്നക്കല്ലുകൾ തിളങ്ങുന്നതുപോലെ കണ്ടു. ഹട്ടിനു ചുറ്റും രാത്രിയിൽ പട്ടിപ്പുലികളെ കണ്ടിട്ടുണ്ടെന്ന് തലേന്ന് വാച്ചർ ബാബു പറഞ്ഞത് ഓർമ വന്നു. പെട്ടെന്നു തന്നെ അകത്തേക്ക് പോയി.

                                     വശ്യപ്പാറ ഹട്ടിൽ നിന്നുള്ള പ്രഭാത കാഴ്ച


                                     



   രാവിലെ ആറു മണി ആയപ്പോഴേക്കും ശരിക്കും പുലർവെട്ടം വീണു കഴിഞ്ഞു. ഹട്ട് നില്ക്കുന്നത് കിഴക്ക് അഭിമുഖമായിട്ടാണ്. ദൂരെ പ്രഭാത സൂര്യൻ മൂടൽ മഞ്ഞിനിടയിലൂടെ സ്വർണ്ണ രശ്മികൾ വിതറിത്തുടങ്ങി. കാടിനുള്ളിലെ പുലർകാഴ്ചകൾ അതിമനോഹരം തന്നെ. ഹട്ടിനോട് ചേർന്ന് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനും കുളിക്കുവാനും മറ്റുമായി ഒരു ബാത്ത്റൂം നിർമ്മിച്ചിട്ടുണ്ട്. ഞാനും മനോജും ചുറ്റുപാടും ഒന്ന് നടന്നു കാണാമെന്നു കരുതി ഇറങ്ങി. തലേന്ന് രാത്രിയിലെപ്പോഴോ ചാറ്റൽ മഴ പെയ്തിട്ടുണ്ട്. പെട്ടെന്നു താഴെ മണ്ണിൽ പതിഞ്ഞ ചില കാൽപ്പാടുകൾ ശ്രദ്ധിച്ചു. പുലിയുടെതെന്നു തോന്നിക്കുന്ന കാൽപ്പാടുകൾ. അവ പുലിയുടെ കാൽപ്പാടുകൾ തന്നെയാണെന്ന് വാച്ചർ ബാബു പറഞ്ഞു. ദൈവമേ ! ഇന്നലെ രാത്രി ഇവർ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നല്ലോ എന്ന കാര്യം ഓർത്തപ്പോൾ നടുക്കം തോന്നി. രാവിലെ എട്ടു മണിയായപ്പോഴേക്കും ഞങ്ങൾ മടക്ക യാത്രക്ക് തയ്യാറായി. വീണ്ടും കയറ്റങ്ങളും ഇറക്കങ്ങളും നടന്നു പുഴയോരത്തെത്തി. പാമ്പാർ പുഴയാണ്. കണ്ണാടി പോലെ തെളിഞ്ഞ വെള്ളം. പുഴ നിറയെ ഉരുളൻ പാറകൾ. പുഴയോരത്തായി കാട്ടുമരങ്ങൾ പൂത്തു നില്ക്കുന്ന കാഴ്ച മനോഹരം തന്നെ. ഒൻപതരയോടെ ഞങ്ങൾ യാത്ര പുറപ്പെട്ട ഫോറെസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എത്തി. അവിടെ വച്ച് ഞങ്ങളോടോപ്പമുണ്ടായിരുന്ന വാച്ചർമാർ വിട പറഞ്ഞു. നല്ല ആഥിധേയർ. എല്ലാവരും കുളിച്ചു റെഡിയായി മൂന്നാറിലേക്ക് യാത്രയായി. മൂന്നാറിലെത്തി ഉച്ചഭക്ഷണവും കഴിഞ്ഞു നാട്ടിലേക്കുള്ള സൂപ്പർഫാസ്റ്റ് പിടിച്ചു. രാത്രി വൈകി വീട്ടിലെത്തി. ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി ഉറങ്ങാൻ കിടന്നു.