ഇത് ഓർമ്മയിൽ നിന്നും എഴുതുന്നതാണ്. എന്നാൽ കഥയല്ല. നടന്ന സംഭവം തന്നെ. ഈ സംഭവം നടക്കുമ്പോൾ എന്റെ പക്കൽ ക്യാമറ ഇല്ലായിരുന്നത് കാരണം ദൃശ്യവൽക്കരിക്കുവാൻ കഴിഞ്ഞിട്ടില്ല.
ഇനി കാര്യത്തിലേക്കു കടക്കാം. 1992-93 കാലം. ഡിഗ്രി പഠനമൊക്കെ കഴിഞ്ഞു ഒരു ഇടവേള. അങ്ങനെയിരിക്കെ പത്രത്തിൽ ഒരു വാർത്ത. പൊതുജന പങ്കാളിത്തത്തോടെ വന്യമൃഗങ്ങളുടെ കണക്കെടുക്കുന്നു. ഒന്നും ആലോചിച്ചില്ല. ഉടൻ തന്നെ വാർത്തയിൽ കണ്ട വിലാസത്തിൽ അപേക്ഷിച്ചു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അതാ കേരളാ വനം വകുപ്പിൽ നിന്നും ഒരു കത്ത്. താല്പര്യമുണ്ടെങ്കിൽ യഥാർത്ഥ കണക്കെടുപ്പിനു മുന്നോടിയായി ഒരു ട്രെയിനിങ് തേക്കടിയിൽ വച്ചു നടത്തുന്നു. അതിൽ പങ്കെടുക്കാൻ. ഇതേ സമയം തന്നെ ഈ പരിപാടിക്കായി എന്റെ അയൽവാസിയും സുഹൃത്തുമായ ശ്രീ. തുളസിയും അപേക്ഷ നൽകിയിരുന്നു. അദ്ദേഹത്തെയും ട്രെയിനിങ്ങിനായി തേക്കടിയിലേക്കു വിളിച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങൾ വന്യമൃഗ കണക്കെടുപ്പിന്റെ ട്രെയിനിങ്ങിനായി തേക്കടിയിലേക്കു പുറപ്പെട്ടു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയാണ്. തേക്കടിയിലെത്തി അവിടെ വനം വകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ളാവിലായിരുന്നു താമസവും പരിശീലനവും. ഞാനുൾപ്പെടെ ഏകദേശം പത്തു മുപ്പത് പേര് വന്നിട്ടുണ്ടായിരുന്നു. മുന്ന് ബാച്ചായിട്ടായിരുന്നു പരിശീലനം. മൃഗങ്ങളെ തിരിച്ചറിയുന്ന വിധം, അവ കൂടുതലായി കാണപ്പെടുന്ന സ്ഥലം, അവയുടെ ആഹാര രീതി, കടുവയുടെയും മറ്റും കാൽപാട് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് പതിച്ചെടുക്കുന്ന രീതി, ആൺ പെൺ വ്യത്യാസം മനസ്സിലാക്കൽ തുടങ്ങി അത്യാവശ്യം വേണ്ട സംഗതികളെല്ലാം തന്നെ ഈ രണ്ടു ദിവസങ്ങൾക്കുള്ളിൽ പഠിപ്പിച്ചു. തേക്കടി വനത്തിനുള്ളിലൂടെ പരിശീലനത്തിന്റെ ഭാഗമായുള്ള യാത്ര അതീവ ഹൃദ്യവും അതിലേറെ അത്ഭുതവുമായിരുന്നു. ധാരാളം വന്യമൃഗങ്ങളെ അതിന്റെ ആവാസവ്യവസ്ഥയിൽ വച്ചു തന്നെ കാണുവാൻ കഴിഞ്ഞു. എന്റെ ജീവിതത്തിൽ അത്തരമൊരു അനുഭവം ആദ്യമായിരുന്നു.പരിശീലനമെല്ലാം കഴിഞ്ഞു ഞങ്ങൾ നാട്ടിൽ മടങ്ങിയെത്തി. കണക്കെടുപ്പ് ദിവസം അറിയിക്കാം എന്ന് പറഞ്ഞിരുന്നു. എന്തായാലും പരിശീലനത്തിന്റെ അവസാന ദിവസം വനം വകുപ്പുകാർ പറഞ്ഞ ഒരു കാര്യം ഞങ്ങളിൽ ആശങ്കയുണ്ടാക്കി. അതായത് വന്യ മൃഗങ്ങളുടെ കണക്കെടുപ്പ് അത്യന്തം അപകടം നിറഞ്ഞ ഒരു പരിപാടിയാണെന്നും അതുകൊണ്ടുതന്നെ യഥാർത്ഥ കണക്കെടുപ്പിൽ പങ്കെടുക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ ആയിരിക്കുമെന്നും ഞങ്ങളോട് പറഞ്ഞിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാൽ വനം വകുപ്പോ കേരളാ ഫോറസ്ററ് റിസേർച് ഇന്സ്ടിട്യൂട്ടോ ഉത്തരവാദികളായിരിക്കുകയില്ല. ഇതെല്ലാം പിന്നീട് ഒരു മുദ്രപ്പത്രത്തിൽ ഞങ്ങളിൽ നിന്നും എഴുതി വാങ്ങി. നാട്ടിലെത്തി എന്റെ സുഹൃത്ത് തുളസി ഇനി കണക്കെടുപ്പിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ പ്രത്യേകിച്ച് ഒരു തീരുമാനമെടുത്തില്ല.
അങ്ങനെ ദിവസങ്ങൾ കുറെ കഴിഞ്ഞു. നിനച്ചിരിക്കാതെ ഒരു ദിവസം വനം വകുപ്പിൽ നിന്നും അറിയിപ്പ് കിട്ടി. റാന്നി ഡി.എഫ്.ഓ യുടെ ഓഫീസിലെത്താനാണ് നിർദ്ദേശം. എന്തായാലും ഞാൻ പോകാമെന്നു തന്നെ തീരുമാനിച്ചു. അമ്മയോട് എന്തോ കളവു പറഞ്ഞു ഞാൻ യാത്രയായി. റാന്നി ഡി.എഫ്.ഓ ഓഫീസിലെത്തി. അവിടെ ഞാൻ മാത്രമേ എത്തിയിട്ടുള്ളൂ. അങ്ങനെ ഉച്ചയായപ്പോഴേക്കും രണ്ടു പേര് കൂടിയെത്തി. ഏഴു ദിവസമാണ് കണക്കെടുപ്പ് പരിപാടി. ഡി.എഫ്.ഓ. കാര്യങ്ങൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. ഒരു കണക്കെടുപ്പുകാരന്റെ കൂടെ ഒരു ഫോറെസ്റ് ഗാർഡ്. ഞങ്ങൾക്ക് കണക്കെടുക്കേണ്ട സ്ഥലവും പറഞ്ഞു തന്നു. എനിക്ക് കണമല ഫോറസ്ററ് സ്റ്റേഷനിൽ എത്തണം. അവിടെനിന്നും കാട്ടിലൂടെ കുറെ നടന്നു വേണം യഥാർത്ഥ സെൻസസ് പോയിന്റിൽ എത്താൻ. കണമല വരെ എന്നെയും കൂടെയുള്ള മറ്റു രണ്ടു ഗ്രൂപ്പിനെയും ജീപ്പിൽ കൊണ്ടാക്കി. അവിടെ നിന്നും ഞങ്ങൾ മൂന്നായി പിരിഞ്ഞു. ഞാനും എന്നോടൊപ്പമുള്ള ഫോറസ്ററ് ഗാർഡ് ബാബുവും കാട്ടിനുള്ളിലെ ട്രൈബൽ സെറ്റിൽമെന്റിലേക്ക് നടന്നു. സമയം ഏകദേശം വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു. ഏകദേശം അഞ്ചരയോടെ ഞങ്ങൾ രണ്ടുപേരും ട്രൈബൽ സെറ്റിൽമെന്റിൽ എത്തിച്ചേർന്നു. അവിടെ കാടിന്റെ ഓരത്തായി പമ്പയാറിനോട് ചേർന്ന് ഞങ്ങൾ താൽക്കാലിക ടെന്റ് ഉയർത്തി. ഒരാഴ്ചത്തേയ്ക്കുള്ള അരിയും മറ്റു പലവ്യഞ്ജനങ്ങളും ഞങ്ങൾ കരുതിയിരുന്നു. ആഹാരം ഉണ്ടാക്കാനും മറ്റുമായി അടുത്തുള്ള ആദിവാസി കോളനിയിൽ ഏൽപ്പിച്ചു. പമ്പാനദി കളകളാരവം മുഴക്കി വശ്യമനോഹരമായി ഒഴുകുന്നതിന്റെ അടുത്തു തന്നെയാണ് ഞങ്ങളുടെ താൽക്കാലിക കൂടാരം. കൂടാരമടിച്ച ശേഷം ഞാൻ പമ്പാ നദിയിലേക്കിറങ്ങി. ആഴം കുറഞ്ഞു വിശാലമായി ഒഴുകുന്ന പമ്പ. നദിയിൽ നിറയെ പാറക്കൂട്ടങ്ങൾ. പാറക്കൂട്ടങ്ങൾക്കിടയിയൂടെ വളഞ്ഞു പുളഞ്ഞു കലപില ശബ്ദമുണ്ടാക്കി അവളെങ്ങനെ ഒഴുകുന്നു. എത്രസമയം കണ്ണാടി സമാനമായ ആ തെളിനീരിൽ കിടന്നാലും മതിവരില്ല.
സമയം സന്ധ്യയായി. ഞാൻ കുളി കഴിഞ്ഞു ടെന്റിലെത്തി. അപ്പോഴേക്കും ഞങ്ങൾക്കുള്ള ചായ റെഡിയായിരുന്നു. അതിരാവിലെ തന്നെ മൃഗങ്ങളെ തേടിയിറങ്ങണം. പ്രഭാതമാണ് കണക്കെടുപ്പിനു പറ്റിയ സമയം. ഓരോ മൃഗങ്ങളുടെയും കണക്കെഴുതാൻ വ്യത്യസ്ത നിറങ്ങളുള്ള ഡാറ്റ ഷീറ്റുകൾ കരുതിയിരുന്നു. കൂടാതെ കടുവയുടെ കാൽപാടെടുക്കാൻ പ്ലാസ്റ്റർ ഓഫ് പാരീസ്, വടക്കു നോക്കി യന്ത്രം, വെട്ടുകത്തി എന്നിവയും ഞങ്ങൾ കരുതിയിരുന്നു. ആദ്യ ദിവസം ആന, രണ്ടാം ദിവസം കാട്ടുപോത്ത്, മൂന്നാം ദിവസം മാനുകൾ, നാലാം ദിവസം മ്ലാവ്, കരടി, അഞ്ചാം ദിവസം കടുവ, പുലി, ആറാം ദിവസം മറ്റു മൃഗങ്ങൾ, ഏഴാം ദിവസം എടുത്ത കണക്കുകൾ ക്രോഡീകരിക്കൽ എന്നിങ്ങനെയായിരുന്നു പരിപാടി. അത്താഴം കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടന്നു. സത്യത്തിൽ ഒരു ധൈര്യത്തിലായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്. ആ രാത്രിയോടെ മനസ്സിൽ ചെറിയ ഭീതി നിറഞ്ഞു തുടങ്ങി. അതിരാവിലെ തന്നെ ഞങ്ങൾ കണക്കെടുപ്പിനിറങ്ങി. എന്റെ കൂടെയുള്ള ഫോറസ്ററ് ഗാർഡ് ബാബുവിന് ഈ പരിപാടിയിൽ അത്ര താല്പര്യം ഉള്ളതായി തോന്നിയില്ല. തുടക്കം മുതലേ ഒരു സഹകരണമില്ലായ്മ അനുഭവപ്പെട്ടു. ആദ്യദിവസം കുറെ നടന്നിട്ടും ആനയെ ഒന്നും കാണാനായില്ല. എന്നാൽ ധാരാളം മാനുകളെയും മ്ലാവിനെയും കണ്ടു. പുഴയുടെ ഓരത്തും ചതുപ്പ് സ്ഥലങ്ങളിലുമാണ് കൂടുതലായി മൃഗങ്ങളെ കാണുവാൻ കഴിയുക. കാട്ടുപന്നി, മുള്ളൻ പന്നി, കൂര മാൻ (Musk deer ) തുടങ്ങിയ മൃഗങ്ങളെയും മയിൽ, വേഴാമ്പൽ തുടങ്ങി പക്ഷികളെയും കണ്ടു. അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു. ഉച്ചക്ക് ഏകദേശം പതിനൊന്നര പന്ത്രണ്ട് മണിയോടെ ഞങ്ങൾ ടെന്റിൽ മടങ്ങിയെത്തി.
ഉച്ചക്ക് പുഴയിലിറങ്ങി നന്നായൊന്നു കുളിച്ചു. തിരികെ ടെന്റിലെത്തി. ബാബുവുമായി കൂടുതലായി പരിചയപ്പെട്ടു. കോട്ടയമാണ് ടിയാന്റെ സ്ഥലം. ഫോറസ്ററ് ഗാർഡായി ജോലി കിട്ടിയിട്ട് അധിക നാളായില്ല. ഉന്നത ബിരുദ ധാരിയാണ്. ഈ ജോലിയിലെ അപകട സാധ്യതയെ പറ്റിയും മറ്റും വിശദമായി സംസാരിച്ചു. കൂട്ടത്തിൽ കാട്ടിൽ തനിക്കു നേരിട്ട അനുഭവങ്ങളും സംസാരവിഷയമായി. ബാബുവിന്റെ വിവരണത്തിൽ നിന്നും എന്റെ മനസ്സിൽ നിന്നും മാറി നിന്ന ഭയം വീണ്ടും തലപൊക്കി. അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു. രണ്ടാം ദിവസവും അതിരാവിലെ തന്നെ കാടിന്റെയുള്ളിലേക്കിറങ്ങി. വഴിക്കുവച്ചു കാട്ടിൽ വിറകു ശേഖരിക്കാൻ പോകുന്ന ചില ആദിവാസികളെ കണ്ടു. ഞങ്ങൾ പോകുന്ന വഴിയിൽ ഒരു കരിങ്കൂളി കൂടു കെട്ടി അടയിരിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകി. ആ വഴിക്കു പോകേണ്ട എന്നും പറഞ്ഞു. ഈ കരിങ്കൂളി എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ എന്റെ സംശയം കൂടെയുള്ള ഗാർഡിന്റെയടുത്തു ചോദിച്ചു. രാജവെമ്പാലക്കാണ് ആദിവാസികൾ കരിങ്കൂളി എന്ന് പറയുന്നത്. കരിങ്കൂളിക്ക് തലയിൽ പൂവുണ്ടെന്നും അടുത്തു ചെന്നാൽ അത് ആക്രമിക്കും എന്നും അവർ കൂട്ടിച്ചേർത്തു. രാജവെമ്പാലയെ ഞാൻ ഇതുവരെയായും നേരിട്ട് കണ്ടിട്ടില്ല. പക്ഷെ രാജവെമ്പാലയുടെ തലയിൽ പൂവുള്ളതായി എനിക്ക് അറിവില്ല. ഉള്ളിൽ ഭയമുണ്ടെങ്കിലും അതൊന്നു കാണണമെന്ന് തോന്നി. എന്റെ ആഗ്രഹം ഞാൻ ബാബുവിന്റെയടുത്തു പറഞ്ഞു. ബാബു എന്നെ പിന്തിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു. ഒടുവിൽ എന്റെ ആഗ്രഹത്തിന് വഴങ്ങി. ഞങ്ങൾ രാജവെമ്പാല കൂടു കെട്ടിയിരിക്കുന്ന മുളംകാടിനടുത്തേക്കു നടന്നു. ദൂരെ ഒരു ഉയർന്ന സ്ഥലത്തു നിന്നും ഞങ്ങളാ കാഴ്ച കണ്ടു. കരിയിലകൾ കൂട്ടി രാജവെമ്പാല മുട്ടയ്ക്ക് അടയിരിക്കുന്നു.ആദിവാസികളുടെ വിവരണം പോലെ തലയിൽ പൂവൊന്നും കണ്ടില്ല. പക്ഷേ അതിന്റെ രാജകീയമായ ഇരുപ്പു തന്നെ കാഴ്ചക്കാരിൽ ഭയമുളവാക്കും. അധികസമയം അവിടെ നിന്നില്ല. ഭയം കാരണം നെഞ്ചു മിടിക്കുന്നത് അടുത്തു നിൽക്കുന്ന ആൾക്കു പോലും കേൾക്കാം. പെട്ടെന്ന് അടിക്കാടിനിടയിലൂടെ എന്തോ ഒന്ന് ഞങ്ങൾക്ക് മുന്നിലൂടെ പാഞ്ഞു പോയി. സത്യത്തിൽ നിലവിളിച്ചു പോയി. ഒരു കാട്ടുപന്നി ആയിരുന്നു. ഞങ്ങൾ വേഗം തിരിച്ചു നടന്നു.
മഴക്കാടുകളുടെ രൗദ്രത അതിന്റെ പൂർണതയിൽ ഉള്ള ഒരിടമായിരുന്നു അത്. ചില ഭാഗങ്ങളിൽ ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മാത്രമേ കാണൂ. അടിക്കാടുകളും ധാരാളം. തൊട്ടടുത്ത മൃഗങ്ങളെ പോലും ചിലപ്പോൾ കണ്ടെന്നു വരില്ല.എന്റെ ഭയത്തിനു ആക്കം കൂട്ടി ബാബു ചില കഥകളും പറഞ്ഞു. മരത്തിനു മുകളിൽ പതുങ്ങിയിരിക്കുന്ന കരടികളെ സൂക്ഷിക്കണമെന്നും ചിലപ്പോൾ അവ പെട്ടെന്ന് നമ്മുടെ മുകളിലേക്ക് വീണ് ആക്രമിക്കുമെന്നും പറഞ്ഞു. അങ്ങനെയൊരു കരടിയുടെ ആക്രമണത്തിൽ കൈകൾ നഷ്ടപ്പെട്ട ഒരാദിവാസിയെ എനിക്ക് കാണിച്ചു തരികയും ചെയ്തു. എന്റെയുള്ളിലെ ഭയം അതിന്റെ ഉച്ചസ്ഥായിൽ എത്തി. തിരികെ വീട്ടിലേക്കു പോയാലോ എന്ന് ചിന്തിച്ചു തുടങ്ങി. തിരികെ ക്യാംപിൽ വന്നു. സമയം ഉച്ചയായിരുന്നു. എന്റെ മനസ് അറിഞ്ഞിട്ടെന്നവണ്ണം ബാബു തിരികെ വീട്ടിൽ പോയാലോ എന്ന് ചോദിച്ചു. ബാബുവിന് എങ്ങനെയെങ്കിലും ഇതൊന്നു മതിയാക്കി വീട്ടിൽ പോകണമെന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ മറ്റൊരു വഴിയിലൂടെ കാടിന്റെ മറു ഭാഗത്തെത്തി. കാട്ടിലൂടെ ഏകദേശം എട്ടൊമ്പത് കിലോമീറ്റർ നടന്നു കാണണം. വൈകിട്ട് അഞ്ചുമണിയോടെ ഞങ്ങൾ കുടമുരുട്ടി എന്ന സ്ഥലത്തെത്തി. ക്യാമ്പ് തീരാൻ ഇനിയും മൂന്നു ദിവസം ബാക്കിയുണ്ട്.അഞ്ചരയോടെ റാന്നിയിലേക്കുള്ള ബസ് വന്നു. ഞങ്ങൾ റാന്നിയിലെത്തി. ക്യാമ്പിന്റെ അവസാന ദിവസം ആരുമറിയാതെ ഞങ്ങൾ വന്ന വഴിയേ തന്നെ ക്യാമ്പിലെത്തി പരിപാടി അവസാനിപ്പിക്കാനായിരുന്നു പ്ലാൻ. ഞാൻ രാത്രിയോടെ വീട്ടിലെത്തി. യാത്രാക്ഷീണത്താൽ വേഗം തന്നെ ഉറങ്ങിപ്പോയി. അങ്ങനെ രണ്ടു ദിവസങ്ങൾ കഴിഞ്ഞു. മൂന്നാം ദിവസം നേരത്തെ പ്ലാൻ ചെയ്തതു പോലെ രാവിലെ ഞങ്ങൾ റാന്നിയിൽ ഒരുമിച്ചു. കുടമുരുട്ടിയിൽ എത്തി കാടിനുള്ളിലൂടെ ഉച്ചയോടെ ക്യാമ്പിലെത്തി. ഇത്രയും ഭാഗം ഞങ്ങൾ പ്ലാൻ ചെയ്തതുപോലെ ഭംഗിയായി നടന്നു. ഇനിയാണ് ക്ലൈമാക്സ്. ക്യാംപിലെത്തിയപ്പോൾ അവിടെ ഒരാൾക്കൂട്ടം. വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും ആദിവാസികളുമായി കുറച്ച് ആൾക്കാർ. എന്താണ് സംഭവമെന്നറിയാതെ ഞാൻ പരിഭ്രമിച്ചു. അടുത്തു ചെന്ന പാടെ വനം വകുപ്പിലെ ഓഫീസർമാർ ഫോറസ്ററ് ഗാർഡ് ബാബുവിനോട് ഞങ്ങൾ എവിടെയായിരുന്നു എന്ന് ചോദിച്ചു. ഇന്നലെ രാത്രി മുതൽ അവർ ഞങ്ങളെ അന്വേഷിച്ചു നടക്കുകയായിരുന്നു. ബാബു വലിയൊരു അബദ്ധം കാണിച്ചു. അയാൾക്ക് ഈ സെൻസസ് പരിപാടിയിൽ യഥാർത്ഥത്തിൽ താല്പര്യമില്ലായിരുന്നു. അതിൽനിന്നും രക്ഷപെടാൻ അയാൾ കണ്ടെത്തിയ മാർഗമായിരുന്നു ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം. ക്യാംപിനു പുറപ്പെടുമ്പോൾ അയാൾ ഭാര്യയോട് പറഞ്ഞിരുന്നു അവർക്കു അസുഖം കൂടുതലാണെന്നു കാണിച്ചു ടെലിഗ്രാം അയക്കണമെന്ന്. അവർ അപ്രകാരം ചെയ്യുകയും ചെയ്തു. പക്ഷെ അത് വരുന്നതിനു മുൻപ് തന്നെ ഞങ്ങൾ സ്ഥലം വിട്ടിരുന്നതിനാൽ റാന്നി ഫോറസ്ററ് ഓഫിസിൽ നിന്നും ടെലിഗ്രാം കൊണ്ട് കാട്ടിൽ വന്ന ഫോറസ്റ്റുകാർ ഞങ്ങളെ ക്യാംപിൽ കാണാതെ ഭയപ്പെട്ടു. അവർ കാട് മുഴുവൻ അരിച്ചു പെറുക്കി. തെരച്ചിലിൽ ആദിവാസികളും കൂടി. ഇതായിരുന്നു കഥ. ബാക്കി പറയേണ്ടല്ലോ? ഞാൻ സർക്കാർ ജീവനക്കാരനല്ലായിരുന്നത് കൊണ്ട് എനിക്ക് മറ്റു കുഴപ്പമുണ്ടായില്ല. ബാബുവിനെ കാത്ത് സസ്പെൻഷൻ അടക്കമുള്ള കാര്യങ്ങൾ കാത്തിരിക്കുന്നു. അങ്ങനെ ഒരു വനപർവം കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങിയെത്തി. പിന്നീട് ബാബുവിന്റെ കാര്യമെന്തായി എന്ന് എനിക്ക് അറിവില്ല. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ വന്യമൃഗ സെൻസസിൽ പങ്കെടുത്തതിന് എനിക്ക് സർക്കാരിന്റെ സർട്ടിഫിക്കറ്റ് കിട്ടി. രസകരമായ ആ അനുഭവത്തിന്റെ ഓർമ്മക്കായി അതിന്നും ഞാൻ സൂക്ഷിക്കുന്നു.

2 അഭിപ്രായങ്ങൾ:
വായിച്ചിട്ട് മാമൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കണ്മുൻപിൽ കണ്ടത് പോലെ തോന്നുന്നു.
കൊള്ളാല്ലൊ കാര്യങ്ങൾ അപ്പോൾ നമ്മുടെ വന്യജീവികളുടെ കണക്ക് കിറുകൃത്യം ആയിരിക്കും എന്നു മനസ്സിലായി
എതായാലും വായിച്ചപ്പോൾ ശരിക്കും പങ്കെടുത്ത പോലെ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ